മരിക്കാന്‍ എല്ലാവര്‍ക്കും ഭയമാണ്. ഒരല്‍പകാലം കൂടി കാത്തിരുന്നാല്‍ മരണം എന്ന പ്രതിഭാസം തന്നെ എന്നന്നേക്കുമായി മനുഷ്യനെ വിട്ടുപിരിയുമെന്ന് ശാസ്ത്രം. ശാസ്ത്രവുമായി ബന്ധപ്പെട്ട പ്രവചനങ്ങള്‍ നടത്തുന്ന റെയ്‌മണ്ട് കഴ്സ്‌വീലാണ് മരണം മനുഷ്യകുലത്തെ വിട്ടൊഴിയുമെന്ന് പ്രവചിച്ചിരിക്കുന്നത്. ‘ദ സണ്‍’ ദിനപ്പത്രത്തിലാണ് റെയ്‌മണ്ട് കഴ്സ്‌വീലിന്റെ പ്രവചനമുള്ളത്. ഒട്ടേറെ സാങ്കേതികതകളുടെ കണ്ടുപിടുത്തം പ്രചവിച്ചിട്ടുള്ള റെയ്‌മണ്ട് കഴ്സ്‌വീല്‍ പറഞ്ഞതൊന്നും ഇതുവരെ പിഴച്ചിട്ടില്ല.
‘ദ ഏജ് ഓഫ് ഇന്റലിജന്റ് മെഷീന്‍സ്’ എന്ന പുസ്തകത്തിലൂടെ സോവിയറ്റ് യൂണിയന്റെ പതനം റെയ്‌മണ്ട് പ്രവചിക്കുകയുണ്ടായി. സെല്ലുലര്‍ ഫോണ്‍, ഫാക്സ് മെഷീന്‍ തുടങ്ങിയ സാങ്കേതികവിദ്യകള്‍ സാര്‍വത്രികമാകുന്നതോടെ ഉണ്ടാകുന്ന ഇന്‍ഫര്‍മേഷന്റെ ഒഴുക്കില്‍ സോവിയറ്റ് യൂണിയന്‍ കടപുഴകുമെന്നാണ് റെയ്‌മണ്ട് പ്രവചിച്ചത്. അങ്ങനെ സംഭവിക്കുകയും ചെയ്തു.
റെയ്‌മണ്ട് കഴ്സ്‌വീലിന്റെ ലേഖനത്തില്‍ നിന്നുള്ള പ്രസക്തഭാഗങ്ങള്‍ ഇതാ -
“അടുത്ത ഇരുപത് വര്‍ഷത്തിനുള്ളില്‍ മനുഷ്യശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളെല്ലാം മാറ്റിവയ്ക്കാവുന്ന അവസ്ഥയിലേക്ക് നാനോസാങ്കേതിക പുരോഗമിക്കും. എന്റെ ലേഖനം വായിക്കുന്നവരില്‍ പലരും ഇതൊരു ഭാവനാപ്രവചനമല്ലേ എന്ന് ചോദിച്ചേക്കാം. എന്നാല്‍ ഞാനൊന്ന് ചോദിക്കട്ടെ. പാന്‍ക്രിയാസ് ഗ്രന്ഥി മാറ്റിവയ്ക്കലും ന്യൂറോണ്‍ ഇംപ്ലാന്റുകളും ഇപ്പോള്‍ തന്നെ നിലവിലില്ലേ, നിങ്ങളില്‍ പലരും ഇവ ഉപയോഗപ്പെടുത്തുകയും ചെയ്തിട്ടില്ലേ?”
“അടുത്ത ഇരുപത് വര്‍ഷത്തിനുള്ളില്‍ മനുഷ്യശരീരത്തെ ഇപ്പോള്‍ നിയന്ത്രിക്കുന്ന ‘ശിലായുഗ സോഫ്റ്റ്‌വെയറെ’ മാറ്റിമറിക്കാനാകും. അപ്പോള്‍ പ്രായമാകുന്നത് നില്‍ക്കും, തുടര്‍ന്ന് പ്രായമായ കോശങ്ങള്‍ യൌവനകാലത്തിലേക്ക് തിരിച്ച് സഞ്ചരിക്കും. അങ്ങനെ നാനോസാങ്കേതിക മനുഷ്യകുലത്തിന് മരണമില്ലായ്മ സമ്മാനിക്കും.”
“നമ്മുടെ ശരീരത്തിലെ രക്തകോശങ്ങള്‍ പകരമായി, കൂടുതല്‍ ഫലപ്രദമായ നാനോബോട്ടുകള്‍ ഉപയോഗിക്കപ്പെടും. ഒരു ഇരുപത്തിയഞ്ച് വര്‍ഷം കൂടി കഴിഞ്ഞാല്‍ ഒളിമ്പിക്സില്‍ അരങ്ങേറുന്ന മാരത്തോണ്‍ മത്സരം ശ്വാസം പോലും എടുക്കാതെ പതിനഞ്ച് മിനിറ്റില്‍ പൂര്‍ത്തിയാക്കാന്‍ മനുഷ്യന് കഴിയും. നാലോ അഞ്ചോ മണിക്കൂറുകളോളം ഓക്സിജന്‍ ഇല്ലാതെ തന്നെ വെള്ളത്തില്‍ മുങ്ങിക്കിടക്കാനും മനുഷ്യന് കഴിയും.”
“ഹൃദയാഘാതം ഉണ്ടായാലും രക്തത്തിലെ ബോട്ടുകളുടെ പ്രവര്‍ത്തനം നിലയ്ക്കില്ല എന്നതിനാല്‍ രോഗികള്‍ക്ക് പരിഭ്രാന്തി കൂടാതെ തങ്ങളുടെ വാഹനമോടിച്ച് ആശുപത്രിയിലെത്തി വൈദ്യസഹായം തേടാം. ബയോണിക് ഹൃദയം ഉപയോഗിക്കുന്നവര്‍ക്കാകട്ടെ, ഹൃദയാഘാതം ഉണ്ടാവുകയുമില്ല.”
“നമുക്ക് വെര്‍ച്വല്‍ റിയാലിറ്റി മോഡ് (അയഥാര്‍ത്ഥ പ്രതീതി) വേണമെന്നുണ്ടെങ്കില്‍ നാനോബോട്ടുകള്‍ നമ്മുടെ തലച്ചോറിലെ സിഗ്നലുകള്‍ വിച്ഛേദിക്കും. തുടര്‍ന്ന് നമുക്ക് വെര്‍ച്വല്‍ റിയാലിറ്റിയില്‍ എവിടെ വേണമെങ്കിലും സഞ്ചരിക്കാം. ‘വെര്‍ച്വല്‍ സെക്സ്’ സാധാരണ സംഭവമാകും. ചുരുക്കത്തില്‍ ഇരുപത്തിയഞ്ച് വര്‍ഷത്തിനുള്ളില്‍ കൃത്രിമാവയവങ്ങള്‍ ഉള്ള സൈബോര്‍ഗുകള്‍ ആയിമാറും മനുഷ്യകുലം!”