ആഗോള തലത്തില്‍ ശിശുമരണ നിരക്ക് ഗണ്യമായി കുറഞ്ഞതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 1990ന് ശേഷം ശിശുമരണനിരക്ക് 25 ശതമാനത്തിലധികം കുറയ്ക്കാനായതായാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
സംഘടനയുടെ വാര്‍ഷിക കണക്കനുസരിച്ച് 2007ല്‍ അഞ്ച് വയസ്സിന് താഴെയുള്ള 90 ലക്ഷം കുഞ്ഞുങ്ങളാണ് മരിച്ചത്. 1990 വര്‍ഷത്തെ അപേക്ഷിച്ച് 28 ശതമാനത്തിന്‍റെ കുറവാണ് മരണ നിരക്കില്‍ ഉണ്ടായത്. 1990ല്‍ 125 ലക്ഷം കുഞ്ഞുങ്ങളാണ് മരിച്ചത്.
യുഎന്നിന്‍റെ അംഗ രാഷ്ട്രങ്ങള്‍ അംഗീകരിച്ച മില്ലേനിയം ഡവലപ്മെന്‍റ് ഗോള്‍സില്‍(എംഡിജി) ഒന്നാണ് ശിശുമരണ നിരക്ക് നിയന്ത്രിക്കുക എന്നത്. 2015 ആകുമ്പോഴേയ്ക്ക് ശിശുമരണ നിരക്കില്‍ മൂന്നില്‍ രണ്ടോളം കുറവ് വരുത്തുക എന്നതാണ് ഇതിന്‍റെ ലക്‍ഷ്യം.
ഫലപ്രദമായ ആരോഗ്യ രക്ഷാ നടപടികളാണ് മരണ നിരക്ക് ഗണ്യമായി കുറയാന്‍ കാരണമായതെന്ന് ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ വിവര വിഭാഗം ഡയറക്ടര്‍ ടൈസ് ബോര്‍മ പറഞ്ഞു. മലേറിയ നിയന്ത്രിക്കാനായി കൊതുക് വലയും, അതിസാരത്തിന് നിര്‍ലജ്ജീകരണ ലവണങ്ങളും ആരോഗ്യ സ്ഥിതി മെച്ചപ്പെടുത്താനുള്ള വാക്സിനുകളും ദരിദ്ര രാഷ്ട്രങ്ങളില്‍ ധാരാളമായി വിതരണം ചെയ്തിട്ടുണ്ട്. അതേസമയം തന്നെ ആഫ്രിക്കയിലും മറ്റ് ഏതാനും ദരിദ്ര രാഷ്ട്രങ്ങളിലും വളരെ സാവധാനത്തിലാണ് പുരോഗതിയുണ്ടാവുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളില്‍ ആരോഗ്യ ചെലവ് ആളോഹരി 22 ഡോളറാണെങ്കില്‍ സമ്പന്ന - വികസിത രാജ്യങ്ങളില്‍ ഇത് 4,012 ഡോളറാണ്. യൂറോപ്യന്‍ യൂണിയനിലെ മിക്ക രാജ്യങ്ങളിലും ആയിരം ആള്‍ക്ക് 32 ഡോക്ടര്‍ എന്ന സ്ഥിതിയാണുള്ളത്. അതേസമയം ദരിദ്ര രാഷ്ട്രങ്ങളിലാകട്ടെ ആയിരം പേര്‍ക്ക് ശരാശരി രണ്ട് ഡോക്ടറാണുള്ളത്. ന്യുമോണിയയും വയറിളക്കവും ബാധിച്ച് ഓരോ വര്‍ഷവും 3.8 മില്യണ്‍ കുഞ്ഞുങ്ങളാണ് ലോകത്താകമാനം മരിക്കുന്നത്. ഈ രണ്ട് രോഗാവസ്ഥയും ചികില്‍സിച്ചുമാറ്റാവുന്നതാണ് എന്നിരിക്കെയാണ് ഇത്രയും ഭീമമായ കണക്ക്.
ശിശുമരണ നിരക്കില്‍ കുറവു വന്നെങ്കിലും മാതൃമരണ നിരക്ക് 1990ന് ശേഷവും വലിയ മാറ്റമൊന്നുമില്ലാതെ നില്‍ക്കുകയാണ്. ഒരു വര്‍ഷത്തില്‍ നടക്കുന്ന 100,000 പ്രസവങ്ങളില്‍ ശരാശരി 400 അമ്മമാരെങ്കിലും മരണപ്പെടുന്നതായാണ് കണക്ക്. ആഫ്രിക്കയിലെ സഹാറ മേഖലയില്‍ ഇത് ആഗോള ശരാശരിയുടെ ഇരട്ടിയോളം വരും. |