നിങ്ങള്‍ ദുര്‍ബല ഹൃദയരാണെങ്കില്‍ ഗതാഗതക്കുരുക്കുകളെ സുക്ഷിക്കുക. ഗതാഗതക്കുരുക്കുകളില്‍ പെട്ട ശേഷം ഒരു മണിക്കൂറിനുള്ളില്‍ ഹൃദയാഘാതം ഉണ്ടാവാനുള്ള സാധ്യത ഉണ്ടെന്നാണ് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്.അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍റെ നാല്‍പ്പത്തിയൊമ്പതാം വാര്‍ഷിക ചര്‍ച്ചയിലാണ് പൊതുവെ ആരും ശ്രദ്ധിക്കാത്ത ഇക്കാര്യം ജര്‍മ്മന്‍ ഗവേഷകര്‍ ഉന്നയിച്ചത്. ഹൃദയാഘാതം ഉണ്ടായിട്ടുള്ള പലരും അതിനുള്ള ലക്ഷണങ്ങള്‍ തുടങ്ങുന്നതിന് തൊട്ടു മുമ്പ് ഗതാഗതക്കുരുക്കിലായിരുന്നു എന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിച്ചു.ഗതാഗതക്കുരുക്കില്‍ പെട്ട ശേഷം അടുത്ത ആറ് മണിക്കൂറിനുള്ളില്‍ ചെറിയ ഹൃദയാഘാത ലക്ഷണങ്ങള്‍ കണ്ടേക്കാമെന്നും ജര്‍മ്മന്‍ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. ഗതാഗതക്കുരുക്കില്‍ വാഹമോടിക്കുന്ന സമയം ഹൃദയാഘാത സാധ്യത മറ്റു സാഹചര്യത്തെക്കാള്‍ 3.2 ശതമാനം വര്‍ദ്ധിപ്പിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.സ്ത്രീകള്‍, പ്രായമുള്ള പുരുഷന്‍മാര്‍, തൊഴില്‍ രഹിതരായ ജോലിക്കാര്‍, നേരത്തെ ഹൃദയ സംബന്ധമായ രോഗമുള്ളവര്‍ എന്നീ വിഭാഗങ്ങളില്‍ പെടുന്നവര്‍ക്കാണ് ഗതാഗതക്കുരുക്കുകള്‍ ജീവന് ഭീഷണിയുണ്ടാക്കുന്നത് എന്ന് പഠനം നടത്തിയവര്‍ വിശദീകരിക്കുന്നു. പഠനത്തിനായി 1999 ഫെബ്രുവരിക്കും 2003 ഡിസംബറിനും മധ്യേ രജിസ്റ്റര്‍ ചെയ്ത ഹൃദയാഘാത കേസുകള്‍ വിശകലനം ചെയ്തതിനൊപ്പം 1,454 രോഗികളുമായി അഭിമുഖം നടത്തുകയും ചെയ്തു. ജര്‍മ്മനിയിലെ മ്യൂച്ചനിലെ ആനി പീറ്റേഴ്സ് ആണ് പ്രബന്ധം തയ്യാറാക്കിയത്. |