അവളുടെ അല്ലെങ്കില്‍ അവന്‍റെ “ മറുപടി എടുത്തടിച്ചപോലെയാ ” എന്ന് ആരുടെയെങ്കിലും പ്രതികരണ ശൈലിയെ കുറിച്ച് നിങ്ങള്‍ വിമര്‍ശിച്ചിട്ടുണ്ടോ? ഉണ്ടെങ്കിലും ഇല്ലെങ്കിലും ആരോഗ്യപരമായി പറഞ്ഞാല്‍ ഉടനെയുള്ള മറുപടി ആരോഗ്യത്തിന്‍റെ സൂചനയാണത്രേ !ആരോഗ്യത്തെ കുറിച്ച് രക്തസമ്മര്‍ദ്ദവും ഭാരവും ഒക്കെ നല്‍കുന്ന സൂചനകളെക്കാള്‍, ഗവേഷകരുടെ അഭിപ്രായത്തില്‍, ഒരാള്‍ മറുപടി പറയാനെടുക്കുന്ന സമയം പ്രാധാന്യമര്‍ഹിക്കുന്നു. ബ്രിട്ടണിലെ ഗവേഷകരാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. ജീവിതാരോഗ്യത്തെ കുറിച്ചും മരണത്തെ കുറിച്ചുമൊക്കെ മറുപടിക്ക് എടുക്കുന്ന സമയം വ്യക്തമാക്കുന്നു എന്നും ഗവേഷകര്‍ പറയുന്നു.മന്ദഗതിയില്‍, വളരെ പതുക്കെ ചോദ്യങ്ങളോട് പ്രതികരിക്കുന്നവര്‍ അകാലത്തില്‍ മരണമടയാനുള്ള സാധ്യത അധികമാണെന്നാണ് ഗവേഷകരുടെ അഭിപ്രായം. മറ്റുള്ളവരെക്കാള്‍ പെട്ടെന്ന് മരിക്കാനുള്ള സാധ്യത ഇവരില്‍ രണ്ടിരട്ടിയാണെന്നും ഗവേഷകര്‍ പറയുന്നു.പെട്ടെന്ന് മറുപടി പറയുന്നവരില്‍ തലച്ചോറിലെ വിവര വിശകലന പ്രവര്‍ത്തനം നന്നായി നടക്കുന്നു. ഇത് ശാരീരിക പ്രവര്‍ത്തനങ്ങളുടെ ഏകോപനം നല്ലനിലയിലാണെന്നതിന്‍റെയും സൂചനയാണെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു.ഗവേഷകര്‍ 7,414 ആളുകളിലാണ് പഠനം നടത്തിയത്. ഇരുപത് വര്‍ഷത്തെ പഠനത്തിനു ശേഷം പുറത്തുവിട്ട ഫലം “ഇന്‍റലിജന്‍സ്” ജേര്‍ണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. |