ഓഫീസില്‍ കൂടുതല്‍ സമയം ജോലിയില്‍ മുഴുകുന്ന ആളാണോ നിങ്ങള്‍? എങ്കില്‍ ശ്രദ്ധിക്കുക. അമിത ജോലി ബുദ്ധിഭ്രംശം ഉണ്ടാക്കുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്.അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് എപിഡമോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. അമിതമായ ശരീരക്ഷീണവും മാനസിക സമ്മര്‍ദ്ദവും തലച്ചോറിന് പുകവലിയേക്കാള്‍ ഹാനികരമാണെന്ന് റിപ്പോര്‍ട്ട് അഭിപ്രായപ്പെടുന്നു. ആഴ്ചയില്‍ 55 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യുന്ന ആള്‍ക്ക് 41 മണിക്കൂറില്‍ കുറച്ച് മാത്രം ജോലി ചെയ്യുന്ന ആളെ അപേക്ഷിച്ച് ഓര്‍മ്മശക്തിയും മാനസികമായ കരുത്തും കുറവാകുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.ഫിന്നിഷ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഒക്കുപേഷണല്‍ ഹെല്‍ത്തിലെ ഡോക്ടര്‍ മരിയാന വെര്‍ട്ടനന്‍റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് പഠനം നടത്തിയത്. 1980 മുതല്‍ വിവിധ സിവില്‍ മേഖലയിലെ ഉദ്യോഗാര്‍ത്ഥികളെ നിരീക്ഷിച്ചതില്‍ നിന്നാണ് സംഘം ഈ നിഗമനത്തിലെത്തിയത്. അമ്പതിനും അറുപതിനും വയസ്സിനിടയിലുള്ളവരെ പലതരത്തിലുള്ള മാനസിക പരീക്ഷണങ്ങള്‍ക്ക് ഇവര്‍ വിധേയമാക്കി. യുക്തി ചിന്തയിലും വാക്കുകള്‍ ഓര്‍ത്തുവയ്ക്കുന്നതിലും കൂടുതല്‍ സമയം ജോലിചെയ്യുന്നവര്‍ പിറകിലാകുന്നതായിട്ടാണത്രേ കാണാനായത്.“സാധാരണ സമയക്രമമനുസരിച്ച് ജോലിചെയ്യുന്നയാളും സ്ഥിരമായി കൂടുതല്‍ സമയം ജോലിചെയ്യുന്ന ആളും തമ്മില്‍ പുകവലിക്കാത്തയാളും പുകവലിക്കുന്നയാളും തമ്മിലുള്ള വ്യത്യാസമാണുള്ളത്” - റിപ്പോര്‍ട്ട് പറയുന്നു. |