അല്‍ഷിമേഴ്സ് ബാധിച്ചവര്‍ക്ക് സംഗീതം അനുഗ്രഹമാണ്. ഇഷ്ടഗാനങ്ങള്‍ ആസ്വദിക്കാനുള്ള അവസരം നല്‍കിയാല്‍ ഇത്തരക്കാര്‍ക്ക് ഓര്‍മ്മ വീണ്ടെടുക്കാനാകുമെന്ന് പഠനം. ഇഷ്ടഗാനങ്ങള്‍ കേള്‍ക്കാന്‍ അവസരം നല്‍കിയ രോഗികളില്‍ നേരിയ പുരോഗതി ഉണ്ടായതായി ലണ്ടനില്‍ നിന്നുള്ള ഒരു പഠന സംഘം തെളിയിച്ചു.
ഓര്‍മ്മകള്‍ വീണ്ടെടുക്കാന്‍ സഹായിക്കുന്നതോടൊപ്പം അവരുടെ രോഗപ്രതിരോധ ശേഷി വര്‍ധിച്ചതായും സംഘം പറയുന്നു. അല്‍ഷിമേഴ്സ് രോഗികള്‍ക്ക് എംപി-3 പ്ലയര്‍ നല്‍കുകയും അവരുടെ ഇഷ്ട ഗാനങ്ങള്‍ കേല്‍ക്കാന്‍ അവസരം ഒരുക്കുകയും ചെയ്താല്‍ അവരുടെ മാനസിക നിലവാരം ഉയര്‍ത്താം. കാര്യക്ഷമവും ചെലവു കുറഞ്ഞതുമായ രീതിയാണിതെന്ന് സംഘം അവകാശപ്പെട്ടു.
പാട്ട് കേള്‍ക്കുമ്പോള്‍ അതിന് അനുസൃതമായി തലച്ചോറില്‍ ഒരു ഭാവനാചിത്രം ഓടിത്തുടങ്ങും. ഇത് ഏതെങ്കിലും പ്രത്യേക സ്ഥലങ്ങളേയോ വ്യക്തികളേയോ അവരുടെ ഓര്‍മ്മകളില്‍ തെളിയിക്കും. പരിചയമുള്ള മുഖങ്ങള്‍ അകക്കണ്ണില്‍ തെളിഞ്ഞു വരും. സംഗീതവും ഓര്‍മ്മയും തമ്മില്‍ സൌഹൃദത്തിലാകുന്നതാണ് ഇവിടെ സംഭവിക്കുന്നതെന്ന് സംഘത്തലവന്‍ കൂടിയായ പ്രൊഫ. പീറ്റര്‍ ജനേറ്റ പറഞ്ഞു.
30 ഇഷ്ടഗാനങ്ങള്‍ കേട്ട 13 വിദ്യാര്‍ത്ഥികളുടെ തലച്ചോറില്‍ ഉണ്ടായ മാറ്റങ്ങള്‍ പരിശോധിച്ചാണ് അല്‍ഷിമേഴ്സിന് സംഗീത ചികിത്സ അനുയോജ്യമാണെന്ന് സംഘം കണ്ടെത്തിയത്. സംഗീതവുമായി തലച്ചോര്‍ സൌഹൃദത്തിലാകുന്നതോടൊപ്പം തന്നെ ഓര്‍മ്മകളുമായും സൌഹൃദത്തിലാകുന്നു. |