പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ലേഖനങ്ങള്‍
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ഹൃദയമാറ്റത്തിനുമുണ്ട് ചരിത്രം
ഹൃദയമില്ലാതെ ജീ‍വിതമുണ്ടോ? എന്തിന്, മനസ്സ് എവിടെ ആണെന്ന് ചോദിച്ചാല്‍ പോലും ആള്‍ക്കാര്‍ ഹൃദയത്തെ ആവും തൊട്ട് കാണിക്കുക. ചുമ്മാതല്ലല്ലോ “ഹൃദയയേശ്വരി നിന്‍ നെടുവീര്‍പ്പില്‍ ഞാനൊരു മധുര സംഗീതം കേട്ടു” എന്ന് കവി പാടിയത്. അത്രയ്ക്കുണ്ട് ഹൃദയത്തിന്‍റെ പ്രാധാന്യം.

ഇങ്ങനെയുള്ള ഹൃദയത്തിന് രോഗം വന്നാലോ? അത് രോഗികളെയും അവരുടെ ബന്ധുക്കളെയും വേദനിപ്പിക്കുക സ്വാഭാവികം. രക്തധമനികളിലെ തടസങ്ങളോ മറ്റോ ആണെങ്കില്‍ മരുന്ന് കഴിക്കാം. ഏറിയാല്‍ ഒരു ബൈപ്പാസ് ശസ്ത്രക്രിയ. ഹൃദ്രോഗത്തിന്‍റെ ചികിത്സയുമായി ബന്ധപ്പെട്ട് സാധാരണക്കാര്‍ ഇത്രയോക്കെയേ പ്രതീക്ഷിക്കുന്നുള്ളൂ.


എന്നാല്‍, ഹൃദയമില്ലാത്ത ഒരു ജീവിതം സാധ്യമല്ലാ‍ത്തതു കൊണ്ട് ഏതു വിധേനയും ജീവന്‍ നിലനിര്‍ത്താനായി ഭിഷഗ്വരന്മാര്‍ പരീക്ഷിച്ചതാണ് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ. 1967 ഡിസംബര്‍ 3 ന് ദക്ഷിണാഫ്രിക്കയിലാണ് വിജയകരമായ ആദ്യ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നത്. ഗ്രൂട്ട് ഷൂര്‍ ആശുപതിയിലെ ഡോ. ക്രിസ്ത്യന്‍ ബര്‍ണാഡാണ് ആദ്യമായി ഒരു മനുഷ്യഹൃദയം മാറ്റിവച്ച് ചരിത്രം സൃഷ്ടിച്ചത്.

മറ്റൊരു ചികിത്സ കൊണ്ടും ഹൃദയത്തെ രക്ഷിക്കാന്‍ സാധ്യമാകാതെ വരുമ്പോഴാണ് ഹൃദയം മാറ്റി വയ്ക്കലിന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്. തൊട്ട് മുന്‍പ് ജീവന്‍ നഷ്ടപ്പെട്ട ഒരാളുടെ ഹൃദയം രോഗിയായ മറ്റൊരാളില്‍ തുന്നിച്ചേര്‍ക്കുന്നത് അതീവ സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയാണ്. ഇതിനായി രോഗിയുടെ ഹൃദയം നീക്കം ചെയ്യുകയോ, അപൂര്‍വ്വമായി പുതുതായി തുന്നിച്ചേര്‍ത്ത ഹൃദയത്തെ സഹായിക്കാനായി പഴയ ഹൃദയം നിലനിര്‍ത്തുകയോ ചെയ്യും.

ഇനി വേറെ രീതികളുമുണ്ട്. മറ്റേതെങ്കിലും ജീവിയുടെ ഹൃദയം രോഗിയായ മനുഷ്യനില്‍ തുന്നിപ്പിടിപ്പിക്കുക എന്നതാണ് അതിലൊന്ന്. മനുഷ്യ നിര്‍മ്മിതമായ ഹൃദയം രോഗിയില്‍ പിടിപ്പിക്കുക എന്ന മറ്റൊരു രീതിയും പരീക്ഷിച്ചിട്ടുണ്ട്. എന്നാല്‍, ഇവ ഫലപ്രാപ്തിയില്‍ എത്തിയില്ലെന്ന് മാത്രം.

ആദ്യമായി മനുഷ്യനില്‍ ഹൃദയം മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ നടന്നത് മിസിസിപ്പി മെഡിക്കല്‍ സെന്‍റര്‍ സര്‍വകലാശാലയിലാണ്. ഡോ. ജെയിംസ് ഹാര്‍ഡിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ഡോക്ടര്‍മാര്‍ ഒരു ചിമ്പന്‍സിയുടെ ഹൃദയം മരണാസന്നനായ ഒരു രോഗിയില്‍ വച്ചു പിടിപ്പിക്കുകയായിരുന്നു. എന്നാല്‍, വച്ചുപിടിപ്പിക്കപ്പെട്ട ഹൃദയം 90 മിനിട്ടിന് ശേഷം നിലച്ചു പോകുകയായിരുന്നു. ഈ ശസ്ത്രക്രിയയ്ക്ക് ഒരു വര്‍ഷം മുന്‍പാണ് ഡോ. ഹാര്‍ഡി ഒരു മനുഷ്യന്‍റെ ശ്വാസകോശം മാറ്റി വച്ചത്.

ഏതായാലും ഡോ. കൃസ്ത്യന്‍ ബര്‍നാര്‍ഡ് ഹൃദയം മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ രോഗി, ലൂയി വാഷ്കന്‍സ്കി 18 ദിവസം ജീ‍വിച്ചിരുന്നു.ന്യുമോണിയ ബാധിച്ചാണ് ഇദ്ദേഹം മരിച്ചത്. ഒരു കാറപകടത്തില്‍ മസ്തിഷ്ക മരണം സംഭവിച്ചുവെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ ഡെനിസ് ഡാര്‍വാളിന്‍റെ ഹൃദയമാണ് ലൂയിക്ക് വച്ചു പിടിപ്പിച്ചത്.

അമേരിക്കയില്‍ ആദ്യമായി വിജയകരമായ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത് ഡെണ്ടണ്‍ കൂളി ആണ്. ഹൂസ്റ്റണ്‍ ടെക്സാസിലെ സെന്‍റ് ലൂക്സ് ആശുപത്രിയില്‍ 1968 ലായിരുന്നു ഇത്. ഒരു കൌമാരക്കാരനില്‍ നിന്ന് കടുത്ത ഹൃദ്രോഗം ബാധിച്ച തോമസ് എന്ന ആള്‍ക്ക് ഹൃദയം മാറ്റി വയ്ക്കുകയായിരുന്നു.

ഹൃദയം സ്വീകരിച്ച തോമസ് എട്ട് മാസമേ ജീവിച്ചിരുന്നുള്ളൂ. മാറ്റിവച്ച ഹൃദയം സ്വീകരിക്കാന്‍ തോമസിന്‍റെ ശരീരം വിസമ്മതിക്കുകയായിരുന്നു.

നമ്മുടെ ഈ കൊച്ച് കേരളത്തിലും ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തിയിട്ടുണ്ട്. 2003ലായിരുന്നു ഇത്. മുപ്പത്തിനാല്കാരനായ കെ എ എബ്രഹാമിനാണ് ശസ്ത്രക്രിയ നടത്തിയത്.റോഡപകടത്തില്‍ കൊല്ലപ്പെട്ട വടക്കന്‍ പറവൂര്‍ സ്വദേശിയായ സുകുമാരന്‍റെ ഹൃദയമാണ് കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ എബ്രഹാമിന് വച്ച് പിടിപ്പിച്ചത്.ശസ്ത്രക്രിയക്ക് ശേഷം കുറെക്കാലം ജീവിച്ചിരുന്നെങ്കിലും പിന്നീട് എബ്രഹാം മരണത്തിന് കീഴടങ്ങി.

സാധാരണ ഗതിയില്‍ കാര്‍ഡിയോമയോപ്പതി, കണ്‍ജനൈറ്റല്‍ ഹാര്‍ട്ട് ഡിസീസ്, കൊറോണറി ആര്‍ട്ടറി ഡിസീസ്, ഹാര്‍ട്ട് വാല്‍‌വ് ഡിസീസ്, ജീവന് ഭീഷണി ഉയര്‍ത്തുന്ന അരിത്മിയാസ് എന്നീ അവസ്ഥകളിലാണ് ഹൃദയം മാറ്റി വയ്ക്കല്‍ നിര്‍ദ്ദേശിക്കപ്പെടുന്നത്.
കൂടുതല്‍
ലോക വികലാംഗ ദിനം
എയ്ഡ്സ് കൊന്നത് രണ്ടരക്കോടി മനുഷ്യരെ
സമൂഹവും എയ്ഡ്സ് രോഗിയും
എയ്ഡ്സ് ഇന്ത്യയില്‍
എയ്ഡ്സ്. പകരുന്നതെങ്ങനെ?
ഗര്‍ഭിണികള്‍ പുകവലിച്ചാല്‍