നവംബര്‍ 15 ദേശീയ മന്ത് രോഗ നിവാരണ ദിനമായി ആചരിക്കുകയാണ്. ലോകത്ത് നിന്ന് 2020 ഓടെ മന്ത് രോഗം തുടച്ചുമാറ്റാനുള്ള ശ്രമത്തിലാണ് ലോകാരോഗ്യ സംഘടന. ഇത് സംബന്ധിച്ച ഡബ്ല്യു.എച്ച്.ഒ പരിപാടിയില്‍ ഇന്ത്യയും ഒപ്പുവച്ചിട്ടുണ്ട്.
ഇന്ത്യയില്‍ എട്ട് കൊല്ലത്തിനകം അതായത് 2015 ഓടെ ഇന്ത്യയില്‍ നിന്ന് ലിംഫാറ്റിക് ഫൈലേറിയാസിസ് എന്ന മന്ത് രോഗം തുടച്ചുമാറ്റാനാണ് ശ്രമം. ഇന്ത്യ 1955 ല്‍ തന്നെ ദേശീയ മന്ത് രോഗ നിയന്ത്രണ പരിപാടി (എന്‍.എഫ്.സി.പി) ആരംഭിച്ചിരുന്നു.
കൊതുക് നിയന്ത്രണത്തിലൂടെയും പരിശോധനയ്ക്ക് എത്തുന്ന രോഗികള്‍ക്ക് മരുന്നു നല്‍കുക വഴിയും കുറെയൊക്കെ ഈ രോഗം പടരുന്നത് തടയാന്‍ സാധിച്ചിട്ടുണ്ട്. ഇക്കൊല്ലം കേരളം, ആന്ധ്രാ, അസം, കര്‍ണ്ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ കൂട്ട മരുന്ന് നല്‍കല്‍ പരിപാടി ആസൂത്രണം ചെയ്തിരിക്കുകയാണ്.
ഇത് നവംബര്‍ 15 ന് ആരംഭിച്ചു. ചില സംസ്ഥാനങ്ങളില്‍ ഡിസംബറിനകം മന്ത് രോഗത്തിനുള്ള മരുന്നു നല്‍കല്‍ പരിപാടി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതോടൊപ്പം വീട് വീടാന്തരം കയറിയിറങ്ങിയുള്ള പ്രചരണ പരിപാടികളും നഗരങ്ങളില്‍ എല്ലായിടത്തും നടക്കും.
ലിംഫാറ്റിക് ഫൈലാരിയാസിസ് അവയവങ്ങളില്‍ തടിപ്പും അംഗവൈകല്യവും ആകാരവൈകല്യവും വരുത്തിവയ്ക്കുന്ന രോഗമാണ്. പരാന്ന ജീവികളായ ഒരുതരം കൃമികള്‍ കാരണമാണ് ഈ രോഗം ഉണ്ടാവുന്നത്.
ഉഷ്ണമേഖലയില്‍ പെട്ട 83 രാജ്യങ്ങളിലെ 12 കോടി ആളുകള്‍ക്ക് മന്ത് രോഗം ഉണ്ടെന്നാണ് ഇപ്പോഴത്തെ കണക്ക്. മന്ത് രോഗം കൊണ്ട് അംഗവൈകല്യം ഉണ്ടാവുന്നവരും ചലനശേഷി പ്രയാസമാവുന്നവരും സമൂഹത്തിന്‍റെ കണ്ണില്‍ നികൃഷ്ടരാണ്.
മന്ത് രോഗം ഒരിക്കല്‍ വന്നാല്‍ അത് ശസ്ത്രക്രിയ ചെയ്ത് കുറയ്ക്കാനാവില്ല എന്നത് രോഗത്തിന്‍റെ ഗുരുതരാവസ്ഥയെ സൂചിപ്പിക്കുന്നു. മന്തിനു കാരണമാവുന്ന കൃമികള്‍ കൊതുകുകള്‍ വഴിയാണ് പരക്കുന്നത്. കുട്ടിക്കാലത്ത് ഉണ്ടാവുന്ന ഈ കൃമി ബാധ പുരുഷനോ സ്ത്രീയോ വളര്‍ന്നു വലുതാവുന്നതോടെ രോഗമായി പ്രത്യക്ഷപ്പെടുന്നു.
നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും പാവപ്പെട്ട ആളുകളാണ് ഈ രോഗത്തിന് ഇരയാവുന്നത്.
|