കോണ്ടം എന്ന ഗര്‍ഭ നിരോധന ഉറകള്‍ വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് പിറപിയെടുത്തതാണെന്നാണ് ചരിത്രം പറയുന്നത്.
3000 വര്‍ഷം പഴക്കമുള്ള ഒരു ഈജിപ്ഷ്യന്‍ ചിത്രം ഉറ ധരിച്ചുകൊണ്ടുനില്‍ക്കുന്ന പുരുഷന്‍റേതായിരുന്നു. പക്ഷെ, ഒരു കാര്യം വ്യക്തമായിരുന്നില്ല. ഇത് ധരിച്ചത് ഗര്‍ഭ നിരോധന മാര്‍ഗ്ഗം എന്ന നിലയിലോ അതോ മറ്റു വല്ല ആചാരത്തിന്‍റെ പേരിലോ ആണോ എന്ന്.
പതിനാറാം നൂറ്റാണ്ടിലാണ് ഇറ്റലിയിലെ ഗബ്രിയേലെ ഫാലേപ്പിയോ ആണ്, രോഗപ്രതിരോധ മാര്‍ഗ്ഗം എന്ന നിലയില്‍ ലിംഗത്തില്‍ ധരിക്കാനുള്ള ഉറകളെ കുറിച്ച് ആദ്യം എഴുതി പ്രസിദ്ധീകരിച്ചത്. തുണി കൊണ്ടുണ്ടാക്കിയ ഉറകള്‍ രാസലായനിയില്‍ മുക്കി ഉണക്കിയ ശേഷം ഉപയോഗിക്കാനായിരുന്നു അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശം.
നേരത്തെ സൂചിപ്പിച്ച ചിത്രത്തിലേത് ഒഴിച്ചാല്‍ ഉറകളെ കുറച്ചുള്ള ആദ്യത്തെ അറിവ് ഇംഗ്ലണ്ടില്‍ നിന്നാണ് - 1640 കളില്‍ ഇംഗ്ലണ്ടിലെ ഡഡ്‌ലി കാസിലില്‍ നിന്ന് കോണ്ടങ്ങള്‍ കണ്ടുകിട്ടിയിരുന്നു. മൃഗങ്ങളുടെ കുടല്‍ ഉപയോഗിച്ചായിരുന്നു അവ ഉണ്ടാക്കിയിരുന്നത്. തീര്‍ച്ചയായും ലൈംഗിക രോഗങ്ങള്‍ പകരാതെ സൂക്ഷിക്കുകയായിരുന്നു ഉദ്ദേശം.
പതിനെട്ടാം നൂറ്റാണ്ടില്‍ സ്പെയിനില്‍ ഉണ്ടായ ഒരു രതി കവിതയില്‍ ലൈംഗിക ഉറകളെ കുറിച്ച് പറയുന്നുണ്ട്. ചില കച്ചവടക്കാര്‍ രഹസ്യമായാണ് ഇവ വിറ്റിരുന്നതെങ്കിലും അവ പാക്കറ്റുകളാക്കി വാങ്ങാനാവുമായിരുന്നു എന്നാണ് സൂചന. നിക്കോളസ് ഫെര്‍ണാണ്ടസ് ഡി മൊറാറ്റിന്‍റെ എല്‍ അറാറ്റെ ഡി ലാസ് പുട്ടാസ് എന്ന കവിതയില്‍ കോണ്ടം ഉണ്ടാക്കിയത് ഇംഗ്ലീഷുകാരാണെന്ന് പറയുന്നു.
എന്നാല്‍ വേശ്യാലയങ്ങളില്‍ നിന്ന് രോഗം പകരുന്നത് തടയാനായി റോമന്‍ കാത്തലിക് സഭാംഗമായ ഒരു ഭിക്ഷാടകനാണ് ഉറകള്‍ രൂപകല്‍പ്പന ചെയ്തത് എന്നാണ് ഇപ്പോഴത്തെ വിശ്വാസം. പത്തൊമ്പതാം നൂറ്റാണ്ടില്‍ ജപ്പാന്‍ മൃഗത്തോല്‍ ഉപയോഗിച്ചും ആമയുടെ തോട് ഉപയോഗിച്ചുമുള്ള ഉറകള്‍ നിര്‍മ്മിച്ചിരുന്നു.
1844 ല്‍ ചാള്‍സ് ഗുഡ് ഈയര്‍ റബ്ബര്‍ വള്‍ക്കനൈസ് ചെയ്യാനുള്ള പ്രക്രിയ കണ്ടുപിടിച്ചതോടെ റബ്ബര്‍ ഉറകള്‍ നിര്‍മ്മിക്കാനുള്ള ശ്രമം ആരംഭിച്ചു. ആദ്യത്തെ റബ്ബര്‍ ഉറ 1855 ലാണ് ഉണ്ടാക്കിയത്.
ആദ്യമുണ്ടാക്കിയ റബ്ബര്‍ ഉറകള്‍ക്ക് 1-2 മില്ലീമീറ്റര്‍ കട്ടിയുണ്ടായിരുന്നു. ഇവ വീണ്ടും ഉപയോഗിക്കാന്‍ പറ്റുന്നവയുമായിരുന്നു. പക്ഷെ, അക്കാലത്ത് റബ്ബര്‍ കോണ്ടമുകള്‍ വിലപിടിപ്പുള്ളതായിരുന്നു.
1873 ല്‍ കോം സ്റ്റോക് ആക്റ്റ് പാസാക്കിയതോടെ അമേരിക്കയില്‍ കോണ്ടത്തിന്‍റെ വിതരണം പരിമിതമായി. തപാലിലൂടെയും മറ്റും റബ്ബര്‍ ഉറകള്‍ അയയ്ക്കുന്നതിന് വിലക്ക് വന്നു. ഗര്‍ഭം തടയുന്നതിന് ഉപയോഗിക്കുന്ന ഉറയായതുകൊണ്ടാണ് ഈ വിലക്ക് ഉണ്ടായത്. പക്ഷെ, ഡോക്‍ടര്‍മാരുടെ നിര്‍ദ്ദേശം അനുസരിച്ച് ഉറകള്‍ ലഭ്യമായിരുന്നു. അതുപക്ഷെ, ഗര്‍ഭ നിരോധനത്തിനല്ല അസുഖം വരാതെ സൂക്ഷിക്കാന്‍ വേണ്ടിയായിരുന്നു കുറിച്ചു കൊടുത്തിരുന്നത്.
1936 ല്‍ സുപ്രീം കോടതിയുടെ തിരിച്ചൊരു വിധി വരുന്നതു വരെ കോം സ്റ്റോക് ആക്റ്റ് നിലനിന്നിരുന്നു. 1912 ല്‍ ജൂലിയസ് ഫ്രോം എന്ന ജര്‍മ്മന്‍കാരന്‍ കോണ്ടങ്ങള്‍ ഉണ്ടാക്കാനുള്ള പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തു.
പച്ചയായ റബ്ബര്‍ മിശ്രിതത്തില്‍ ഗ്ലാസുകൊണ്ടുള്ള മൂശ ഉപയോഗിച്ച് ആയിരുന്നു അദ്ദേഹം കോണ്ടം ഉണ്ടാക്കിയത്. നേരിയ ഉറകളുടെ നിര്‍മ്മാണത്തിനിത് തുടക്കമിട്ടു. അതോടെ ബ്രാന്‍ഡ് പേരുകളുള്ള കോണ്ടങ്ങള്‍ നിലവില്‍ വന്നു. ജര്‍മ്മനിയില്‍ ഇപ്പോഴും പ്രിയം ഫ്രോമിന്‍റെ ഉറകളാണ്.
1930 കളിലാണ് ഒരിക്കല്‍ മാത്രം ഉപയോഗിക്കാവുന്ന വളരെ നേര്‍മ്മയാര്‍ന്ന ഗര്‍ഭ നിരോധന ഉറകള്‍ ഉണ്ടാക്കാന്‍ തുടങ്ങിയത്. അതോടൊപ്പം തന്നെ ഈ ഉറകളുടെ വിലയും ഗണ്യമായി കുറഞ്ഞു.
|