സ്വാതന്ത്ര്യത്തിനു ചെറിയ പ്രക്ഷോഭങ്ങള്‍

വെബ്‌ദുനിയ, ഫീച്ചര്‍ ഡെസ്ക്ക്

Independence Day
WEBDUNIA|
PRO
PRO
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം വിദ്യാഭ്യാസമുള്ള നേതാക്കളുടെ മേല്‍നോട്ടത്തില്‍ നടക്കുമ്പോള്‍ തന്നെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വൈദേശിക ഭരണത്തിനെതിരെയുള്ള നൈസര്‍ഗ്ഗികമായ ചെറുത്തു നില്‍പ്പുകള്‍ ഉണ്ടായിരുന്നെന്നു കാണാം. ഇക്കൂട്ടത്തില്‍ കര്‍ഷകരും സ്ത്രീകളും സാധാരണക്കാരും ആദിവാസികളും ഒക്കെ അണ്ണാറക്കണ്ണനും തന്നാലായത് എന്ന മട്ടില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ സമരങ്ങളും പ്രക്ഷോഭങ്ങളും നയിച്ചിട്ടുണ്ട്.

സ്വാതന്ത്ര്യത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ 1857 ലെ ശിപ്പായി ലഹളയാണ് ആസൂത്രിതമായ സ്വാതന്ത്ര്യസമരമായി വിലയിരുത്താനുള്ളത്. എന്നാല്‍, സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ചെറു പോരുകള്‍, നമ്മുടെ കേരളത്തില്‍ നടന്നതടക്കം, അതിനു മുമ്പും പിമ്പും നടന്നിട്ടുണ്ട്.

കേരളത്തിലെ കുറിച്യരുടെ കലാപം ഇത്തരം സമരത്തിനുദാഹരണമാണ്. അത് 1812 ലായിരുന്നു. സന്താള്‍ കലാപം, ഇന്‍ഡിഗോ പ്രക്ഷോഭങ്ങള്‍, റാമ്പ കലാപം, കുക കലാപം, മഹാവിപ്ലവം, സന്യാസിമാരുടെ കലാപം, ജമീന്ദര്‍മാരുടെ ലഹള, ഇങ്ങ് കേരളത്തില്‍ വേലുത്തമ്പിയുടെയും കുഞ്ഞാലിമരയ്ക്കാരുടെയും ചെറുത്തു നില്‍പ്പ്. ഇങ്ങനെ സ്വാതന്ത്ര്യസമര ചരിത്രത്തിന്‍റെ വീരേതിഹാസ കഥകള്‍ നീണ്ടുപോവുകയാണ്.

കുറിച്യ കലാപം: തോറ്റുപോകും എന്നുറപ്പുണ്ടായിട്ടും ബ്രിട്ടീഷുകാരുടെ വെടിയുണ്ടയ്ക്ക് നേരെ നെഞ്ചുവിരിച്ച് അമ്പും വില്ലുമായി ചെന്നവരാണ് വയനാട്ടിലെ മാനന്തവാടിയിലും പരിസരത്തുമുള്ള കുറിച്യന്മാര്‍. അമിത നികുതി ചുമത്തി ഭൂമി തട്ടിയെടുക്കാന്‍ ശ്രമിക്കുന്ന ബ്രിട്ടീഷുകാര്‍ക്കെതിരെ ആയിരുന്നു 1812 ലെ അവരുടെ കലാപം. കുറിച്യരെ, പക്ഷെ, ബ്രിട്ടീഷ് പട്ടാളം തോല്‍പ്പിച്ചു. പിന്നീട് പഴശ്ശിരാജയോടൊപ്പവും ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടാന്‍ ഒപ്പം കുറുമ്പരും ഉണ്ടായിരുന്നു.

കുക കലാപം: പഞ്ചാബില്‍ കര്‍ഷകരുടെ നേതൃത്വത്തിലാണ് കുക കലാപം നടന്നത്. 1860 മുതല്‍ 1875 വരെയുള്ള കാലത്ത് പല തവണയായി ഗുരു രാംസിംഗിന്‍റെ നേതൃത്വത്തില്‍ സമരങ്ങള്‍ നടന്നു. ക്ഷേത്ര സ്വത്തുക്കള്‍ ബ്രിട്ടീഷുകാര്‍ തട്ടിയെടുത്തു എന്നതായിരുന്നു പ്രധാന കാരണം. ഇതൊരു വന്‍ കലാപമായപ്പോള്‍ അത് അടിച്ചമര്‍ത്തുകയും ഗുരു രാം സിംഗിനെ ബര്‍മ്മയിലേക്ക് നാടുകടത്തുകയും ചെയ്തു.

ഇന്‍ഡിഗോ പ്രക്ഷോഭങ്ങള്‍: തുണിയില്‍ മുക്കുന്ന നീലത്തിന്‍റെ പേരിലായിരുന്നു ഈ സമരം. അതുകൊണ്ടാണ് ഇതിന് ഇന്‍ഡിഗോ പ്രക്ഷോഭം എന്ന പേരുവന്നത്. കൃത്രിമമായ നീലം വന്നതോടെ നീലച്ചായം ഉല്‍പ്പാദിപ്പിക്കുന്ന അമരി കര്‍ഷകര്‍ പ്രതിസന്ധിയിലും കടക്കെണിയിലും ആയതാണ് പ്രക്ഷോഭത്തിനു തുടക്കമിട്ടത്. ബംഗാളിലെയും ബിഹാറിലെയും കര്‍ഷകര്‍ നടത്തിയ ഈ സമരത്തില്‍ പങ്കെടുക്കാന്‍ ഗാന്ധിജി ചമ്പാരനില്‍ എത്തിയിരുന്നു. ഇത് മറ്റൊരു തരത്തില്‍ ബ്രിട്ടീഷ് പക്ഷപാതികളായ ജന്മിമാര്‍ക്കെതിരെയുള്ള സമരം കൂടിയായിരുന്നു. ടിറ്റു മിര്‍ ആയിരുന്നു സമരത്തിന്‍റെ പ്രധാന നേതാവ്.

സന്താള്‍ സമരം: ഒറീസ, ബംഗാള്‍, ബിഹാര്‍ എന്നിവിടങ്ങളിലെ ആദിവാസികള്‍ ബ്രിട്ടീഷുകാരുടെ പിന്തുണയോടെ ജന്മിമാര്‍ നടത്തിയ പീഡനങ്ങള്‍ക്കും ചൂഷണത്തിനുമെതിരെയായിരുന്നു സമരം. കനു, സിദ്ധു, തില്‍ക്കാ മാജി എന്നിവരായിരുന്നു നേതാക്കള്‍. 1885 ല്‍ കലാപം തീര്‍ന്നപ്പോള്‍ ഒട്ടേറെ സന്താളരെ ബ്രിട്ടീഷ് പട്ടാളം കുരുതികൊടുത്തു കഴിഞ്ഞിരുന്നു.

അടുത്ത പേജില്‍ വായിക്കുക, ‘കേരളത്തിലെ സ്വാതന്ത്ര്യസമരങ്ങള്‍’


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :