ടെലിവിഷന്‍ വാര്‍ത്ത | ടി വി പരിപാടികള്‍
പ്രധാന താള്‍ » വിനോദം » ടി വി ടൈം » ടെലിവിഷന്‍ വാര്‍ത്ത » ഒരു ‘സ്വയംവര’വും കള്ളക്കളികളും (Rakhi will not marry Elesh)
 
IFM
‘രാഖി സാവന്തിനൊക്കെ എന്തുമാവാം, ആരെയും എങ്ങനെയും കല്യാണം കഴിക്കാം’ ഈ പ്രതികരണം രാഖി സാവന്ത് റിയാലിറ്റി ഷോയിലൂടെ വിവാഹിതയാകുന്നു എന്ന വാര്‍ത്ത പ്രചരിച്ചപ്പോള്‍ ഉണ്ടായതാണ്. പുരാണങ്ങളിലൊക്കെ കണ്ടിരുന്ന സ്വയം‌വരവും അതിന്‍റെ മേളവുമൊക്കെ നേരില്‍ കാണാമല്ലോ എന്നോര്‍ത്ത് ഇന്ത്യന്‍ ടെലിവിഷന്‍ പ്രേക്ഷകര്‍ കോരിത്തരിച്ചു. പറഞ്ഞതുപോലെ രാഖി പണി പറ്റിച്ചു. കാനഡയിലെ ഇന്ത്യന്‍ വ്യാപാരിയായ എലേഷിന്‍റെ കഴുത്തില്‍ റിയാലിറ്റി ഷോയിലൂടെ വരണമാല്യം ചാര്‍ത്തി.

രാഖിക്ക് ഈ ഷോയിലൂടെ ഉണ്ടായ പേരും പ്രശസ്തിയും ചില്ലറയല്ല. അതോടെ ഇന്ത്യയിലെയും വിദേശത്തെയുമൊക്കെ താരസുന്ദരിമാര്‍ തങ്ങളുടെ വിവാഹവും റിയാലിറ്റി ഷോയിലൂടെ മതിയെന്നു തീരുമാനിക്കുകയും വാര്‍ത്തകള്‍ പുറത്തുവരികയും ചെയ്തു. ഇപ്പോഴിതാ, എലേഷുമായി പിരിയുകയാണെന്ന പ്രഖ്യാപനം നടത്തി രാഖി സാവന്ത് ഏവരെയും ഞെട്ടിക്കുകയാണ്.

ഇതോടെ പ്രേക്ഷകരുടെ കണ്ണില്‍ പൊടിയിടുന്ന റിയാലിറ്റി ഷോകളുടെ നിരയില്‍ ഒന്നുകൂടി അണി ചേര്‍ന്നിരിക്കുന്നു. എന്തും പൊലിപ്പിച്ചു കാട്ടുകയും നീര്‍ക്കുമിള പോലെ തകര്‍ന്നടിയുകയും ചെയ്യുന്ന പുതിയ മാധ്യമ സംസ്കാരത്തിന്‍റെ ഏറ്റവും പുതിയ ഉദാഹരണമാണ് രാഖിയുടെ റിയാലിറ്റി കല്യാണം. ഈ വിവാഹത്തിന്‍റെ നിജസ്ഥിതിയെക്കുറിച്ച് അന്നു തന്നെ സംശയങ്ങള്‍ ഉയര്‍ന്നിരുന്നതാണ്. എന്തായാലും ജീവിതം റിയാലിറ്റി ഷോ അല്ലെന്ന് രാഖി സാവന്ത് ഒടുവില്‍ തിരിച്ചറിഞ്ഞു. എലേഷുമായി പരിഹരിക്കാനാവാത്ത ഭിന്നതകളാണ് വിവാഹ ജീവിതം ആരംഭിക്കുന്നതിനു മുന്‍പേ വിവാഹ മോചനമെന്ന ചിന്തയിലേക്ക് രാഖിയെ നയിച്ചത്.

എലേഷിനെ താന്‍ ജീവനെപ്പോലെ സ്നേഹിക്കുന്നു എന്നും ‘മെയ്ഡ് ഫോര്‍ ഈച്ച് അദര്‍’ ദമ്പതികളാണ് തങ്ങളെന്നും റിയാലിറ്റി ഷോയ്ക്ക് ശേഷം രാഖി പറഞ്ഞിരുന്നു. ഇപ്പോള്‍ പറയുന്നത് കേള്‍ക്കൂ - “എലേഷ് പടിഞ്ഞാറ് എന്ന് ചിന്തിക്കുമ്പോള്‍ ഞാന്‍ കിഴക്കെന്ന് ചിന്തിക്കും. ഇത്തരത്തില്‍ പടിഞ്ഞാറന്‍ മൂല്യങ്ങള്‍ വച്ചുപുലര്‍ത്തുന്ന ഒരാളുമായി ഒരു ഭാരതീയ സ്ത്രീ ഒരിക്കലും വിവാഹം കഴിക്കരുതെന്നാണ് എന്‍റെ അഭിപ്രായം”. എങ്ങനെയുണ്ട്?

ചില സെലിബ്രിറ്റികള്‍ക്ക് എപ്പോഴും ലൈം‌ലൈറ്റില്‍ തുടരാനുള്ള സൂത്രപ്പണികളാണിതൊക്കെയെന്ന് ജനം തിരിച്ചറിഞ്ഞാല്‍ മാത്രമേ ഇത്തരം റിയാലിറ്റി ഷോ തട്ടിപ്പുകള്‍ അവസാനിക്കുകയുള്ളൂ. എങ്ങനെ വിവാദമുണ്ടാക്കാമെന്നും ആ വിവാദത്തെ ഏറ്റവും ഫലപ്രദമായി എങ്ങനെ വില്‍ക്കാമെന്നുമുള്ള ജ്ഞാനമാണ് രാഖിയെപ്പോലുള്ളവരെ മിടുക്കികളും മിടുക്കന്‍‌മാരുമാക്കുന്നത്. ഈ വിവാദങ്ങളിലുള്ള അമിത താല്‍‌പര്യവും അതിനു പിന്നിലെ സത്യാവസ്ഥകള്‍ അറിയാനുള്ള താല്‍‌പര്യമില്ലായ്മയും പ്രേക്ഷകരെ തുടര്‍ച്ചയായി വിഡ്ഢികളുമാക്കുന്നു.
IFM


രാഖിയുടെ ചുംബനവും വിവാഹവുമെല്ലാം വാര്‍ത്തയായി. ബോളിവുഡില്‍ താരമൂല്യം കൂടുതല്‍ ഉയരത്തിലെത്തുകയും ചെയ്തു. ഇനിയും ഇത്തരം റിയാലിറ്റി തട്ടിപ്പുകള്‍ ഉണ്ടായേക്കാം. അപ്പോഴും അതൊക്കെ കാണാനും ആസ്വദിക്കാനും വിശ്വസിക്കാനും ഇന്ത്യയിലെ പ്രേക്ഷകരുണ്ടാകും.

പിന്നാമ്പുറം: രാഖിയും എലേഷും തമ്മില്‍ പിരിയുന്നതായുള്ള വാര്‍ത്ത റിയാലിറ്റി ഷോയ്ക്ക് ചുക്കാന്‍ പിടിച്ച ടി വി ചാനല്‍ നിഷേധിച്ചിരിക്കുന്നു. രാഖി ഇപ്പോഴും എലേഷിനൊപ്പമാണെന്നാണ് ചാനല്‍ അധികൃതര്‍ പറയുന്നത്. മറ്റൊരു റിയാലിറ്റി ഷോയ്ക്ക് സ്കോപ്പുണ്ടോ?
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍