റേറ്റിങ്ങില്‍ പിന്നിലാകുന്ന സീരിയലുകള്‍ നിലംതൊടാതെ അപ്രത്യക്ഷമാകുന്ന കാഴ്ച അപൂര്‍വ്വമൊന്നുമല്ല. എന്നാല്‍ ഇന്ത്യന്‍ സോപ്പ് ഓപ്പറകളുടെ തലതൊട്ടമ്മ എന്നുതന്നെ പറയാവുന്ന ഏക്താ കപൂറിന് അത്തരമൊരു അനുഭവം ഭയങ്കര തിരിച്ചടിയായിപ്പോയി.
ഏക്തയുടെ കമ്പനി ബാലാജി ഫിലിംസ് നിര്‍മ്മിച്ച, ഏറെ പ്രതീക്ഷയുണ്ടായിരുന്ന ‘ക്യോകി സാസ് ഭി കഭീ ബാഹു ധീ’ സ്റ്റാര്‍ ടിവി അവസാനിപ്പിച്ചതോടെയാണ് കുഴപ്പങ്ങള്‍ തുടങ്ങിയത്. സ്റ്റാറിന്‍റെ തീരുമാനത്തിന് എതിരെ ഏക്ത ബോംബേ ഹൈക്കോടതിയെ സമീപിച്ചെങ്കിലും നടപടിക്കു സ്റ്റേ നല്‍കാന്‍ കോടതി തയ്യാറായില്ല.
തുടര്‍ന്ന് ബുധനാഴ്ച ഏക്ത അപ്പീല്‍ നല്‍കി. അപ്പീലിന്മേലുള്ള വാദം കോടതി വെള്ളിയാഴ്ച കേള്‍ക്കാനിരിക്കുകയാണ്. റേറ്റിങ്ങില്‍ പിന്നിലായതേ തുടര്‍ന്ന് ഏക്തക്ക് സ്റ്റാര്‍ 30 ദിവസത്തെ നോട്ടീസ് നല്‍കിയിരുന്നു. 27 ലക്ഷം രുപയാണ് ഒരു എപ്പിസോഡിന് ബാലാജി ഫിലിംസ് ഈടാക്കിയിരുന്നത്.
എന്നാല്‍ ടെലിവിഷന്‍ റേറ്റിംഗ് 32 ശതമാനത്തിലധികം താണതോടെ സ്റ്റാറിന് സീരിയലിന്‍റെ കടയ്ക്കല്‍ മഴു വയ്ക്കേണ്ടിവന്നു. സീരിയലിനെ പ്രൊമോട്ടുചെയ്യാന്‍ സ്റ്റാര്‍ വേണ്ടതു ചെയ്തില്ലെന്നാണ് ഏക്തയുടെ ആരോപണം. |