കേരളത്തിനൊരു മുത്തുമാല എന്ന പോലെ കൊച്ചി തീരത്ത് നിന്ന് നാനൂറ് കിലോമീറ്റര്‍ അകലെ നീണ്ടു കിടക്കുന്ന ദ്വീപ് സമൂഹമായ ലക്ഷദ്വീപ് ലോക ടൂറിസം ഭൂപടത്തില്‍ തന്നെ ശ്രദ്ധേയ സാന്നിധ്യമാകാന്‍ ഒരുങ്ങുകയാണ്. കേരളത്തില്‍ നിന്ന് ഒരു വിളിപ്പാട് അകലെ മാത്രമുള്ള ലക്‌ഷ്വദീപിന് പവിഴപ്പുറ്റുകള്‍ തീര്‍ത്ത ഇന്ത്യയിലെ ഏക ദ്വീപ് സമൂഹമെന്ന ഖ്യാതി നേരത്തേ തന്നെ ഉണ്ടെങ്കിലും ഇപ്പോള്‍ സാഹസിക ടൂറിസത്തിന്‍റെ കേന്ദ്രം എന്ന പ്രശസ്തി കൂടി കൈവന്നിരിക്കുകയാണ്.
വിദേശ കടലോര വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രചാരത്തിലുള്ള സീ ഡൈവിങ്ങ് എന്ന സാഹസിക കായിക ഇനമാണ് ലക്ഷദ്വീപിലും ഇപ്പോള്‍ ഏറെ ജനപ്രിയമാകുന്നത്. ലക്ഷദ്വീപിനെ വലം വെയ്ക്കുന്ന പവിഴപ്പുറ്റുകള്‍ നിറഞ്ഞ കടലിലേക്ക് കുതിച്ച് ചാടി നീന്തി തുടിക്കുന്നത് അവിസ്മരണീയമായ അനുഭൂതിയാണെന്നാണ് സഞ്ചാരികള്‍ അഭിപ്രായപ്പെടുന്നത്.
ദൈനം ദിന ജീവിതത്തിലെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് ശാന്തമായ ഒരു അവധിക്കാലം ആസ്വദിക്കാനും ഈ സുന്ദര തീരം അവസരമൊരുക്കുന്നു. ലക്ഷദ്വീപിന്‍റെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തിയിട്ടില്ലാത്തതിനാല്‍ മറ്റ് കടലോര ടൂറിസം കേന്ദ്രങ്ങളെ അപേക്ഷിച്ച് ഇവിടെ തിരക്ക് കുറവാണ്.
ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപ് 36 ദ്വീപുകളുടെ കൂട്ടമാണ്. മുപ്പത്തിരണ്ട് ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലുള്ള ഈ ദ്വീപുകളില്‍ 10 ദ്വീപുകളില്‍ മാത്രമാണ് ജനവാസമുള്ളത്. അഗത്തി, അമിനി, ആന്ദ്രോത്ത്, ബിത്ര, ചേലാത്ത്, കടമാത്ത്,കാല്‍പേനി, കവരത്തി, കില്‍താന്‍, മിനിക്കോയി എന്നീ ദ്വീപുകളിലാണ് ജനവാസമുള്ളത്. കവരത്തിയാണ് 1964 മുതല്‍ ലക്ഷദ്വീപിന്‍റെ തലസ്ഥാനം.
|