യാത്ര ഇഷ്‌ടപ്പെടുന്നവര്‍ക്ക് പൊതുവേ താല്പര്യം സാഹസിക യാത്രയോടെയാണ്. വെള്ളച്ചാട്ടവും ട്രക്കിംഗിനുള്ള നിബിഡവനവും ഉണ്ടെന്ന് കേട്ടാല്‍ യാത്ര കൂടുതല്‍ രസകരവും സാഹസികത നിറഞ്ഞതുമായിരിക്കും. കാനനച്ചോലയിലെ വെള്ളവും കാനനത്തിന്‍റെ തണുപ്പും ആസ്വദിക്കാന്‍ പറ്റിയ ഒരിടം കണ്ടെത്തിയാല്‍ ഓടിയെത്താനായിരിക്കും നിങ്ങളുടെ ശ്രമം.
എങ്കില്‍ ഇനി വൈകിക്കണ്ട്. അടുത്ത വണ്ടി പാലക്കാടിന് ആയിക്കോട്ടെ. സാഹസിക യാത്രികരുടെ ഹരമാണ് പാലക്കാട് ജില്ലയിലെ ധോണിയും അവിടത്തെ വെള്ളച്ചാട്ടവും. നിബിഡവനങ്ങള്‍ നിറഞ്ഞ ധോണി മലയിലാണ് നയനാനന്ദകരവും പ്രകൃതി രമണീയവുമായ വെള്ളച്ചാട്ടം. ധോണി മലയടിവാരത്തില്‍നിന്ന് മൂന്നു മണിക്കൂറോളം നടന്നുവേണം പുഴംകുണ്ട് വെള്ളച്ചാട്ടത്തിനരികിലെത്താന്‍.
കാടിന്‍റെ സ്വാഭാവികത നഷ്‌ടപ്പെടാതിരിക്കാനുള്ള കരുതല്‍ ഇവിടെ അല്പം കൂടുതലാണ്. കാല്‍നടയായി മാത്രമേ ഈ കാനനഭംഗി ആസ്വദിക്കാന്‍ പോകാന്‍ അനുമതിയുള്ളൂ. പ്രകൃതിസ്‌നേഹികളായ സാഹസിക സഞ്ചാരികളാണ് ഭൂരിഭാഗവും ധോണിയെ തേടി എത്തുന്നത്. ട്രക്കിംഗാണ് ധോണിയിലെ പ്രധാന ആകര്‍ഷണം.
ഇതിനെല്ലാം പുറമേ സംസ്ഥാനത്തെ ഒരു പ്രമുഖ കാലിവളര്‍ത്തല്‍ കേന്ദ്രം കൂടിയാണ് ധോണി. സ്വിസ് വംശത്തില്‍പ്പെട്ട നൂറുകണക്കിന് സങ്കരയിനം പശുക്കളാണ് ഇവിടുത്തെ മനോഹരമായ ഫാം ഹൌസുകളിലുള്ളത്. കൂടാതെ, ധോണിയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ മാത്രം അകലെയാണ് രാജ്യത്തെ തന്നെ ഏറ്റവും പഴക്കമേറിയ ശിവക്ഷേത്രങ്ങളിലൊന്നായ വിശ്വനാഥ സ്വാമി ക്ഷേത്രം. ഇവിടെയാണ് പ്രശസ്തമായ കല്‍പ്പാത്തി രഥോത്സവം നടക്കുന്നത്.
PRO
പാലക്കാട്ടുനിന്ന് 15 കിലോമീറ്ററാണ് ധോണിയിലേക്കുള്ള ദൂരം. ധോണിയുടെ മനോഹാരിത നുകരാന്‍ പോകുന്നതിനു മുന്‍പ് വനം വകുപ്പിന്‍റെ അനുമതി വേണം. ധോണി കാട് ആരംഭിക്കുന്നതിനു മുമ്പുള്ള വനം സെക്ഷന്‍ ഓഫീസില്‍നിന്ന് 10 രൂപ പാസ് വാങ്ങിയാലേ ഉള്ളിലേക്ക് കടത്തിവിടൂ. വാഹനത്തില്‍ പോകാന്‍ അനുവദിക്കില്ല.
ധോണിയിലെത്തുന്ന സഞ്ചാരികള്‍ക്ക് ഒരു മുന്നറിയിപ്പ് കൂടിയുണ്ട്. വെള്ളച്ചാട്ടത്തിന്‍റെ മനോഹാരിതയില്‍ മനം മയങ്ങി വെള്ളത്തിലേക്ക് എടുത്തുചാടരുത്. കാരണം ഏതൊരു വെള്ളച്ചാട്ടം പോലെയും അപകടം നിറഞ്ഞതാണ് ഇവിടുത്തെ വെള്ളച്ചാട്ടവും. മുന്നറിയിപ്പു ബോര്‍ഡൊന്നും ഇല്ലാത്ത പുഴംകുണ്ണ്ട് വെള്ളച്ചാട്ടത്തില്‍ ഇതിനകം തന്നെ നിരവധിപേര്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ട്.
20 മീറ്റര്‍ മുകളില്‍നിന്നാണ് വെള്ളം കുത്തിയൊഴുകുന്നത്. വെള്ളംവീഴുന്ന സ്ഥലത്ത് ഒരു കുളത്തിന്‍റെ വിസ്‌തൃതിയില്‍ ആഴമേറിയ ഭാഗമാണ്. ഇത് സഞ്ചാരികളെ വെള്ളത്തിലേക്ക് ഇറങ്ങാന്‍ പ്രേരിപ്പിക്കുമെങ്കിലും വഴുക്കലുള്ള പാറകള്‍ അപകടകാരണമാകാം.
വന്യതയുടെ വശ്യതയാര്‍ന്ന മുഖമാണ് ധോണിക്ക്. കാനന സൌന്ദര്യം ആവശ്യത്തിലധികം നുകരാന്‍ യാത്രക്കാരെ അനുവദിക്കുമെങ്കിലും വെള്ളച്ചാട്ടം പോലുള്ള ചെറിയ ചെറിയ അപകടങ്ങളും ഇവിടെ പതിയിരിപ്പുണ്ട്. പക്ഷേ, യാത്രയും സാഹസികതയും ഒരു പോലെ ഇഷ്‌ടപ്പെടുന്നവര്‍ക്ക് ധോണി ഇഷ്‌ട കാമുകിയെ പോലെയാകും, തീര്‍ച്ച.