ഐതിഹ്യപ്പെരുമയുടെ പാണ്ഡവന്‍പാറ

WEBDUNIA| Last Modified തിങ്കള്‍, 30 നവം‌ബര്‍ 2009 (19:30 IST)
PRO
മടുപ്പിക്കുന്ന ദീര്‍ഘയാത്രകളേക്കാള്‍ മനസ്സിന് ഉണര്‍വു നല്‍കുന്നത് പലപ്പൊഴും ചെറുയാത്രകളാണ്. ചെറു ഉല്ലാസ യാത്രകള്‍ നടത്താന്‍ ഒരുങ്ങുന്ന സഞ്ചാരികളെ കാത്തിരിക്കുന്ന ഒട്ടേറെ മനോഹര സ്ഥലങ്ങളുണ്ട് നമ്മുടെ കൊച്ചുകേരളത്തില്‍. ഓഫീസ് തിരക്കുകള്‍ക്ക് ഒരു ദിവസത്തെ അവധി നല്‍കി മനസ്സിനും ശരീരത്തിനും ഒരുപോലെ ഊര്‍ജവും ഉന്‍‌മേഷവും നല്‍കാന്‍ ഹൃസ്വയാത്രകള്‍കൊണ്ട് കഴിയും.

ഇത്തരം ഏകദിന യാത്രക്ക് അനുയോജ്യമായ ഇടമാണ് തിരുവനന്തപുരം ജില്ലയിലെ തെന്‍മലയ്ക്ക് അടുത്തുള്ള പാണ്ഡവന്‍ പാറ. തെന്‍മലയില്‍ നിന്ന് ഏകദേശം മൂന്നു കിലോമീറ്റര്‍ അകലെ ഉറുകുന്നിലാണ് ഐതിഹ്യ പെരുമയുടെ തലയെടുപ്പുമായി പാണ്ഡവന്‍ പാറ സ്ഥിതി ചെയ്യുന്നത്.

പഞ്ചപാണ്ഡവന്‍മാര്‍ തങ്ങളുടെ അജ്ഞാതവാസക്കാലത്ത് ഇവിടെ താമസിച്ചിരുന്നു എന്നാണ് ഐതീഹ്യം. ഈ വിശ്വാസത്തില്‍ നിന്നാണ് ഈ പാറയ്ക്ക് പാണ്ഡവന്‍പാറ എന്ന് പേര് വന്നത്. പഞ്ചപാണ്ഡവന്മാര്‍ ഒളിച്ച് താമസിച്ചിരുന്നത് ഈ പാറക്കുള്ളിലെ ഗുഹയിലായിരുന്നു. ഈ ഐതീഹ്യത്തിന് പിന്‍ബലമായി ഒട്ടേറെ നാടോടിക്കഥകളുമുണ്ട്.

ഉറുകുന്നിലെത്തിയാല്‍ ഒരു ചെറിയ ശിവക്ഷേത്രം കാണാം. ഇതിനോട് ചേര്‍ന്ന് കിടക്കുന്ന റബര്‍ തോട്ടത്തിലൂടെയാണ് പാണ്ഡവന്‍ പാറയിലേക്കുള്ള യാത്ര. ഈ കുന്നു കയറുന്നതിനിടയില്‍ ചുറ്റുപാടുമുള്ള സുന്ദര കാഴ്ചകള്‍ സഞ്ചാരികള്‍ക്ക് ആസ്വദിക്കാം. തെന്‍മലയുടെ വിവിധ ഭാഗങ്ങള്‍, ചുറ്റുമുള്ള കാടുകള്‍, കല്ലട അണക്കെട്ട്,കൊല്ലം-ചെങ്കോട്ട റെയില്‍പാത തുടങ്ങി നിരവധി കാഴ്ചകള്‍ ഈ യാത്രയ്ക്കിടയില്‍ കാണാനാക്കും.

ഈ കുന്നിന്‍റെ മുകളിലായാണ് മലയില്‍ നിന്ന് പുറത്തേയ്ക്ക് തള്ളി നില്‍ക്കുന്ന കൂറ്റന്‍ പാറകള്‍ ഇതിന്‍റെ തെക്ക് ഭാഗത്തായി ഒരു ക്ഷേത്രവും സ്ഥിതി ചെയ്യുന്നു. ഇതിനോട് ചേര്‍ന്ന് നിരവധി ഗുഹകളും കാണാം. ഈ ഗുഹകളിലാണ് പാണ്ഡവര്‍ താമസിച്ചിരുന്നത് എന്നാണ് വിശ്വാസം.

ഗുഹകള്‍ക്കകത്ത് കാറ്റും വെളിച്ചവും സമൃദ്ധമാണ്. ഗുഹക്കകത്തേക്ക് പ്രവേശിച്ചാല്‍ പാറച്ചുവരില്‍ ഉണ്ടാക്കിയ ചിത്രങ്ങള്‍ പ്രാകൃതകാലസംസ്കാരത്തിന്റെ ഒളിമങ്ങാത്ത തെളിവുകളാണ്.കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന പാണ്ഡവന്‍പാറയില്‍ കണ്ടെത്തിയ ശിലാചിത്രങ്ങള്‍ക്ക് വയനാട്ടിലെ എടക്കല്‍ ഗുഹാചിത്രങ്ങളുമായി സാമ്യമുണ്ട്.

തിരുവനന്തപുരത്ത് നിന്ന് ഏകദേശം 70 കിലോമീറ്റര്‍ അകലെയാണ് പാണ്ഡവന്‍പാറ സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്ത് നിന്ന് നെടുമങ്ങാട്- കുളത്തൂപ്പുഴ- ചെങ്കോട്ട റോഡിലൂടെ ഉറുക്കുന്നിലെത്താം. കൊല്ലത്ത് നിന്ന് പുനലൂര്‍ ചെങ്കോട്ട് വഴി യാത്ര ചെയ്താണ് ഇവിടെ എത്തേണ്ട്ത്.

ഏകദേശം 66 കിലോമീറ്റര്‍ അകലെയുള്ള കൊല്ലമാണ് ഏറ്റവും അടുത്ത റെയില്‍‌വേ സ്റ്റേഷന്‍. തിരുവനന്തപുരം വിമാനത്താവളമാണ് അടുത്ത വിമാനത്താവളം. മൂന്ന് കിലോമീറ്റര്‍ അകലെയുള്ള തെന്‍മലയില്‍ മികച്ച താമസസൌകര്യങ്ങള്‍ ലഭ്യമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :