ഇന്ത്യ | കേരളം
പ്രധാന താള്‍ » വിനോദം » വിനോദസഞ്ചാരം » കേരളം » ശാന്ത സൌന്ദര്യം തുളുമ്പുന്ന കാപ്പാട് ബീച്ച് (Wonderful view of Kappad beach)
Feedback Print Bookmark and Share
 
PRO
കോഴിക്കോട് നഗരത്തില്‍ നിന്ന് 16 കിലോമീറ്റര്‍ അകലെയാണ് ചരിത്രമുറങ്ങുന്ന കാപ്പാട് ബീച്ച്. പോര്‍ച്ചുഗീസ് നാവികനായ വാസ്കോഡ ഗാമ കാപ്പാട് കടല്‍ത്തീരത്ത് കാലുകുത്തിയതോടെയാണ് ഇന്ത്യയില്‍ കോളനിവത്കരണം ആരംഭിച്ചത്. 170 പേരുള്ള ഒരു സംഘത്തെ നയിച്ചു കൊണ്ടാണ് ഗാമ അന്ന് കാപ്പാട് തീരത്തിറങ്ങിയത്.

പ്രാദേശികമായി കാപ്പാട് ബീച്ചിനെ കപ്പക്കടവെന്നാണ് വിളിച്ചു പോരുന്നത്. കടലിലേക്ക് തള്ളിനില്‍ക്കുന്ന പാറക്കൂട്ടം കാപ്പാടിന് അനുപമായ മനോഹാരിത നല്‍കുന്നു. ഇവിടെ പാറക്കുമുകളില്‍ ഒരു ക്ഷേത്രം സ്ഥിതി ചെയ്യുന്നുണ്ട്. ഈ ക്ഷേത്രത്തിന് ഏകദേശം 800 വര്‍ഷത്തിലധികം പഴക്കമുണ്ട്. കാറ്റാടി മരങ്ങള്‍ കാപ്പാട് ബീച്ചിന്‍റെ മറ്റൊരു പ്രത്യേകതയാണ്.

ഒരുകാലത്ത് കേരളത്തിലെ പ്രധാന വ്യാപാര തുറമുഖങ്ങലിലൊന്നായിരുന്നു കാപ്പാട് ബീച്ച്. അറബികളടക്കമുള്ള നിരവധി വ്യാപാരികള്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് അവരുടെ വ്യാപാര സാധനങ്ങള്‍ ഇന്ത്യയിലെത്തിച്ചിരുന്നത് കാപ്പാട് ബീച്ചിലൂടെയായിരുന്നു. ബീച്ചിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന പാറക്കൂട്ടങ്ങള്‍ക്ക് മുകളില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള ശിലാക്ഷേത്രത്തിന് എട്ട് നൂറ്റാണ്ട് പഴക്കമുണ്ടെന്ന് കരുതുന്നു.

കാപ്പാട് ഗ്രാമത്തിലൂടെ ഒഴുകുന്ന കോരപ്പുഴയിലൂടെ ബോട്ടു സവാരി നടത്താനും കായലില്‍ പോകാനും സൌകര്യമുണ്ട്. വാസ്കോഡ ഗാമയുടെ സന്ദര്‍ശനത്തിന്‍റെ ഓര്‍മ്മയ്ക്കായി ഒരു ചെറിയ സ്മാരകം മാത്രമാണ് ഇവിടെയുള്ളത്. ശാന്തമായ അന്തരീക്ഷത്തില്‍ കടലിന്‍റെ ഭംഗി ആസ്വദിക്കാനായി നിരവധി പേര്‍ ഇപ്പോള്‍ കാപ്പാട് തീരത്ത് എത്തുന്നുണ്ട്. കോഴിക്കോട് ബീച്ച് സൌന്ദര്യ വത്കരണത്തിന്‍റെ മാതൃകയില്‍ കൂടുതല്‍ പരിഷ്കരണം നടത്തിയാല്‍ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി കാപ്പാട് മാറും.

ജില്ലയിലെ തന്നെ മറ്റൊരു ടൂറിസ്റ്റ് കേന്ദ്രമായ തുഷാരഗിരിയില്‍ നിന്ന് കാപ്പാട് വരെ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന റോഡ് പ്രാവര്‍ത്തികമാക്കിയാല്‍ ഇവിടെയെത്തുന്ന സഞ്ചാരികളെ കാപ്പാട് ബീച്ചിലേക്ക് എത്തിക്കാന്‍ സാധിക്കും. ജില്ലയിലെ മറ്റ് ഇക്കോ ടൂറിസം മേഖലകളിലേക്കും യാത്രാ സൌകര്യമൊരുക്കിയാല്‍ കാപ്പാടിന്‍റെ മാത്രമല്ല കോഴിക്കോടിന്‍റെ തന്നെ ടൂറിസം വികസനത്തിന് ഇത് സഹായകരമാകും.

കോഴിക്കോട് റെയില്‍‌വേ സ്റ്റേഷനില്‍ ഇറങ്ങി റോഡ് മാര്‍ഗ്ഗം 16 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ കാപ്പാട് ബീച്ചില്‍ എത്താം. കാപ്പാട് നിന്ന് എട്ട് കിലോമീറ്റര്‍ അകലെ കൊയിലാണ്ടിയിലും റെയില്‍‌വേ സ്റ്റേഷന്‍ ഉണ്ട്. 39 കിലോമീറ്റര്‍ അകലെയുള്ള കരിപ്പൂരാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍