ക്രിസ്തു മതത്തിനും ജൂതര്‍ക്കും പിന്നാലെ ഇസ്ലാം മതവും ഇന്ത്യയില്‍ വേരുറപ്പിച്ചത് കൊടുങ്ങല്ലൂരിലായിരുന്നു. ചേര രാജവംശത്തിന്‍റെ കീഴിലായിരുന്ന കൊടുങ്ങല്ലൂരിലെ ഭരണാധികാരിയായിരുന്നു ചേരമാന്‍ പെരുമാള്‍ രാജ്യഭാരം ഉപേക്ഷിച്ച് മെക്കയിലേക്ക് തീര്‍ത്ഥയാത്ര നടത്തി. മെക്കയില്‍ വെച്ചു ഇസ്ലാം മതം സ്വീകരിച്ച് ചേരമാന്‍ പെരുമാള്‍ താജുദ്ദിന്‍ എന്ന പേര് സ്വീകരിച്ചും യമനിലെ സഫര്‍ തുറമുഖത്ത് വെച്ച് മരിക്കുന്നതിന് മുന്‍പ് നാട്ടില്‍ ഇസ്ലാം പ്രചരിപ്പിക്കുന്നതിനായി ഇവിടുത്തെ ഭരണാധികാരികളോട് നിര്‍ദേശിക്കുന്ന കത്ത് ജെദ്ദയിലെ രാജാവിന് കൈമാറി. ഇതിന്‍റെ അടിസ്ഥാനത്തില്‍ പ്രവാചകനായ മൊഹമ്മദ് നബിയുടെ ശിഷ്യനായ മാലിക് ബിന്‍ ദിനാര്‍ കൊടുങ്ങലൂരില്‍ എത്തി ചേരമാന്‍ പള്ളി നിര്‍മ്മിച്ചു എന്നാണ് വിശ്വാസം.
കൊടുങ്ങല്ലൂര്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള മേത്തലയിലാണ് ചേരമാന്‍ ജുമാ മസ്ജിദ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ തന്നെ ആദ്യ മുസ്ലിം പള്ളിയാണിത്. ഹിന്ദു ക്ഷേത്രങ്ങളുടെ മാതൃകയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ പള്ളിയില്‍ ഹിന്ദു ആരാധനാലയങ്ങളുടെ മാതൃകയില്‍ നിലവിളക്കും മറ്റും ഉപയോഗിക്കുന്നതും ശ്രദ്ധേയമാണ്. സാധാരണ ലോകത്തിലെ എല്ലാ മെക്കയുടെ ഭാഗത്തേയ്ക്ക് നോക്കുന്ന രീതിയില്‍ നിര്‍മ്മിക്കുമ്പോള്‍ ചേരമാന്‍ ജുമാ മസ്ജിദിന് കിഴക്ക് ദര്‍ശനമാണ്. യഥാര്‍ത്ഥ മസ്ജിദിനോട് ചേര്‍ന്ന് പുതിയ പള്ളിയും നിര്‍മ്മിച്ചിട്ടുണ്ട്.
കൊടുങ്ങലൂര്‍ ഭരണയുടെ പേരില്‍ പ്രസിദ്ധമായ ഭദ്രകാളി ക്ഷേത്രമാണ് ഇവിടത്തെ മറ്റൊരു പ്രധാന ആകര്‍ഷണം. ഏകദേശം പത്ത് ഏക്കര്‍ വിസ്തൃതിയുള്ള ക്ഷേത്രവളപ്പില്‍ ആല്‍ വൃക്ഷങ്ങളുടെ ഇടയിലായാണ് ഭഗവതി ക്ഷേത്രം. കുംഭ മാസത്തിലെ ഭരണി നാള്‍ മുതല്‍ മീന മാസത്തിലെ ഭരണി വരെയാണ് ഇവിടെത്തെ ഉത്സവം. അയിരക്കണക്കിന് ഭക്തജനങ്ങള്‍ ഇതില്‍ പങ്കു ചേരാന്‍ ഇവിടെ എത്തുമ്പോള്‍. ഈ അപൂര്‍വ്വ ഉത്സവം കാണാന്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സഞ്ചാരികളും എത്തിച്ചേരാറുണ്ട്. ഭദ്രകാളിയുടെ അവതാരമായ കണ്ണകിയെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നതെന്നാണ് വിശ്വാസം. ചേര രാജാവായ ചേരന്‍ ശെങ്കുട്ടവനാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്.
ഇത്തരത്തില്‍ വിവിധ മതവിഭാഗങ്ങളുടെ വ്യത്യസ്തങ്ങളായ ആരാധന രീതികള്‍ക്ക് വേദിയായും ചരിത്രപ്രാധാന്യമുള്ള നിരവധി അരാധനാലയങ്ങള്‍ സ്ഥിതി ചെയ്യുന്ന സ്ഥലമെന്ന നിലയിലുമെല്ലാം മതസൌഹാര്‍ദത്തിന്‍റെയും സഹവര്‍ത്തിതിന്‍റെയും അപൂര്‍വ്വ അനുഭവങ്ങളും കൊടുങ്ങലൂര്‍ സമ്മാനിക്കുന്നു. ഇന്ത്യയുടെ സാംസ്ക്കാരിക പൈതൃകത്തെയും നാനാത്വങ്ങളിലെ ഏകത്വത്തെയും മനസിലാക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരു സഞ്ചാരിയും തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട് പുണ്യഭൂമിയാണ് കൊടുങ്ങല്ലൂര്‍. |