മലയാളിയുടെ വിശാല കാഴ്ചാടുകളുടെയും സാംസ്കാരിക ഔന്നത്യത്തിന്‍റെയും ഉദാഹരണമായി വാഴ്ത്തപ്പെടുന്ന പ്രദേശമാണ് തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍. ഇസ്ലാം. ക്രിസ്തീയ, ജൂത മതങ്ങള്‍ക്ക് ഇന്ത്യയില്‍ ആദ്യമായി ആതിഥ്യം അരുളിയ കൊടുങ്ങലൂരിന് ഇന്ത്യയിലേക്കുള്ള ‘മതങ്ങളുടെ കവാടം’ എന്ന വിശേഷണം ഒട്ടും അതിശയോക്തിപരമാകില്ല.ഈ ചരിത്ര സത്യങ്ങളുടെ സ്മാരകങ്ങളായി നിലകൊള്ളുന്ന അരാധനാലയങ്ങളും ശേഷിപ്പുകളും കൊടുങ്ങലൂരിന് ചുറ്റുമുണ്ട്. തീര്‍ത്ഥയാത്രികര്‍ക്ക് പുറമെ ചരിത്രകുതകികളായ നിരവധി സഞ്ചാരികളും ദിനംപ്രതി കൊടുങ്ങലൂരില്‍ എത്താറുണ്ട്. റോം, ചൈന , അറേബിയ തുടങ്ങിയവയുമായി പുരാതന കാലം മുതല്‍ തന്നെ കൊടുങ്ങലൂരിന് വാണിജ്യ ബന്ധവുമുണ്ടായിരുന്നു. കൊടുങ്ങലൂരിലെ തുറമുഖമാണ് വിശാലമായ ഈ വാണിജ്യബന്ധം സാധ്യമാക്കിയത്.ഇങ്ങനെയാണ് പ്രേഷിത പ്രവര്‍ത്തനത്തിനിടയില്‍ തോമാശ്ലീഹ ഇവിടെയെത്തിയത്. ക്രിസ്തു വര്‍ഷം 52ല്‍ ഇവിടെയെത്തിയ സെന്‍റ് തോമസ് ഇന്ത്യയില്‍ ആദ്യമായി ക്രിസ്തു മതത്തെ കുറിച്ച് പ്രസംഗിച്ചത് ഇവിടെ വെച്ചാണെന്ന് വിശ്വസിക്കപ്പെടുന്നു. കൊടുങ്ങലൂരിലെ മാളിയങ്കരയില്‍ സെന്‍റ് തോമസ് സഥാപിച്ചതാണ് ഇന്ത്യയിലെ ആദ്യ പള്ളി എന്നും വിശ്വസിക്കപ്പെടുന്നു.റോമാക്കാരുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട് പാലായനം ചെയ്ത ജൂത വംശജര്‍ ക്രിസ്തു വര്‍ഷം 69 ല്‍ കടല്‍ മാര്‍ഗം കൊടുങ്ങല്ലൂരില്‍ എത്തി. ഇവിടത്തെ തുറമുഖം 1341ലെ വെള്ളപ്പോക്കത്തില്‍ നശിക്കുന്നത് വരെ ജൂതരുടെ പ്രധാന കേന്ദ്രവും കൊടുങ്ങല്ലൂരായിരുന്നു. ജൂത സ്വാധീനം വ്യക്തമാക്കുന്ന നിരവധി നിര്‍മ്മിതികള്‍ കൊടുങ്ങല്ലൂരിന് ചുറ്റുമുണ്ട്. |