ഇന്ത്യ | കേരളം
പ്രധാന താള്‍ » വിനോദം » വിനോദസഞ്ചാരം » ഇന്ത്യ » ഡാര്‍ജിലിംഗ്; മലകളുടെ രാജകുമാരി (Darjeeling; Queen of the Hills)
Bookmark and Share Feedback Print
 
PRO
പശ്ചിമ ബംഗാളിലെ ഡാര്‍ജലിംഗ് വിനോദ സംഞ്ചാരികളുടെ പറുദീസയാണ്. അംബരചുംബികളായ പര്‍വ്വതനിരകളുടെ കേദാരഭൂമിയായ ഡാര്‍ജിലിംഗ് ‘മലകളുടെ രാജകുമാരി’ എന്നാണ് അറിയപ്പെടുന്നത്. ഡാര്‍ജിലിംഗ് തേയില ആഗോളതലത്തില്‍ത്തന്നെ ജനപ്രിയമാണ്. ഡാര്‍ജിലിംഗ് ഹിമാലയന്‍ റെയില്‍‌വേയും ലോകപ്രശസ്തം. പത്തൊന്‍പതാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് ഭരണകാലത്താണ് ഇവിടെ തേയിലത്തോട്ടങ്ങള്‍ വെച്ചുപിടിപ്പിച്ചത്.

1999ലാണ് ഡാര്‍ജിലിംഗ് ഹിമാലയന്‍ റെയില്‍‌വേ വേള്‍ഡ് ഹെറിറ്റേജ് സൈറ്റ് ആയി പ്രഖ്യാപിച്ചത്. ആവി എഞ്ജിന്‍ തീവണ്ടികള്‍ സര്‍വീസ് നടത്തുന്ന അപൂര്‍വ്വം സ്ഥലങ്ങളിലൊന്നാണിത്. ബ്രിട്ടീഷ് ഭരണത്തിന്‍റെ അവശേഷിപ്പുകള്‍ ഇവിടെ ഇപ്പോഴും കാണാം. ബ്രിട്ടീഷ് ശൈലിയിലുള്ള ഇവിടുത്തെ സ്കൂളുകളിലേക്ക് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങള്‍ക്ക് പുറമേ രാജ്യത്തിന്‍റെ പുറത്തു നിന്ന് പോലും വിദ്യാര്‍ത്ഥികളെത്തുന്നു.

ബംഗാള്‍, സിക്കിം, നേപ്പാള്‍ എന്നീ പ്രദേശങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നതായിരുന്നു പത്തൊന്‍പതാം നൂറ്റാണ്ടിലെ ഡാര്‍ജിലിംഗിന്‍റെ ചരിത്രം. 1828ല്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സൈനികാസ്ഥാനമായിരുന്നു ഡാര്‍ജിലിംഗ്. സ്വാതന്ത്ര്യാനന്തരം ബംഗാള്‍ സംസ്ഥാനത്തിന്‍റെ ഭാഗമായി ഡാര്‍ജിലിംഗ്. മലനിരകളിലൂടെയുള്ള ട്രെയിന്‍ യാത്ര തന്നെ ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് ഏറേ ആസ്വാദ്യകരം. ബറ്റാസിയ ലൂപ് എന്നറിയപ്പെടുന്ന ഡാര്‍ജിലിംഗില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള റെയില്‍വേ ലൂപ് സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നു. മഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന പട്ടണത്തിന്‍റെ മനോഹരമായ ദൃശ്യം ഇവിടെ നിന്നും ആസ്വദിക്കാനാകും.

മലമുകളില്‍ സ്ഥിതി ചെയ്യുന്ന ഗൂം സന്യാസി മഠം സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രത്യേക കേന്ദ്രമാണ്. ബുദ്ധന്‍റെ നിരവധി ചിത്രങ്ങളും ടിബറ്റന്‍ ഭാഷയിലെഴുതിയ താളിയോല ഗ്രന്ഥങ്ങളും ഇവിടെ കാണാം. ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രയോജനകരമാണ്. ഡാര്‍ജലിംഗിന്‍റെ ചരിത്രം രേഖപ്പെടുത്തിയ ദേശീയ മ്യൂസിയം അവിടുത്തെ മറ്റൊരു പ്രധാന ആകര്‍ഷണ കേന്ദ്രമാണ്. ലിയോര്‍ഡ് ബോട്ടാണിക്കല്‍ ഗാര്‍ഡനില്‍ അതിപുരാതന കാലത്തുള്ള ഹിമാലയന്‍ സസ്യങ്ങള്‍ മുതല്‍ ഓര്‍ക്കിഡുകള്‍ വരെയുള്ള വന്‍ശേഖരങ്ങളുടെ വിളഭൂമിയാണ്.

പദ്മജ നായിഡു സുവോളജിക്കല്‍ പാര്‍ക്ക് വിനോദസഞ്ചാരികളെ ഏറ്റവുമധികം ആകര്‍ഷിക്കുന്ന പ്രധാന കേന്ദ്രമാണ്. ഹിമപ്രദേശത്ത് മാത്രം കാണുന്ന പ്രത്യേകതരം പുള്ളിപ്പുലികളാണ് ഈ മൃഗശാലയിലെ പ്രത്യേക ആകര്‍ഷണം. ഉസ്സൂറിയന്‍ കടുവകളും ഹിമാലയന്‍ കരടികളുമെല്ലാം ഈ മൃഗശാലയിലെ മറ്റ് ആകര്‍ഷണങ്ങളാണ്. 1954ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു സ്ഥാപിച്ച പര്‍വ്വതാരോഹണ സ്ഥാപനം ഡാര്‍ജിലിംഗിലെ ഒരു സുപ്രധാന കേന്ദ്രമാണ്.

ഏഷ്യയിലെ തന്നെ ഏറ്റവും നീളം കൂടിയ റോപ്‌വേ ഡാര്‍ജിലിംഗിലെ രംഗിത് വാലി റോപ്‌വേയാണ്. നക്ഷത്ര ബംഗ്ലാവ്, ധിര്‍ദാം ക്ഷേത്രം, അലൂബാരി സന്യാസി മഠം, ആവ ആര്‍ട്ട് ഗ്യാലറി എന്നിവ ഡാര്‍ജലിംഗിലെ മറ്റ് ചില വിനോദസഞ്ചാര കേന്ദ്രമാണ്. ഡാര്‍ജിലിംഗില്‍ നിന്ന് 11 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ടൈഗര്‍ ഹില്‍‌സിലെത്താം. കാഞ്ചന്‍ ഗംഗയില്‍ നിന്നും മറ്റ് കിഴക്കന്‍ ഹിമാലയ പരവ്വത നിരകളില്‍ നിന്നുമുള്ള സൂര്യോദയ സമയത്തെ കാഴ്ചകള്‍ കണ്ണഞ്ചിപ്പിക്കുന്നവയാ‍ണ്. ഉദയ സമയത്തെ സ്വര്‍ണജ്വാലകള്‍ മഞ്ഞുപാളികളില്‍ തട്ടി വിവിധ സമയങ്ങളിലായി ശോണവര്‍ണമാകുന്നതും പിങ്ക് നിറമാകുന്നതും കാണാം.

ഡാര്‍ജിലിംഗില്‍ നിന്ന് 95 കിലോമീറ്റര്‍ അകലെ ബഗ്ദോഗ്രയിലാണ് തൊട്ടടുത്തുള്ള വിമാനത്താവളം. ഗുവാഹത്തി, കൊല്‍കത്ത, ഡെല്‍ഹി എന്നിവിടങ്ങളില്‍ നിന്ന് ഇവിടേയ്ക്ക് നേരിട്ട് വിമാന സര്‍വീസുണ്ട്. ന്യൂ ജല്പായിഗുരിയാണ് തൊട്ടടുത്തുള്ള റെയില്‍‌വേ സ്റ്റേഷന്‍. കൊല്‍ക്കത്ത, ഡല്‍ഹി, ഗുവാഹത്തി, വാരാണസി, മുംബൈ, ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇവിടേക്ക് ട്രെയിന്‍ സര്‍വീസ് ലഭ്യമാണ്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍