രാജസ്ഥാനിന്റെ സൌന്ദര്യം കോട്ടയില്‍ കാണാന്‍ കഴിയുമെന്ന് പറഞ്ഞാല്‍ അത്ഭുതപ്പെടാനാവില്ല. ഈ മരുപ്രദേശത്ത് മനസ്സില്‍ തെളിനീര് പൊടിക്കുന്ന കാഴ്ചകളാണ് കോട്ട നമുക്കായി കാത്ത് വച്ചിരിക്കുന്നത്.
പ്രശസ്തമായ ചമ്പല്‍ നദിയുടെ തീരത്തുള്ള ഈ നഗരം ക്ഷേത്രങ്ങളാലും കോട്ടകളാലും സമ്പന്നമാണ്. രാജസ്ഥാനെ എന്നും ഓര്‍മ്മിക്കാനായി കരകൌശല വസ്തുക്കള്‍ വാങ്ങണോ? മികച്ച കരകൌശല വസ്തുക്കള്‍ ലഭിക്കുന്ന സ്ഥലം കൂടിയാണിത്. ദസ്സറയാണ് ഇവിടുത്തെ പ്രധാനം ആഘോഷം. ദസറ സമയത്ത് വിദേശികളും സ്വദേശികളുമായി ആയിരങ്ങളാണ് ഇവിടം സന്ദര്‍ശിക്കുക.
കോട്ടയിലെ പ്രധാന ആകര്‍ഷണം നഗരത്തിലെ കോട്ട തന്നെയാണ്. പതിനേഴാം നൂറ്റാണ്ടിന്റെ പ്രൌഡി വിളിച്ചോതി നില്‍ക്കുന്ന ഈ കോട്ടയാണ് രാജസ്ഥാനിലെ ഏറ്റവും വലിയതും ഭംഗിയേറിയതുമായ കോട്ട. ഇതിന്റെ താഴികക്കുടങ്ങളും കൊത്തളങ്ങളും പറയുന്നത് ഭൂതകാലത്തെ പടയോട്ടങ്ങളുടെ കഥയാണ്. കോട്ടയുടെ ആനവാതിലാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റൊരു കാര്യം.
കോട്ടയിലെ ഒരു മഹാറാണിയാണ് ജഗ്‌മന്ദിര്‍ കൊട്ടാരം പണികഴിപ്പിച്ചതെന്നാണ് കരുതുന്നത്. കിഷോര്‍ സാഗര്‍ തടാകത്തിന്റെ നടുക്കായി നിര്‍മ്മിച്ചിരിക്കുന്ന ഈ കൊട്ടാരം കാണികളില്‍ അത്ഭുതമുണര്‍ത്തുമെന്നത് നിശ്ചയം. രാജക്കന്‍മാരുടെ ഒഴിവുകാല വസതിയായിരുന്ന ഇവിടെ നമുക്കും ഒഴിവുകാല വിനോദത്തിന്റെ ആഹ്ലാദം കണ്ടെത്താനാവുമെന്ന് ഉറപ്പാണ്. ഇവിടെയെത്തി തടാകത്തിലെ വെള്ളത്തിലേക്ക് വെറുതെയൊന്നു നോക്കൂ......സ്ഫടിക ജലത്തില്‍ പതിനേഴാം നൂറ്റാണ്ടിലെ നിര്‍മ്മാണ ചാതുരി പുഞ്ചിരിച്ചു നില്‍ക്കുന്നത് കാണാന്‍ കഴിയും. ഇത് നമ്മുടെ മനസ്സിനെ പഴയകാല പ്രതാപത്തിലേക്ക് ആകര്‍ഷിക്കുമെന്ന് ഉറപ്പ്.
മഹാറാവു മധോ സിംഗ് മ്യൂസിയമാണ് കോട്ടയിലെത്തുന്ന സഞ്ചാരികള്‍ കണ്ടിരിക്കേണ്ട മറ്റൊരിടം. ഇവിടെ ‘കോട്ട സ്കൂള്‍ ഓഫ് പെയിന്റിംഗ്’ മനസ്സിലാക്കാന്‍ പറ്റിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കോട്ട രാജവംശത്തിലെ രാജാക്കന്‍മാര്‍ ഉപയോഗിച്ചിരുന്ന പലവിധ ഉപകരണങ്ങള്‍, പുരാതന പ്രതിമകള്‍, ആയുധങ്ങള്‍ ഇവയെല്ലാം ഇവിടെ നമുക്ക് മുന്നില്‍ മറ്റൊരു ലോകം തുറക്കും.
ഒരറ്റത്ത് ജലപാളികള്‍ വിസ്മയം തീര്‍ക്കുന്ന ചമ്പല്‍ ഗാര്‍ഡനും കോട്ടയിലെത്തുന്നവര്‍ക്ക് വിസ്മയമാവും. പുലിയും കടുവയും പുള്ളിമാനുമൊക്കെ നിങ്ങളെ കാത്തിരിക്കുന്ന ദാര വന്യജീവി സംരക്ഷണ കേന്ദ്രം കോട്ടയില്‍ നിന്ന് 50 കിലോ മീറ്റര്‍ അകലെയാണ്.
ഒമ്പതാം നൂറ്റാണ്ടിലെ ബരോളി ക്ഷേത്ര സമുച്ചയത്തിലേക്ക് എത്തിച്ചേരാന്‍ ഇവിടെ നിന്ന് 48 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മതിയാവും. ഗര്‍ഹ്ഗച്ചില്‍ സന്ദര്‍ശനം നടത്തിയാല്‍ പുരാതന ക്ഷേത്രങ്ങളുടെ ശേഷിപ്പുകള്‍ കാണാനും സാധിക്കും.