‘കോട്ടകളുടെ നഗരം'എന്ന വിളിപ്പേരില്‍ അറിയപ്പെട്ടിരുന്ന ഗോല്‍ക്കൊണ്ടയെ ദക്ഷിണേന്ത്യയുടെ വിനോദ സഞ്ചാര ഭൂപടത്തില്‍ അവഗണിക്കാനാവില്ല. ആന്ധ്രപ്രദേശിന്‍റെ തലസ്ഥാനമായ ഹൈദരാബാദില്‍ നിന്നും 11 കിലോമീറ്റര്‍ പടിഞ്ഞാറുമാറിയാണ് മനോഹരമായ ഈ കോട്ട സമുച്ചയം സ്ഥിതി ചെയ്യുന്നത്.പ്രധാനമായും എട്ട് കവാടങ്ങള്‍ (ദര്‍വാസ) ആണ് കോട്ടയ്ക്കുള്ളത്. പ്രധാന കവാടമായ ഫച്ച് ദര്‍വാസയുടെ വാതിലിന് 13 അടി വീതിയും 25 അടി ഉയരവും! മനോഹരമായ കൊത്തുപണികളാല്‍ അലംകൃതമാണ് ഈ കവാടം. കോട്ടയിലെ നാദ ശ്രവണ സംവിധാനം ആധുനിക എഞ്ചിനീയര്‍മാരെപ്പോലും അമ്പരപ്പിക്കുന്നു. ഏറ്റവും അടിയിലുള്ള കവാടങ്ങളിലെ ഒരു കയ്യടി ശബ്ദം പോലും ഒരു കിലോമീറ്ററോളം ഉയരത്തിലുള്ള ബാല ഹിസാറില്‍ കേള്‍ക്കത്തക്കവണ്ണമാണ് ഇതിന്‍റെ നിര്‍മ്മിതി. പതിമൂന്നാം നൂറ്റാണ്ടിലാണ് ഈ കോട്ടയുടെ നിര്‍മ്മാണം നടന്നതെന്നാണ് വിശ്വാസം. കാകത്യാസ് വംശജരായിരുന്നു ദക്ഷിണേന്ത്യയുടെ ഈ ഭാഗത്ത് അന്ന് ഭരണം നടത്തിയിരുന്നത്. മണ്ണുകൊണ്ടാണ് ഈ കോട്ട ആദ്യം പണികഴിപ്പിച്ചത്. പിന്നീട് പതിനാറാം നൂറ്റാണ്ടിലും പതിനേഴാം നൂറ്റാണ്ടിലും പ്രദേശത്ത് ഭരണം നടത്തിയ ക്വത്തബ് ഷാഹി രാജാക്കന്‍മാരുടെ ഭരണകാലത്താണ് ഇത് കല്ലില്‍ പുനര്‍നിര്‍മ്മിച്ചത്. പുനര്‍നിര്‍മ്മാണത്തിന് ഏതാണ്ട് 62 വര്‍ഷം വേണ്ടി വന്നതായി ചരിത്രം സാക്‍ഷ്യപ്പെടുത്തുന്നു. |