ഹിമാലയ പര്‍വ്വതനിരയുടെ സൌന്ദര്യത്തില്‍ കുളിച്ചു നില്‍ക്കുന്ന ഹിമാച്ചല്‍ പ്രദേശിന്‍റെ തലസ്ഥാനമാണ് സമുദ്ര നിരപ്പില്‍ നിന്ന് ഏകദേശം 7000 അടി ഉയരത്തിലുള്ള സിംല. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയുടെ വേനല്‍ക്കാല തലസ്ഥനമായിരുന്ന സിംല ഇന്ന് രാജ്യത്തേ ഏറ്റവും ശ്രദ്ധയമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്.ഓക്, പൈന്‍ മരങ്ങള്‍ ഇടതുര്‍ന്ന് നില്‍ക്കുന്ന മഞ്ഞു മൂടിയ കുന്നുകളും കൊളോണിയല്‍ ശില്‍പ്പ ചാരുത നിറഞ്ഞു നില്‍ക്കുന്ന കെട്ടിടങ്ങളും ചേര്‍ന്ന് സിംലയ്ക്ക് ഒരു യൂറോപ്യന്‍ ഗ്രാമീണഛായ പകര്‍ന്നു നല്‍കുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മ്മിച്ച മനോഹരമായി നിരവധി കോട്ടേജുകള്‍ ഇവിടെയുണ്ട്. ദി മാള്‍ ആണ് സിംലയിലെ ഏറ്റവും പ്രധാന ഷോപ്പിങ്ങ് കേന്ദ്രം. ഗെയ്റ്റി തീയേറ്ററും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. വടക്കെ ഇന്ത്യയിലേ ഏറ്റവും പഴക്കം ചെന്ന ക്രിസ്തീയ ദേവാലയമായ ക്രൈസ്റ്റ് ചര്‍ച്ച്, സിംലയുടെ സാംസ്കാരിക സമ്പത്ത് പ്രദര്‍ശിപ്പിക്കുന്ന സിംല സ്റ്റേറ്റ് മ്യൂസിയം, മഹാത്മഗാന്ധി സിംലയില്‍ എത്തുമ്പോള്‍ താമസിച്ചിരുന്ന സമ്മര്‍ ഹില്‍ തുടങ്ങിയവയും സിംലയില്‍ എത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കുന്നു.ഗിന്നസ് ബുക്കില്‍ ഇടം നേടിയിട്ടുള്ള കല്‍ക്ക-സിംല റെയില്‍ പാതയാണ് ഇവടത്തെ മറ്റൊരു പ്രധാന ആകര്‍ഷണം ഏറിയ പങ്കും മലകള്‍ക്കിടയിലൂടെ നീളുന്ന ഈ റെയില്‍പാതയുടെ ആകെ ദൂരം 96 കിലോമീറ്ററാണ്. ഹരിയാനയില്‍ പഞ്ച്കുലയിലെ കല്‍ക്കയില്‍ നിന്നാണ് ഈ നാരോഗേജ് പാത ആരംഭിക്കുന്നത്.ലോക പ്രസിദ്ധമായ സങ്കട് മോചന്‍ ക്ഷേത്രം നഷ്ത്രങ്ങളുടെ ദേവതയെ കുടിയിരുത്തിയ താരാദേവി ക്ഷേത്രം എന്നിവയാണ് സിം ലയിലെ പ്രധാന ആരാധനാലയങ്ങള്‍. ഹിന്ദു മതത്തിന് പുറമെ സിഖ്, ക്രിസ്ത്യന്‍, തിബറ്റന്‍ ബുദ്ധ മതങ്ങള്‍ക്കും ഇവിടെ നിര്‍ണ്ണായക സ്വാധീനമുണ്ട്. ഈ മതവിഭാഗങ്ങളുടെയെല്ലാം ഉത്സവങ്ങള്‍ സിംലയില്‍ വന്‍ ആഘോഷമായി മാറാറുണ്ട്.ശൈത്യകാല വിനോദങ്ങളുടെ ഒരു പ്രധാന കേന്ദ്രം കൂടിയാണ് സിംല. ഹിമാച്ചല്‍ ടൂറിസം വികസന കോര്‍പ്പറേഷന്‍റെ ശൈത്യകാല കായിക ക്ലബ്ബ് സ്ഥിതി ചെയ്യുന്ന കുഫ്രിയാണ് ശൈത്യകാല കായിക വിനോദത്തിന്‍റെ തലസ്ഥാനമായി അറിയപ്പെടുന്നത്. സിംലയില്‍ നിന്ന് 16 കിലോമീറ്റര്‍ അകലെയാണ് കുഫ്രി. സ്കീയിങ്ങിനായി ആയിരക്കണക്കിന് പേരാണ് ഇവിടെ എത്തുന്നത്. ജനുവരി, ഫെബ്രുവരി മാസങ്ങളാണ് സ്കീയിങ്ങിന് ഏറ്റവും യോജിച്ച സമയം. നാല്‍ദരയിലെ ഗോള്‍ഫ് കോഴ്സ്, പട്യാല മഹാരാജാവിന്‍റെ വേനല്‍ക്കാല തലസ്ഥാനമായിരുന്ന ചെയില്‍ തുടങ്ങിയവയാണ് സിംലയ്ക്ക് സമീപത്തുള്ള മറ്റ് വിനോദസഞ്ചാര ആകര്‍ഷണങ്ങള്‍.റോഡ് മാര്‍ഗവും റെയില്‍ മാര്‍ഗവും ഡല്‍ഹി, ചണ്ഡീഗഢ് തുടങ്ങിയ നഗരങ്ങളില്‍ നിന്ന് സിംലയില്‍ എത്തിച്ചേരാം. പന്ത്രണ്ട് കിലോമീറ്റര്‍ ദൂരയുള്ള ജുബര്‍ഹട്ടിയാണ് സിംലയ്ക്ക് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ഡല്‍ഹിയില്‍ നിന്നാണ് ഇവിടേയ്ക്ക് കൂടുതല്‍ സര്‍വീസുകള്‍ ഉള്ളത്. |