മസൂറിയുടെ സുരക്ഷയ്ക്കായി ബ്രീട്ടീഷ് ഭരണകാലത്ത് പീരങ്കികള്‍ സ്ഥാപിച്ചിരുന്ന ഗണ്‍ ഹില്ലാണ് ഇവിടത്തെ മറ്റൊരു പ്രധാന ആകര്‍ഷണം. നഗരഹൃദയമായ മാള്‍ റോഡില്‍ നിന്ന് കേബിള്‍ കാറിലൂടെ ഗണ്‍ ഹില്ലില്‍ എത്തിച്ചേരാം. ഹിമാലയത്തിലെ ഏറ്റവും പുരാതനമായ ക്രിസ്ത്യന്‍ ദേവാലയവും മസൂറിയിലാണുള്ളത്. മാള്‍ റോഡിന് സമീപമുള്ള സെന്‍റ് മേരീസ് ദേവാലയമാണിത്. ഇന്ത്യയില്‍ നിര്‍മ്മിച്ച ആദ്യ തിബറ്റന്‍ ബുദ്ധക്ഷേത്രവും ഈ നഗരത്തിലാണ്. ഇന്ത്യയില്‍ എത്തിയ തിബറ്റന്‍ അഭയാര്‍ത്ഥികള്‍ 1960ലാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്. ഭദ്രാജ് ക്ഷേത്രമാണ് മുസോറിക്ക് സമീപമുള്ള മറ്റൊരു പ്രസിദ്ധ ആരാധനാലയം.പച്ചപ്പ് നിറഞ്ഞ മസൂറി ഇവിടെത്തെ ജൈവ വൈവിധ്യങ്ങളുടെ പേരിലും മസൂറി പ്രശസ്തമാണ്. വിനോഗ് പക്ഷിസങ്കേതമാണ് ഇത്തരത്തില്‍ മസൂറിയിലെ ഒരു പ്രധാന ആകര്‍ഷണം.വര്‍ഷത്തില്‍ ഏറിയ പങ്കും കോട മഞ്ഞു മൂടിയ മസൂറി തടാകം, കമ്പനി ഗാര്‍ഡന്‍സ് എന്ന ഉദ്യാനം, കെംപ്റ്റി വെള്ളച്ചാട്ടം തുടങ്ങിയവയാണ് ഇവിടത്തെ മറ്റ് ആകര്‍ഷണങ്ങള്‍. ഭട്ടാ ഫോള്‍സ്, ഝാരിപാനി ഫോള്‍സ്, മോസീ ഫോള്‍സ് തുടങ്ങി മറ്റു ചില വെള്ളച്ചാട്ടങ്ങളും മസൂറിയിലുണ്ട്. ഇന്ത്യന്‍ സിവില്‍ സര്‍വീസിലേക്ക് പ്രവേശനം നേടിയവര്‍ക്ക് ആദ്യ ഘട്ട പരിശിലനം നല്‍കുന്നതും മസൂറിയിലാണ്. മാര്‍ച്ച് പകുതി മുതല്‍ നവംബര്‍ പകുതി വരെയാണ് മസൂറി സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. ജൂലായ് മുതല്‍ സെപ്തംബര്‍ വരെ ഇവിടെ കനത്ത് മഴ പെയ്യാറുണ്ടെങ്കിലും ഇതിന്‍റെ സൌന്ദര്യം അസ്വദിക്കാനും ഇവിടേയ്ക്ക് സഞ്ചാരികള്‍ എത്താറുണ്ട്. ഡല്‍ഹി ഉള്‍പ്പടെയുള്ള പ്രധാന ഉത്തരേന്ത്യന്‍ നഗരങ്ങളെല്ലാം മസൂറിയുമായി റോഡ് മാര്‍ഗം ബന്ധിപ്പിക്കപ്പെട്ടിട്ടുണ്ട്. ഡൂണ്‍ വാലി( ജോളി ഗ്രാന്‍റ്) ആണ് ഏറ്റവുമടുത്ത വിമാനത്താവളം. |