ലോകത്തിലെ തന്നെ എറ്റവും വലിയ രണ്ടാമത്തെ ശവകുടീരം എന്ന നിലയില്‍ പ്രശസ്തമായ ഗോള്‍ ഗംബസ് സ്ഥിതി ചെയ്യുന്ന സ്ഥലം എന്ന നിലയില്‍ ഏറെ ശ്രദ്ധ നേടിയ വിനോദ സഞ്ചാര കേന്ദ്രമാണ് വടക്ക് കിഴക്കന്‍ കര്‍ണാടകത്തിലെ ബീജാപൂര്‍. ആദില്‍ ഷാഹി രാജവംശത്തിന്‍റെ തലസ്ഥാനമായിരുന്ന ബിജാപൂരിലെ സുല്‍ത്താനായിരുന്ന മൊഹമ്മദ് ആദില്‍ ഷായുടെ ശവകുടീരമാണ് ഗോള്‍ ഗംബസ്.ഇരുപതിലേറെ വര്‍ഷം കൊണ്ട് ആദില്‍ ഷാ തന്നെയാണ് തന്‍റെ ശവകുടീരം പണിതു തീര്‍ത്തത്. ഏറെ പ്രത്യേകതകളുള്ള വാസ്തുശില്‍പ്പ വൈദഗ്ധ്യം തെളിഞ്ഞു കാണുന്ന നിര്‍മ്മിതായാണ് ഇത്. പ്രധാന താഴിക കുടത്തിലേക്ക് നീളുന്ന പടിക്കെട്ടുകളടങ്ങിയ നാല് മിനാരങ്ങളുള്ള ഈ ശവകുടീരത്തിന്‍റെ ആകെ ചുറ്റളവ് 44 മീറ്ററാണ്. ഇതിനുള്ളിലെ അടഞ്ഞ ഭാഗത്ത് ചെറിയ ശബ്ദം പോലും മറുഭാഗത്ത് മുഴങ്ങി കേള്‍ക്കാനുള്ള സംവിധാനമാണ് ഇതിലെ ഒരു വാസ്തു ശില്‍പ്പ അത്ഭുതം. ഇവിടെയുണ്ടാക്കുന്ന ശബ്ദം ഒമ്പത് തവണ ഉച്ചത്തിലും രണ്ട് തവണ നേര്‍ത്തും പ്രതിധ്വനിക്കും. നേര്‍ത്ത നിശ്വാസങ്ങള്‍ പോലും ഇത്തരത്തില്‍ പ്രതിധ്വനിക്കുന്നത് ഇവിടെയെത്തുന്ന സന്ദര്‍ശകരെ അത്ഭുതപ്പെടുത്തുന്നു.അനശ്വര പ്രണയകുടീരമായ താജ് മഹലിനെ അനുസ്മരിപ്പിക്കുന്ന ഒരു ഐതിഹ്യവും ഗോള്‍ ഗോംബസിനെ കുറിച്ചുണ്ട്. ഈ കുടീരം പണികഴിപ്പിച്ച ശേഷം ആദില്‍ ഷാ തന്‍റെ പത്നിയോടൊപ്പം ഇതിന്‍റെ മട്ടുപ്പാവില്‍ നിന്ന് ഒമ്പത് നിലകള്‍ താഴെയുള്ള നടുത്തളത്തിലേക്ക് നോക്കി നില്‍ക്കുന്നതിനിടയില്‍ “പ്രീയേ, നീ എന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട് എന്നെനിക്കറിയാം. എനിക്കായി എന്തും ചെയ്യാന്‍ നീ തയാറാണോ?” എന്ന് സുല്‍ത്താന്‍ ചോദിച്ചുവത്രെ. ‘തയാറാണ്’ എന്ന് മഹാറാണി ഉത്തരം നല്‍കിയപ്പോള്‍ “എന്നാല്‍ ഇവിടെ നിന്ന് താഴേയ്ക്ക് ചാടാന്‍ തയാറാണോ” എന്ന് സുല്‍ത്താന്‍ തമാശയായി ചോദിച്ചുവെന്നും ഇത് കേട്ട മാത്രയില്‍ “തീര്‍ച്ചയായും, ഞാന്‍ ഇതാ അത് തെളിയിക്കുന്നു എന്ന പറഞ്ഞ മഹാറാണ് താഴേക്ക് ചാടി ഈ മനോഹര കുടീരത്തിന്‍റെ നടുത്തളത്തില്‍ വീണ് മരിച്ചുവെന്നുമാണ് ഐതീഹ്യം.വിശുദ്ധ പ്രണയത്തിന് തെളിവ് ചോദിച്ചതില്‍ മനം നോന്ത് സുല്‍ത്താന്‍ തന്‍റെ ശേഷിച്ച കാലം സ്വയം പഴിച്ചു, കണ്ണുനീര്‍ വാര്‍ത്ത് ഇവിടെ കഴിഞ്ഞുവെന്നുമാണ് ഈ കഥയുടെ ബാക്കി. കഥയുടെ വസ്തുത എന്താണെങ്കിലും തങ്ങളുട് പ്രണയത്തെ കുറിച്ച് ഉറക്കെ പറയാനും പ്രണയിനിയുടെ നിശ്വാസങ്ങള്‍ ഉറക്കെ കേള്‍ക്കാനുമായി നിരവധി കാമിതാക്കളാണ് ദിനം പ്രതി ഇവിടെ എത്തിച്ചേരുന്നത്.മാലിക്ക് ഏ മൈതാന്‍ എന്ന പേരിലിള്ള പീരങ്കിയാണ് ബീജാപൂരിലെ മറ്റൊരു അത്ഭുത കാഴ്ച. പതിനാലടി നീളവും 55 ടണ്‍ ഭാരവുമുള്ള ഈ പീരങ്കിയില്‍ തൊട്ട് എന്ത് ആഗ്രഹിച്ചാലും അത് സാധിക്കുമെന്നാണ് വിശ്വാസം. ഇത്തരത്തില്‍ രാജഭരണത്തിന്‍റെ ഓര്‍മ്മകള്‍ പേറുന്ന നിരവധി കാഴ്ച്ചകളാണ് ബീജാപൂരിലുള്ളത്.ഇന്ത്യയിലെ തന്നെ ആദ്യ മുസ്ലിം ആരാധനാലയങ്ങളില്‍ ഒന്നെന്ന് വിശ്വസിക്കപ്പെടുന്ന ജുമാ മസ്ജിദ്, ഇബ്രാഹീം റോസാ, മെഹ്താര്‍ മഹല്‍, ജോദ് ഗൊംബസ്, അസര്‍ മഹല്‍, ആനന്ദ് മഹല്‍ തുടങ്ങിയ മറ്റനേകം നിര്‍മ്മിതികളും ബീജാപൂരിലുണ്ട്. ഇവയില്‍ ഒരോന്നിനും അതിന്‍റെതായ ശില്‍പ്പ ചാരുതയും ചരിത്രവും ഉണ്ട് എന്നതും ബീജാപൂരിനെ വ്യത്യസ്തമായ ഒരു ടൂറിസ്റ്റ് ആകര്‍ഷണമാക്കി മാറ്റുന്നു.ബാംഗ്ലൂരില്‍ നിന്ന് 530 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറായുള്ള ഈ പുരാതന നഗരം ഗോവയോട് ചേര്‍ന്ന് കിടക്കുന്ന ബെല്‍ഗാമിന് സമീപത്താണ്. ബാംഗ്ലൂര്‍, ബെല്‍ഗാം, ഗോവ എന്നിവിടങ്ങളില്‍ നിന്ന് റെയില്‍ മാര്‍ഗവും റോഡ് മാര്‍ഗവും ബീജാപൂരില്‍ എത്തിച്ചേരാവുന്നതാണ്. മികച്ച താമസ സൌകര്യങ്ങളും ഇവിടെ ലഭ്യമാണ് |