ഫലിതം | ആക്ഷേപഹാസ്യം
പ്രധാന താള്‍ » വിനോദം » ഫലിതം » ആക്ഷേപഹാസ്യം » ഇവിടെയുമുണ്ടല്ലോ തൂണുപോലെ ആറെണ്ണം (Waiting for the final nod!)
Feedback Print Bookmark and Share
 
PRO
കൊച്ചി മെട്രോ റെയിലിന് മന്‍‌മോഹന്‍‌സിംഗ് മന്ത്രിസഭയിലെ പളനിയപ്പന്‍‌മാര്‍ ഒരിക്കല്‍ കൂടി വിലങ്ങുതടിയിട്ടു. തമിഴ്നാട്ടുകാര്‍ പണ്ടേ ഇങ്ങനെയാണ് കണ്ടാല്‍ ഗ്ലാമര്‍ ഇല്ലെന്നേയുള്ളു. ഒടുക്കത്തെ ബുദ്ധിയാണ്!. വാര്‍ത്തയറിഞ്ഞപ്പോള്‍ ചിന്തിച്ചത് മറ്റൊന്നാണ്. ഇവിടെയുമുണ്ടല്ലോ തൂണുപോലെ ആറെണ്ണം. പറഞ്ഞിട്ടെന്തുകാര്യം. ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും!

നമ്മുടെ മന്ത്രിമാര്‍ക്ക് നാട്ടുകാരുടെ കാര്യം ശ്രദ്ധിക്കാന്‍ എവിടെയാ സമയം. ഏറിപ്പോയാല്‍ നാല് ചാനലുകാരെ വിളിച്ച് ഒരു പ്രസ്താവന. പിന്നെ ഒരു ഉറപ്പും. അതോടെ ശുഭം. പിന്നെ ഉള്ളത് കണക്കിലെ കളിയാണ്. ഇങ്ങോട്ടു കിട്ടിയതും. അങ്ങോട്ടു കൊടുത്തതും വെള്ളത്തില്‍ കളഞ്ഞതും അക്കമിട്ട് നിരത്തുന്ന ഒരു പരിപാടിയാണിത്. ഈ കലാപരിപാടികള്‍ മറ്റൊന്നിനുമല്ല. ഇതും കൂടി ഇല്ലെങ്കില്‍ ചിലപ്പോള്‍ ഇവര്‍ ജീവിച്ചിരുപ്പുണ്ടോ എന്നെങ്ങാന്‍ ജനങ്ങള്‍ക്ക് സംശയം തോന്നിപ്പോയാലോ?. ഇപ്പോ കോട്ടുവാ ഇടാന്‍ വാ തുറന്നാലും ചാനല്‍ മൈക്കുകള്‍ പറന്നുവന്ന് അടുത്തിരിക്കും, അതുകൊണ്ട് ഇടയ്ക്കിടെ ജനങ്ങള്‍ക്ക് തിരുമുഖം കാണാം.

കാര്യമിതൊക്കെയാണെങ്കിലും കേരളത്തിലെ കേന്ദ്രമന്ത്രിമാര്‍ക്ക് തിരക്കിനൊരു കുറവുമില്ല. എത്രയെത്ര പരിപാടികള്‍. വല്ലപ്പോഴും ചെല്ലുന്നിടത്ത് ഒരു അഞ്ചോ പത്തോ കൊടുക്കേണ്ടിവരും, പരാതി ഒഴിവാക്കാനാണ്. അടുത്തിടെ മലയാളികളുടെ അഭിമാനമായ ഒരു കേന്ദ്രമന്ത്രി കണ്ണൂരില്‍ ഒരു കോളേജിന് അഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്തു. മൈതാനം പണിയാനാണത്രേ? പിള്ളേര്‍ കളിച്ചുവളരട്ടെന്ന് കരുതിയിട്ടുണ്ടാകും. പിന്നെ വകുപ്പ് പ്രവാസമായതുകൊണ്ട് ഇടയ്ക്കിടയ്ക്ക് അക്കരെയ്ക്കൊന്നു യാത്ര ചെയ്യണം. അവിടെ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് വേണ്ടിയുണ്ടാക്കുന്ന കരാറുകളില്‍ വല്ല അക്ഷരത്തെറ്റോ മറ്റോ ഉണ്ടോ എന്നു നോക്കണം. അതുകഴിഞ്ഞാല്‍ പരിചയക്കാരെ ഒന്നു തലകാണിച്ച് മടങ്ങാം. അകാലത്തില്‍ പൊലിഞ്ഞ നായികയെ ഓര്‍ത്ത് യുഗ്മഗാനം പാടുകയാണ് അടുത്തിടെ തുടങ്ങിയ മറ്റൊരു പ്രധാന ഹോബി. അതും ദൈവം സഹായിച്ച് തരക്കേടില്ലാതെ നടക്കുന്നുണ്ട്.

മറ്റൊരാള്‍ ഫുള്‍ടൈം ട്രെയിനിലാണ്. വകുപ്പതാണല്ലോ? ട്രെയിനിലെ ബെര്‍ത്തില്‍ ഒരാള്‍ക്ക് നീണ്ടുനിവര്‍ന്ന് കിടക്കാന്‍ സ്ഥലമില്ലെന്ന് ആരോ വെറുതെ പറഞ്ഞതെ ഉള്ളു. ഡിപ്പാര്‍ട്ട്‌മെന്‍റുവക ഒരു ട്രെയിന്‍ തന്നെ സംഘടിപ്പിച്ച് ഒരു യാത്രയങ്ങു നടത്തി. നല്ല സുഖം. കിലോമീറ്ററുകളോളം നീണ്ടു നിവര്‍ന്നു കിടക്കുന്ന റേയില്‍‌വേ പാളം വിസ്തരിച്ചങ്ങു കണ്ടു. പിന്നെ ഇടയ്ക്ക് കാലുകഴയ്ക്കുമ്പോള്‍ ഏതെങ്കിലും സ്ഥലത്ത് നിര്‍ത്തും. അപ്പോ ജനങ്ങളെന്ന് പറയുന്ന കുറച്ച് പേര്‍ നിവേദനവുമായി വന്ന് ചുറ്റും കൂടും, അതാണ് ആകെയുള്ള ഒരു അസ്വസ്ഥത.

പിന്നെ മറ്റൊരാള്‍ക്ക് പട്ടാളക്കാരെ മേയ്ക്കാന്‍ തന്നെ സമയമില്ല. എന്നും പരേഡ് പരിശോധിക്കണം, മാര്‍ക്കിടണം, ഉച്ചത്തില്‍ കൂവണം അങ്ങനെ എത്രയെത്ര പണികള്‍. മറ്റൊരാള്‍ സദാസമയവും ട്വിറ്ററിലാണ്. റേഷന്‍ വാങ്ങിക്കാന്‍ കാശില്ലാത്തവന്‍ ട്വിറ്ററില്‍ കൂടി പരാതി ബോധിപ്പിച്ചാല്‍ നന്ന്. ട്വിറ്ററില്‍ കൊച്ചി മെട്രോ റെയില്‍ വാര്‍ത്ത എത്തിയില്ലെന്ന് തോന്നുന്നു. വികസന കാര്യങ്ങളില്‍ സദാ വാചാലനാകുന്ന മന്ത്രിയുടെ പ്രതികരണമൊന്നും കണ്ടില്ല!. മറ്റൊരാള്‍ക്ക് ആഭ്യന്തരമാണ്. അതുകൊണ്ടാകും പുറത്തെങ്ങും അധികം കാണാറില്ല. ആഭ്യന്തര കാര്യങ്ങളില്‍ മാത്രമേ പുള്ളി എന്തെങ്കിലും മൊഴിയൂ. ഇടയ്ക്കിടെ വരും.. രണ്ടു വാക്ക് പറയും അതുപോലെ പോകും.. നിക്കാനോ ഇരിക്കാനോ സമയമില്ല..

മറ്റൊരാള്‍ക്ക് കൃഷിയാണ്. തെങ്ങുതുളപ്പന്‍ വണ്ടുകള്‍ക്ക് വംശനാശം വന്നുതുടങ്ങിയതിനാല്‍ പ്രത്യേകിച്ച് പണിയൊന്നും ഇല്ല. ഇങ്ങനെ തിരക്കുള്ള നമ്മുടെ കേന്ദ്രമന്ത്രിമാരോട് കൊച്ചി മെട്രോ റെയിലെന്നോ മലയാളികള്‍ക്ക് ഉപകാരപ്പെടുന്ന കാര്യമെന്നോ വിലപിച്ചിട്ട് എന്തു കാര്യം? 3048 കോടി രൂപ മൊത്തം ചെലവു വരുന്ന കൊച്ചി മെട്രോ റെയിലിന് അനുമതി നല്‍കാന്‍ വിസമ്മതിച്ച യോഗത്തില്‍ യു‌പി‌എയിലെ കോം‌പ്ലാന്‍ ബോയ് ഉത്തര്‍പ്രദേശിനായി അവതരിപ്പിച്ച ഏഴായിരത്തിലധികം കോടി ചെലവു വരുന്ന പദ്ധതിക്ക് തിരുവായ്ക്ക് എതിര്‍വായില്ലാതെ സമ്മതം മൂളിയതാണ് ഏറ്റവും വലിയ തമാശ.

പണ്ടും ഇങ്ങനെ തന്നെയായിരുന്നു. സേലം ഡിവിഷന്‍ തമിഴ്നാട്ടിലേക്ക് കൊണ്ടുപോയപ്പോഴും നമ്മുടെ കേന്ദ്രമന്ത്രിമാരുടെ വായില്‍ നാവുണ്ടോ എന്ന് തപ്പി നോക്കണ്ട അവസ്ഥയായിരുന്നു. അന്ന് വേലുവാണ് വേല വെച്ചത്. ഇന്ന് പളനിയപ്പന്‍. 40 ലക്ഷത്തിന് മുകളില്‍ ജനസംഖ്യ ഉള്ള നഗരങ്ങള്‍ക്കേ മെട്രോ റെയില്‍ അനുവദിക്കാന്‍ കഴിയൂ എന്നാണത്രേ പളനിയപ്പന്‍ പറഞ്ഞത്. കൊച്ചിയില്‍ ഇപ്പോള്‍ 18 ലക്ഷമേ ഉള്ളൂ പോലും. കൊച്ചിക്കാര്‍ ഒന്ന് ആഞ്ഞുശ്രമിച്ച് ജനസംഖ്യ 40 ലക്ഷമാക്കിയാല്‍ മെട്രോ റെയിലില്‍ സഞ്ചരിക്കാം...
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍