ഈയുള്ളവന്‍റെ അച്ഛനെ എല്ലാവരും ‘കരുണാമയന്‍’ എന്നാണ് വിളിക്കുന്നത്. കൂടെ നില്‍ക്കുന്നവരോടും ശത്രുക്കളോടു പോലും അച്ഛന്‍ കരുണ കാട്ടും. എന്നാല്‍ ആ അച്ഛന്‍റെ മകനായ ഈ പാവത്തിനോട് എന്തിനാണിത്ര ക്രൂരത? ചെയ്തുകൂട്ടിയിട്ടുള്ള സകലപാപങ്ങളും ഏറ്റുപറഞ്ഞില്ലേ? ഇനിയാവര്‍ത്തിക്കില്ലെന്ന് നൂറ്റൊന്നുവട്ടം ഏത്തമിട്ടില്ലേ? ഇനിയും എന്തിനാണ് തള്ളിമാറ്റുന്നത്? ഹൈക്കമാന്‍ഡ്, കെ പി സി സി ദൈവങ്ങളേ..സമസ്താപരാധങ്ങളും പൊറുക്കേണമേ...
ഈ നിലവിളിയുടെ ഒച്ച കൂടുതല്‍ ഉയര്‍ന്നുകേള്‍ക്കുകയാണിപ്പോള്‍. ദൈവങ്ങളുടെ ഭാഗത്തു നിന്ന് നേര്‍ത്ത അനുകമ്പ കാണാനുമുണ്ട്. കൂടുതല്‍ ഉച്ചത്തില്‍ കരഞ്ഞാല്‍ കൂടുതല്‍ വേഗത്തില്‍ ഫലം കിട്ടും. അത്, മുരളിക്കറിയാം. തന്‍റെ സകലതെറ്റുകളും വിവരിച്ച് അവയ്ക്കൊക്കെ മാപ്പും പറഞ്ഞ് നീണ്ടൊരു കത്ത് ഹൈക്കമാന്‍ഡിന് നല്‍കിയിരിക്കുകയാണ് യുവതുര്‍ക്കി. കെ പി സി സിക്കാകട്ടെ സാക്ഷാല്‍ കരുണാമയനും ഒരു കത്തുനല്‍കി.
ഒരു നിസാര കാര്യത്തിനാണ് മുരളീധരന്‍റെ ഈ മാപ്പപേക്ഷയും നിലവിളിയും. കോണ്‍ഗ്രസിലേക്കൊരു മൂന്നുരൂപയുടെ മെമ്പര്‍ഷിപ്പിന്. വഴിയില്‍ കൂടെ പോകുന്ന ആര്‍ക്കും കിട്ടും, മുരളിക്ക് കിട്ടില്ല എന്നതാണ് അവസ്ഥ. മുരളിയുടെ വഴി അടഞ്ഞു നില്‍ക്കുന്ന ഭീകരന്‍മാര്‍ ചില്ലറക്കാരല്ല. ചെന്നിത്തല, ഉമ്മന്‍ചാണ്ടി, വയലാര്‍ രവി, ആര്യാടന്‍, ഉണ്ണിത്താന്‍ തുടങ്ങി ഷാനവാസ് വരെയുള്ളവര്‍ മുരളിക്കെതിരെ ‘നോ’ എന്നെഴുതിയ ബോര്‍ഡും തൂക്കി നില്‍പ്പാണ്. എങ്ങനെ അകത്തുകയറാന്‍?
ഇവരെ തള്ളിമാറ്റി അകത്തേക്ക് കാലുകുത്താന്‍ പോലും പറ്റില്ല. അപ്പോള്‍ പിന്നെ അനുനയമല്ലേ മാര്‍ഗമുള്ളൂ. ഇവരുടെ കാലില്‍ കെട്ടിപ്പിടിച്ചു കരഞ്ഞാലും ഫലമുണ്ടെന്നു തോന്നുന്നില്ല. മനസിന് പകരം കല്ലാണത്രേ ഇവര്‍ക്കെല്ലാം. എന്നാല്‍ ദുര്‍ബലഹൃദയരും സ്നേഹസമ്പന്നരുമായ ചിലരൊക്കെ മുരളീധരനൊപ്പവുമുണ്ട്. ആന്‍റണി, മുല്ലപ്പള്ളി, സുധീരന്‍, പി സി ചാക്കോ, എം എം ജേക്കബ്, പീതാംബരന്‍ മാസ്റ്റര്‍ മുതല്‍ സിമി റോസ്ബെല്‍ വരെ.
എന്നാല്‍ മനസു ദുര്‍ബലമാണെന്നതുകൊണ്ടു തന്നെ ഇവരെ പലരെയും വിശ്വസിക്കാനാവില്ല. വിമാനത്താവളത്തില്‍ വച്ച് ‘മുരളിയെ തിരിച്ചെടുക്കണം’ എന്നു വിളിച്ചുപറഞ്ഞ മുല്ലപ്പള്ളി അക്കാര്യം പറയാന്‍ കെ പി സി സി നിര്‍വാഹകസമിതി യോഗം നടന്ന കെട്ടിടത്തിന്‍റെ പടിയ്ക്കല്‍ പോലും വന്നില്ല. ആന്‍റണിയാണെങ്കില്‍ മനസില്‍ മുരളിക്ക് അനുകൂലമാണ്, പക്ഷേ ആരോടും തുറന്നു പറയില്ല. ചാക്കോയും ജേക്കബുമൊക്കെ ‘ആരു വന്നാലും കോണ്‍ഗ്രസില്‍ എടുക്കണം’ എന്നു പറയും, ‘മുരളി’ എന്ന പേര് ഉച്ചരിക്കില്ല. സുധീരന്‍ പറയും ‘സംഗതി ഹൈക്കമാന്‍ഡിന് വിടണം’ എന്ന്.
മുരളീധരനെ തിരിച്ചെടുക്കണം എന്ന് ഉറച്ച ശബ്ദത്തില്‍ പറയാന്‍ പീതാംബരന്‍ മാസ്റ്റര്‍ക്കു പോലും ധൈര്യമില്ല. ‘കരുണാകരന്‍റെ ആവശ്യം അംഗീകരിക്കണം’ എന്നേ അദ്ദേഹത്തിന് ആവശ്യപ്പെടാനാകൂ. ഇങ്ങനെയുള്ള ചിലര്‍ കൂടെയുള്ളതുകൊണ്ട് അല്‍പ്പം ധൈര്യമൊക്കെ ഉണ്ടെങ്കിലും ആക്രോശവും അട്ടഹാസവും കൊണ്ട് ഇനി രക്ഷയില്ലെന്ന് മുരളീധരന് മനസിലായിട്ടുണ്ട്. അതുകൊണ്ടാണ് എല്ലാ അപരാധവും പൊറുക്കേണമെന്ന അപേക്ഷയും ഉയര്‍ത്തിപ്പിടിച്ചൊരു ഡല്‍ഹിയാത്ര.
എന്തായാലും ലീഡര്‍പുത്രന് ഇപ്പോള്‍ നേരിയ പ്രതീക്ഷയുണ്ട്. നിശബ്ദമായാണെങ്കിലും തനിക്കുവേണ്ടിയും ഒരു വിപ്ലവം നടക്കുന്നുണ്ടല്ലോ. മൂന്നുരൂപയുടെ ആ മെമ്പര്‍ഷിപ്പ് ഇത്തവണ ഒരുനോക്കു കാണാനെങ്കിലും സാധിക്കുമെന്നാണ് കെ പി സി സിയുടെ മുന്‍ പ്രസിഡന്‍റിന്‍റെ വിശ്വാസം. എല്ലാം ദൈവത്തിന്‍റെ കളികള്‍!