ഇങ്ങനെയൊക്കെ ചെയ്യാമോ? എതിര്‍പക്ഷത്ത് നില്‍ക്കുന്നത് പിതാവാണോ ഗുരുവാണോ എന്നൊന്നും നോക്കാതെ യുദ്ധം ചെയ്ത് വിജയിക്കാന്‍ ഇതെന്താ മഹാഭാരതമോ? ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഗുരുഹത്യ മഹാപാപമാണ്. അങ്ങനെയെങ്കില്‍ കണ്ണൂരിലെ അത്ഭുതക്കുട്ടി മഹാപാപി തന്നെ.
സ്വന്തം ഗുരുവായ ജയരാജനെ യുദ്ധക്കളത്തില്‍ വധിക്കുകയാണ് യുവയോദ്ധാവ് ചെയ്തത്. വധം എന്നുവച്ചാല്‍...ഇതായിരുന്നു വധം. വെറുതെ അമ്പെയ്തുവീഴ്ത്തുകയായിരുന്നില്ല. ഗദ കൊണ്ട് അടിച്ചുവീഴ്ത്തി, കാലില്‍ പിടിച്ചു വലിച്ചു കീറി നിലത്തടിച്ചു കൊന്നു. കൊന്നിട്ടും വെറുതേ വിട്ടോ, ഡെഡ്ബോഡിക്കിട്ടൊരു ചവിട്ടും കൊടുത്തു.
“നേതാക്കളുടെ കെട്ട്യോള്‍ക്കും കുട്ട്യോള്‍ക്കുമൊന്നും കുഴപ്പമില്ല. പാവം സഖാക്കള്‍ക്കാണ് പ്രശ്നം. കള്ളവോട്ടു ചെയ്ത സഖാക്കളെ ഓര്‍ത്ത് എനിക്ക് സഹതാപമുണ്ട്.” - അത്ഭുതക്കുട്ടി ഈ പറഞ്ഞതു കേട്ട സഖാക്കളൊക്കെ ഇപ്പോള്‍ ഒളിവില്‍ പോയിരിക്കുകയാണത്രേ. ഗുരുവിനെ മലര്‍ത്തിയടിച്ച ഈ ദുഷ്ടന്‍ ഇനി എന്തൊക്കെ ചെയ്യില്ല!
പണ്ട് പരിശീലനക്കളരിയില്‍ വച്ച് 18 അടവുകളും ശിഷ്യനെ ഗുരു പഠിപ്പിച്ചതാണ്. ഇതൊക്കെ പഠിച്ച് പടവുകളോരോന്നും ശിഷ്യന്‍ ചവിട്ടിക്കയറുന്നതുകണ്ട് ഗുരു അഭിമാനിച്ചതുമാണ്. ഒടുവില്‍ ബൂമറാങു പോലെ ശിഷ്യന്‍ തലയ്ക്കു നേരെ വരുന്നതു കണ്ടപ്പോഴും ഗുരുവിന് ആത്മവിശ്വാസമുണ്ടായിരുന്നു. ഈ പീക്കിരിപ്പയ്യന്‍ എന്തു ചെയ്യാനാണ്????
പക്ഷേ ഗുരു പഠിപ്പിച്ച 18 അടവുകള്‍ കൂടാതെ ഒരെണ്ണം കൂടി ശിഷ്യന്‍ പഠിച്ചെടുത്തിരുന്നു. അത് മോഡിഗുരുവിന്‍റെയും സുധാകര ഗുരുവിന്‍റെയും കളരിയില്‍ നിന്നാണ്. പൂഴിക്കടകന്‍റെ ലേറ്റസ്റ്റ് വേര്‍ഷന്‍. ജയരാജഗുരുവിന്‍റെ കണ്ണില്‍ പൂഴിവാരിയിട്ടതിന് ശേഷം ഉയര്‍ന്നുചാടി വലത്തുതിരിഞ്ഞ് ഒരു പ്രയോഗം...ദാ കിടക്കുന്നു ജയരാജഗുരുവിന്‍റെ ശിരസ്!
ഗുരുവിനെയാണ് നേരിടേണ്ടതെന്നറിഞ്ഞപ്പോള്‍ ആദ്യം അത്ഭുതക്കുട്ടിക്ക് അല്‍പ്പം പകപ്പൊക്കെ ഉണ്ടായിരുന്നു. എന്നാല്‍ സാക്ഷാല്‍ കൃഷ്ണഭഗവാന്‍റെ റോള്‍ ഈ കുരുക്ഷേത്രയുദ്ധത്തില്‍ ഭംഗിയായി നിര്‍വഹിച്ചത് സുധാകരന്‍ അവര്‍കള്‍. ഗുരുവാണെന്നൊന്നും നോക്കേണ്ട, മര്‍മ്മം നോക്കി കാച്ചിക്കോളാന്‍ അഭിനവ അര്‍ജ്ജുനന് കൃഷ്ണന്‍ ഓതിക്കൊടുത്തു. ഗുരുവിന്‍റെ ശിരച്ഛേദം നടത്തി വീരനായി മറിയ അത്ഭുതക്കുട്ടിയെ നെഞ്ചോടു ചേര്‍ത്തുനിര്‍ത്തി സുധാകരന്‍ ഫോട്ടോയ്ക്ക് പോസു ചെയ്യുന്ന രംഗം അടുത്ത കാലത്തൊന്നും കണ്ണൂരിലെ കോണ്‍ഗ്രസുകാര്‍ പോലും മറക്കില്ല.
അത്ഭുതക്കുട്ടിയുടെ അത്ഭുതവിജയത്തിന്‍റെ ക്രെഡിറ്റിനായി കണ്ണൂര്‍ കോണ്‍ഗ്രസില്‍ ഇപ്പോള്‍ ഒരു കടിപിടി നടക്കുന്നുണ്ട്. ആരാണ് ജയിപ്പിച്ചത്? സുധാകരനോ പി രാമകൃഷ്ണനോ? ഒടുവില്‍ പി രാമകൃഷ്ണന്‍ തന്നെ ഉത്തരം കണ്ടുപിടിച്ചു. ‘കോണ്‍ഗ്രസ് എന്ന ആനയുടെ പുറത്തുകയറിയാല്‍ ആര്‍ക്കും ജയിക്കാം’.
വാല്‍ക്കഷണം - അത്ഭുതക്കുട്ടി ആനപ്പുറത്തുകയറി, മുരളീധരന്‍ കയറാന്‍ ശ്രമിക്കുന്നു. ആന പോയിട്ട് തോട്ടി പോലും തരില്ലെന്ന് ചില പാപ്പാന്‍മാരും.