ഫലിതം | ആക്ഷേപഹാസ്യം
പ്രധാന താള്‍ » വിനോദം » ഫലിതം » ആക്ഷേപഹാസ്യം » ഹൊ, തെരഞ്ഞെടുപ്പ് കഴിഞ്ഞു, രക്ഷപെട്ടു! (Ho.... Everything is over)
Feedback Print Bookmark and Share
 
Election
PRO
PRO
ഹൊ കഴിഞ്ഞു.. രക്ഷപെട്ടു. ഉപതെരഞ്ഞെടുപ്പ് ദിവസം വൈകിട്ട് കണ്ണൂ‍ര്‍, എറണാകുളം, ആലപ്പുഴ ജില്ലകളിലെ ഛോട്ടാ നേതാക്കള്‍ വരെ ഉരുവിട്ട ആത്മഗതമാണിത്. തെരഞ്ഞെടുപ്പെന്നാല്‍ ഒരു ഉത്സവമായിക്കഴിഞ്ഞു നമ്മുടെ നാട്ടില്‍. പണ്ട് പൂരത്തിനും ഉത്സവത്തിനും പള്ളിപ്പെരുന്നാളിനുമൊക്കെയായിരുന്നു ഇത്രയും ആളു കൂടുക. ഇന്നിപ്പോള്‍ അതൊക്കെ പോയി. അതിനൊക്കെ കൂടാന്‍ ആര്‍ക്കാ സമയം. പകരം തെരഞ്ഞെടുപ്പിന്‍റെ കൊട്ടിക്കലാ‍ശം എന്നൊരു വേലയുണ്ട്. സാംസ്കാരിക കേരളത്തെ മുഴുവന്‍ മലയാളിക്ക് അവിടെ ദര്‍ശിക്കാം.. ചെണ്ടയും കഥകളിയും മാ‍ടനും മറുതയും എല്ലാം....

രാഷ്ട്രീയക്കാരെ സംബന്ധിച്ച് തെരഞ്ഞെടുപ്പ് ഒരു വ്യായാമ വേദിയാണ്. പ്രത്യേകിച്ച് വായ്ക്ക്. മൈക്കിന് മുന്നില്‍ എത്രവേണമെങ്കിലും കത്തിക്കയറാം ഇപ്പോഴാണെങ്കില്‍ ചാനല്‍ യുഗമാണ്. അവിടെയും വായില്‍ തോന്നുന്നതൊക്കെ പറയാം. എന്ത് പറഞ്ഞാലും ചെലവാകും. പിന്നെ പറഞ്ഞതിന്‍റെ വാലുപിടിച്ച് ചാനലില്‍ ഒരു ചര്‍ച്ച കൂടി വന്നാല്‍ രക്ഷപെട്ടു. പിന്നെ അണികള്‍ക്കിടയിലും സമൂഹത്തിലും ഒരു ഹീറോ ഇമേജാണ്.

അഞ്ച് മാസത്തിന് മുമ്പ് ഒരു അങ്കമുണ്ടായിരുന്നു. അത് കഴിഞ്ഞ് എണ്ണക്കുളി ഒക്കെ കഴിഞ്ഞ് കാത്തിരിക്കുമ്പോഴാണ് അടുത്ത പരിപാടി എത്തിയത്. ഉപതെരഞ്ഞെടുപ്പ്. സംഗതി മൂന്ന് മണ്ഡലത്തിലാണെങ്കിലും ആഘോഷം കുറയ്ക്കാന്‍ കഴിയില്ലല്ലോ? അതുകൊണ്ട് തന്നെ വീണ്ടുമിറങ്ങി. അന്ന് പ്രയോഗിച്ച ആയുധങ്ങള്‍ക്ക് തീരെ മൂര്‍ച്ചയില്ല. പുതിയത് വേണം. അങ്ങനെ കാത്തിരിക്കുമ്പോഴാണ് കണ്ണൂരിലെ വോട്ടര്‍പട്ടികയെക്കുറിച്ച് ഓര്‍ത്തത്. പിന്നൊന്നും ആലോചിച്ചില്ല. ഒരു പരാതിയങ്ങുകാച്ചി.. പിന്നെ കേന്ദ്രസേനയായി ബഹളമായി അങ്ങനെ കാര്യങ്ങളൊക്കെ ഉഷാര്‍..എല്ലാം ഭംഗിയായി കലാശിച്ചു.

കേന്ദ്രസേനയ്ക്ക് ഭാഷയറിയില്ലെന്നായിരുന്നു കണ്ണൂരിലെ എല്‍ഡി‌എഫ് സ്ഥാനാര്‍ത്ഥി ജയരാജന്‍റെ പരാതി. വിപ്ലവത്തിന് ഭാഷ ഒരു പ്രശ്നമല്ലെന്ന കാര്യം ജയരാജന്‍ സഖാവ് മറന്നുപോയി. കണ്ണൂരിലെ മറ്റൊരു സ്ഥാനാര്‍ത്ഥി അബ്ദുള്ളക്കുട്ടിക്ക് അങ്കം പുതിയതല്ലെങ്കിലും അങ്കത്തട്ട് പുതിയതാണ്. കളം പുതിയതാണെങ്കിലും അബ്ദുള്ളക്കുട്ടി പഴയ അടവുകള്‍ മറന്നിട്ടില്ല. ഒരു പരിധി കഴിഞ്ഞാല്‍ അബ്ദുള്ളക്കുട്ടി പ്രതികരിക്കും. ഞാന്‍ വെറുമൊരു കുട്ടിയാണേ! എനിക്ക് ഒന്നുമറിയില്ലേ... നിഷ്കളങ്കതയോടുള്ള അബ്ദുള്ളക്കുട്ടിയുടെ മറുപടിയില്‍ എതിരാളികള്‍ പോലും നാണിച്ചുപോകും.

മത്സരിക്കാന്‍ തുടങ്ങിയിട്ട് കുറെ നാളായെങ്കിലും ഇതിനുമുമ്പുള്ള തെരഞ്ഞെടുപ്പിലൊന്നും കണ്ണൂ‍രിലെ കള്ളവോട്ടിനെക്കുറിച്ച് അബ്ദുള്ളക്കുട്ടിക്ക് അറിയില്ലായിരുന്നു. ഇക്കുറി നോമിനേഷന്‍ പേപ്പറുമായി ചെന്നപ്പോഴാണ് സ്വയം കുട്ടിയായ അബ്ദുള്ളക്കുട്ടിക്ക് ഇതേക്കുറിച്ച് വെളിപാടുണ്ടായത്. പിന്നെ പരാതി പറയാനും എഴുതി അയയ്ക്കാനുമൊന്നും മെനക്കെടേണ്ടിവന്നില്ല. എല്ലാത്തിനും സുധാകരന്‍ സാറുണ്ടായതുകൊണ്ട് കാര്യങ്ങള്‍ ഭംഗിയായി. മത്സരിക്കുന്നത് അബ്ദുള്ളക്കുട്ടിയാണെങ്കിലും താരം കെ സുധാകരനായിരുന്നു. ഇതോടെ കണ്ണൂരിലെ കോണ്‍ഗ്രസുകാര്‍ ഒരു കാര്യം പഠിച്ചു. ഒരു കാര്യം തുടങ്ങണമെങ്കില്‍ അത് സുധാകരനെക്കൊണ്ടു തന്നെ വേണം... വെച്ചുകൊടുത്താല്‍ മതി പൊലിച്ചോളും...

എന്തായാലും ജനങ്ങള്‍ക്ക് ഉപകാരമുള്ള ഒരു കാര്യവുമായി വോട്ടര്‍മാരുടെ അടുത്തുചെന്നിട്ട് കാലം കുറെയായി. കഴിഞ്ഞ തവണ തമ്മിലടിയും തൊഴുത്തില്‍ കുത്തുമായിരുന്നു. പൊന്നാനിയും ഹുസൈന്‍ രണ്ടത്താണിയും ഒക്കെ സംഗതി കൊഴുപ്പിച്ചു. പാവം ജനങ്ങള്‍ സിനിമയും ക്രിക്കറ്റുമൊക്കെ കാണുന്ന ഹരത്തിലാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പും കാണുന്നത്. താല്‍‌പര്യമുണ്ടായിട്ടല്ല.. ഗതികേടുകൊണ്ടാണ്.. അല്ലാതെ എന്ത് ചെയ്യാന്‍ സംഭവാമി യുഗേ യുഗേ.....
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍