ഫലിതം | ആക്ഷേപഹാസ്യം
പ്രധാന താള്‍ » വിനോദം » ഫലിതം » ആക്ഷേപഹാസ്യം » മുകളിലൊരാളുണ്ട്; ഓം‌പ്രകാശിന് കരള്‍ രോഗം! (No Narco for Omprakash as he has liver issues!)
Feedback Print Bookmark and Share
 
Omprakash
PRO
PRO
മാന്യ വായനക്കാരേ, നിങ്ങളൊന്ന് മനസിലാക്കണം. പോള്‍ മുത്തൂറ്റിനെ കൊന്നത് ‘എസ്’ കത്തി ഉപയോഗിച്ച് കാരി സതീഷും കൂട്ടരുമാണ്. പോള്‍ മുത്തൂറ്റിനെ കൊന്നതില്‍ ഓം‌പ്രകാശിനും പുത്തന്‍‌പാലം രാജേഷിനും പങ്കുണ്ടെന്ന് മാധ്യമങ്ങളും ബുദ്ധിയില്ലാത്ത ചില വിമര്‍ശകരും വെറുതെ ഇല്ലാക്കഥകള്‍ പടച്ചുവിടുകയുണ്ടായി. അഞ്ചുപൈസാ പോലും കയ്യിലെടുക്കാനില്ലാത്ത ഒരു പാവം ‘ഗുണ്ട’യാണ് ഓം‌പ്രകാശ്. പുത്തന്‍‌പാലം രാജേഷാവട്ടെ നിരക്ഷരകക്ഷിയായ ഒരു പാവം ‘ഗുണ്ട’യും. ആത്മാവിന്‍ പുസ്തകത്താളില്‍ സ്നേഹം മാത്രം കാത്തുസൂക്ഷിക്കുന്ന ഇവരെങ്ങനെ സുഹൃത്തായ പോള്‍ മുത്തൂറ്റിനെ കൊല്ലും?

ഓം‌പ്രകാശിനെയാണ് പ്രധാനമായും മാധ്യമങ്ങള്‍ ആക്രമിച്ചത്. ഓനൊരു എസ്‌എഫ്‌ഐ/ഡിഫി ഗുണ്ടയാണെന്നല്ലേ മാധ്യമങ്ങള്‍ കാച്ചിയത്. എന്നാല്‍ ഞങ്ങള്‍ വീണ്ടും പറയുന്നു, ഓം‌പ്രകാശ് ഞങ്ങളുടെ പാര്‍ട്ടിക്കാരനല്ല. ഓം‌പ്രകാശും ഞങ്ങടെയൊരു മന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്നായിരുന്നു ആരോപണം. ഓം‌പ്രകാശിനെ പൂരത്തിനിടയില്‍ കണ്ട പരിചയം മാത്രമേയുള്ളൂവെന്നും മന്ത്രിമകന്‍ ചാനലുകളില്‍ ഏറ്റുപറഞ്ഞു. എന്നിട്ടും മാധ്യമങ്ങള്‍ വിട്ടോ? ‘ഞാനാണ് മാധ്യമക്കാരേ, പോളിനെ കൊന്നത്’ എന്ന് വരെ ഞങ്ങള്‍ കാരി സതീഷിനെക്കൊണ്ട് പറയിച്ചതായിരുന്നു. എന്നിട്ടും ഞങ്ങളെ വേട്ടയാടി.

‘കാര്യങ്ങള്‍’ മാധ്യമ സിന്‍ഡിക്കേറ്റ് വെടക്കാക്കും എന്നുറപ്പായപ്പോഴാണ് ഓം‌പ്രകാശിനെയും പുത്തന്‍‌പാലം രാജേഷിനെയും ‘വന്‍ പൊലീസ് സംവിധാനം’ ഉപയോഗിച്ച് ഞങ്ങള്‍ വേട്ടയാടാന്‍ തുടങ്ങിയത്. പാവങ്ങള്‍ നിരപരാധികളാണെന്ന് ഞങ്ങള്‍ക്ക് പണ്ടേ അറിയാമായിരുന്നു. എന്തായാലും തിരുനെല്‍‌വേലി കോടതിയില്‍ ഏതോ പെറ്റിക്കേസില്‍ കീഴടങ്ങിയ അവരെ ഞങ്ങള്‍ പൊലീസ് എസ്കോര്‍ട്ടോട് കൂടി കൊണ്ടുവന്നില്ലേ? കാണാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് ‘നെനക്കൊക്കെ ഇപ്പോള്‍ സമാധാനമായില്ലേടാ’ എന്ന് വളരെ വിനീതവിധേയനായിട്ടാണ് ഓം‌പ്രകാശ് ചോദിച്ചത് എന്ന് കൂടി നിങ്ങള്‍ ഓര്‍ക്കണം.

കാരി സതീഷിനും കൂടെയുള്ള 21 അംഗം ഗുണ്ടാസംഘത്തിനും കുത്താന്‍ പാകത്തില്‍ പോള്‍ മുത്തൂറ്റ് കാറില്‍ നിന്നിറങ്ങി കുനിഞ്ഞുകൊടുക്കുമ്പോള്‍ പേടി പറ്റിയതാണ് പാവം ഓം‌പ്രകാശിനും പുത്തന്‍‌പാലം രാജേഷിനും. കാറിലുണ്ടായിരുന്ന മനുക്കുട്ടന്റെ കയ്യില്‍ വറുതെ എസ് കത്തികൊണ്ട് കാരി സതീഷ് ഒന്ന് കോറിവിട്ടു. ഈ കാരി സതീഷ് അന്തര്‍‌ദേശീയ ‘ഫീകരന്‍’ ആണ്. ദാവൂദ് ഇബ്രാഹിമിനേക്കാള്‍ വലിയ ക്രിമിനല്‍. അത്തരമൊരാളെ നേരിട്ട് കണ്ടാല്‍ ആര്‍ക്കായാലും പേടിപറ്റാതിരിക്കുമോ? ആ പേടിയില്‍ ഓടിപ്പോയതാണ് പാവം കുട്ടികള്‍. മനുക്കുട്ടന്‍ ഈ വക സംഗതികളെല്ലാം ഞങ്ങടെ പൊലീസിനോട് പറഞ്ഞിരുന്നു. മനുക്കുട്ടനും ഒരു പാവമാണ്.

വെറും പാവങ്ങളായ ഓം‌പ്രകാശിനെയും പുത്തന്‍‌പാലം രാജേഷിനെയും കേസിലെ പതിനഞ്ചും പതിനാറും പ്രതികളാക്കിയിട്ടും മാധ്യമങ്ങളുടെ കലിപ്പ് തീര്‍ന്നില്ല. കേസ് സി‌ബി‌ഐക്ക് വിടണമെന്ന് ചില സാമദ്രോഹികള്‍ മുറവിളി കൂട്ടുകയും ഇതിനായി കോടതിയെ സമീപിക്കുകയും ചെയ്തു. ‘സിബി‌ഐ സിനിമകളില്‍’ മമ്മൂട്ടി അവതരിപ്പിക്കുന്ന സേതുരാമയ്യരെപ്പോലെ അനായാസമായി സി‌ബി‌ഐ കേസ് തെളിയിക്കുമെന്നാണ് ഇവരൊക്കെ ധരിച്ചുവശായിരിക്കുന്നത്. സംസ്ഥാനപൊലീസിന് ഇല്ലാത്ത കൊമ്പൊന്നും സി‌ബി‌ഐക്ക് ഇല്ലെന്നാണ് ഞങ്ങളുടെ വിശ്വാസം. ഞങ്ങളുടെ പൊലീസ് കേസ് തെളിയിച്ച് കഴിഞ്ഞ സ്ഥിതിക്ക് സി‌‌ബി‌ഐയുടെ ആവശ്യമിനിയില്ല.

വെറും നിരപരാധികളായ ഓം‌പ്രകാശിനും പുത്തന്‍‌പാലം രാജേഷിനും നാര്‍ക്കോ പരിശോധനയൊന്നും വേണ്ടെന്ന് ഞങ്ങള്‍ പറഞ്ഞതാണ്. പാവം ഫാദര്‍ കോട്ടൂരും പൂതൃക്കയിലും സിസ്റ്റര്‍ സെഫിയുമൊക്കെ പുലമ്പിയിരുന്നപോലെ ‘നിരപരാധികളായ’ ഓം‌പ്രകാശും രാജേഷും പുലമ്പരുതെന്ന ആത്മാര്‍ത്ഥമായ ആഗ്രഹമാണ് ഞങ്ങള്‍ക്കുണ്ടായിരുന്നത്. അതിനും ചിലര്‍ തുരങ്കം വച്ചില്ലേ? അവസാനം രണ്ടുപേരെയും നാര്‍ക്കോ അനാലിസിസിന് ഹൈദരാബാദിലേക്ക് കൊണ്ടുപോകേണ്ടി വന്നു.

എന്തായാലും മുകളില്‍ ഒരാളുണ്ടെന്ന് ഞങ്ങള്‍ക്കിപ്പോള്‍ മനസിലായിരിക്കുകയാണ്. പുത്തന്‍‌പാലം രാജേഷൊരു നിരക്ഷരകക്ഷിയായതിനാല്‍ നാര്‍ക്കോ അനാലിസിസ് നടത്താന്‍ പറ്റുകേലെന്ന് അഹമ്മദാബാദിലെ ഫോറന്‍സിക്‌ സയന്‍സ്‌ ലാബ് അച്ചട്ടം പറഞ്ഞില്ലേ? ഓം‌പ്രകാശിന് മാരകമായ കരള്‍ രോഗം ഉണ്ടെന്നും ലാബിപ്പോള്‍ കണ്ടുപിടിച്ചിരിക്കുന്നു. അതായത് നാര്‍ക്കോ അനാലിസിസിന് വേണ്ടി ആ പാവം കുട്ടിയെ മയക്കിയാല്‍ ചിലപ്പോള്‍ കുട്ടി അടിച്ചുപോയേക്കുമെന്ന്. പാവങ്ങളാണ്. ഞങ്ങള്‍ക്കോ അവരെ സഹായിക്കാന്‍ പറ്റിയില്ല. എന്തായാലും മുകളിലൊരാള്‍ അവരെ സഹായിച്ചല്ലോ!
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍