പൊന്നാരിമംഗലം ഗ്രാമത്തില്‍ പട്ടാളമിറങ്ങിയത് നമ്മള്‍ കണ്ടതല്ലേ ‘പട്ടാളം’ എന്ന സിനിമയില്‍. എന്തൊക്കെ പുകിലായിരുന്നു. ഇടവഴിയിലൂടെ മാര്‍ച്ച്, പട്ടി - പാമ്പ് ഇത്യാദികളെ പിടിക്കുക തുടങ്ങിയ പട്ടാളക്കലാപരിപാടികള്‍. പശുവിനെ കാണുമ്പോള്‍ പേടിച്ചോടുന്ന പട്ടാളം. എന്താ ഇപ്പോളിത് പറയാന്‍ എന്നാണോ? പൊന്നാരിമംഗലം പോലൊരു ദേശത്ത് വീണ്ടും പട്ടാളമിറങ്ങിയതറിഞ്ഞില്ലേ?
പട്ടാളവും കേന്ദ്രസേനയുമൊന്നും വേണ്ടാ, നല്ല ‘എസ്’ കത്തി പണിയിക്കാനും തൊണ്ടി സൃഷ്ടിച്ച് പ്രതിയെ പിടികൂടാനും കഴിവുള്ള പൊലീസേമാന്‍മാര്‍ നമുക്കുണ്ടെന്ന് മുഖ്യമന്ത്രി പലവട്ടം പറഞ്ഞതാ. പോരാ..കണ്ണൂരില്‍ കാര്യങ്ങള്‍ വെടിപ്പാകണമെങ്കില്‍ കേന്ദ്രസേന വരണമെന്ന് ആന്‍റണി - രവി - മുല്ലപ്പള്ളി ത്രയത്തിന് നിര്‍ബന്ധം. ഒടുവില്‍ സ്റ്റേറ്റ് അധികാരികള്‍ വഴങ്ങി, കേന്ദ്രസേന പറന്നിറങ്ങി.
കേന്ദ്രസേന എത്തിയതോടെ പല കേന്ദ്രങ്ങളില്‍ നിന്നും കുശുകുശുപ്പുകള്‍ ഉയര്‍ന്നു. ഈ സേന കമ്യൂണിസ്റ്റു വോട്ടര്‍മാരെ കൂട്ടത്തോടെ പൊക്കി അകത്തിട്ടാല്‍ എന്താവും സ്ഥിതിയെന്നായിരുന്നു ഒരു കമ്യൂ നേതാവിന്‍റെ ആശങ്ക. അതോടെ സേന വന്നതൊക്കെ കൊള്ളാം, പക്ഷേ ബാരക്കില്‍ തന്നെ ഇരുന്നോട്ടെ എന്നായി വി എസ് സഖാവിന്‍റെ കമന്‍റ്. കേരളത്തില്‍ വന്ന് സേനാംഗങ്ങള്‍ക്ക് അണ്ടിപ്പരിപ്പും കഴിച്ച് ഒരു സുഖവാസം നല്ലതാണെന്ന് പറയാതെ പറയുകയായിരുന്നു മുഖ്യന്‍.
എങ്കിലും, തോക്കിനും ലാത്തിക്കും തോറ്റിട്ടില്ലെന്നൊക്കെ വീമ്പ് പറഞ്ഞാലും ഈ സേനയുടെ കയ്യിലിരിക്കുന്ന തോക്കിന്‍റെ നീളം കാണുമ്പോള്‍ വിപ്ലവകാരികള്‍ക്കും മുട്ടുവിറയ്ക്കാന്‍ തുടങ്ങി. പിണറായി സഖാവിന്‍റെ ആശ്വാസ വചനങ്ങള്‍ ഉടനെയെത്തി. ഈ സേന നമ്മളെ ഒന്നും ചെയ്യില്ലെന്നേ, നിങ്ങളു പേടിക്കേണ്ട, വോട്ടു ചെയ്യാന്‍ വരുന്നവരെ അതിനു സമ്മതിക്കാതെ പിടിച്ച് അകത്തിടുകയൊന്നും ഇല്ലല്ലോ...എന്നൊക്കെയായി സഖാവ്.
സെക്രട്ടറി സഖാവിനും ലേശം പേടി തോന്നിത്തുടങ്ങിയോ എന്നായി അപ്പോള്‍ അണികള്‍ക്ക് ആശങ്ക. സഖാക്കന്‍മാരൊക്കെ ഇപ്പോള്‍ നോക്കിയും കണ്ടുമാണത്രേ കണ്ണൂരില്‍ വോട്ടു ചോദിക്കാനിറങ്ങുന്നത്. സേനക്കാരെങ്ങാനും മുന്നില്‍ വന്നു പെട്ടാല്‍ ‘വിപ്ലവം’ പുറത്തുകാണാതെ പൊതിഞ്ഞു പിടിച്ച് രക്ഷപെടുകയാണ് ഇപ്പോള്‍ ശീലിച്ചിരിക്കുന്ന അടവുനയം.
അടിയന്തരാവസ്ഥക്കാലത്തെ പോലെ വല്ല ക്യാമ്പിലും പിടിച്ചിട്ടിട്ട് തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇറക്കിവിട്ടാല്‍ ഗുരുവിന്‍റെ തോല്‍വി ഉറപ്പാകില്ലേ? ശിഷ്യന്‍ ചെക്കന്‍ പണിയുന്ന ഓരോ പാരകളേ. എന്തായാലും വല്ല പാമ്പിനെയോ പട്ടിയെയോ ഒക്കെ പിടിച്ച് കേന്ദ്രസേനക്കാര്‍ ടൈം കളയട്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. സംസ്ഥാന സര്‍ക്കാരിന്‍റെ അനുമതിയില്ലാതെയാണ് സേനയെത്തിയതെന്നും അതുകൊണ്ട് പാമ്പ് അളയില്‍ തന്നെ ഇരിക്കട്ടെയെന്നും കോടിയേരി സഖാവും പറയുന്നു.
എന്നാല്‍ ആന്‍റണി - രവി - മുല്ലപ്പള്ളി ടീം പറയുന്ന വചനത്തിന് കാതോര്‍ക്കുക. “കണ്ണൂരിലെ ജനങ്ങള്‍ പേടി കൂടാതെ വോട്ടു ചെയ്യണം. അതിനാണ് കേന്ദ്ര സേന വന്നിരിക്കുന്നത്. കണ്ണൂരിലെ ജനങ്ങളേ...പ്രിയപ്പെട്ടവരെ...നിങ്ങളെ ഞങ്ങള്‍ സഹായിക്കും...സഹായിക്കാതെ വിടില്ല.”