അല്ലെങ്കിലും അങ്ങിനെയൊന്നും കുലുങ്ങുന്ന ആളല്ല അദ്ദേഹം. മുമ്പ് പരിസ്ഥിതി മന്ത്രിയായിരുന്നപ്പോള്‍ ആ വകുപ്പില്‍ വരുത്തിവെച്ച മലിനീകരണം കാരണം ഇനി ഈ പടികയറേണ്ടെന്ന് സര്‍ദാര്‍ജി പറഞ്ഞില്ലെന്നേയുള്ളു. അതോര്‍ത്താണ് രണ്ടാമതും മന്ത്രിപ്പണി വേണം എന്ന് പറഞ്ഞ് കലൈഞ്ജര്‍ കരഞ്ഞു കാലുപിടിച്ചപ്പോള്‍ സര്‍ദാര്‍ജി ടെലികോം വകുപ്പ് തന്നെ തീറെഴുതികൊടുത്തത്. എന്നാല്‍ അതിത്ര വലിയ പുലിവാലാകുമെന്ന് അന്ന് വിചാരിച്ചില്ല.
എല്ലാറ്റിനും ആ ബി ജെപിക്കാരെയും സി പി എമ്മിനെയും കുറ്റം പറഞ്ഞാല്‍ മതിയല്ലോ. അവന്‍മാരാണ് ആദ്യം ഒച്ചപ്പാടുണ്ടാക്കിയത്. ഇതു കേട്ട സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷണര്‍ എന്നൊരു ഏമാന്‍ സ്വയമങ്ങ് അന്വേഷണം തുടങ്ങുകയും ചെയ്തു. ചോദിച്ചു ചോദിച്ചു വന്നപ്പോഴാണ് മേലേ കണ്ടത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് കമ്മിഷണര്‍ക്ക് ബോധ്യമായത്. അദ്ദേഹം കേസ് ഉടനെ സര്‍ദാര്‍ജിക്ക് കീഴിലുള്ള സി ബി ഐക്ക് കൈമാറി.
കഴിഞ്ഞ ആഴ്ച സി ബി ഐ ഏമാന്‍മാരുടെ സംഘം കേസ് രജിസ്റ്റര്‍ ചെയ്ത് ടെലികോം ഓഫീസുകളില്‍ റെയ്ഡ് നടത്തിയതോടെ രാജ മന്ത്രി ചെറുതായി കുലുങ്ങിത്തുടങ്ങിയെന്ന് എതിരാളികള്‍ അടക്കം പറഞ്ഞു. അല്ലെങ്കില്‍ മാര്‍ക്ക് തട്ടിപ്പ് കേസിലെ പ്രതികള്‍ക്ക് ജാമ്യംകിട്ടാനായി ‘ഏതോ ഒരു മന്ത്രി സ്വാധീനിച്ചുവെന്ന് എതോ ഒരു ജഡ്ജി’ പറഞ്ഞപ്പോഴേ പലരും പുരികം ഉയര്‍ത്തി രാജ മന്ത്രിയെ നോക്കിയതാണ്. അന്ന് കണ്ണടച്ചുകാണിച്ചാണ് രക്ഷപ്പെട്ടത്.
എന്നാല്‍ ഇതങ്ങനെ വിട്ടാല്‍ പറ്റില്ല. കോടികള്‍ മറിഞ്ഞതാണ്. അതുകൊണ്ട് രാജുമോന്‍ വീട്ടിലിരിക്കട്ടെയെന്ന് കോണ്‍ഗ്രസില്‍ വംശനാശഭീഷണി നേരിടുന്ന ചില ആദര്‍ശവാദികള്‍ പ്രസ്താവന തയ്യാറാക്കി തുടങ്ങിയതാണ്. എന്നാല്‍ രാജമന്ത്രി അതിനു മുമ്പേ ഓഫീസില്‍ ചായകൊണ്ടു വരുന്ന പയ്യന്‍റെ കൈയ്യില്‍ ഒരു പ്രസ്താവന തയ്യാറാക്കി എല്ലാ പത്ര ഓഫീസുകളിലും എത്തിക്കാന്‍ കൊടുത്തുവിട്ടു. കച്ചവടത്തിന് മന്‍മോഹന്‍ജിയുടെ എല്ലാ ആശീര്‍വാദവും അനുഗ്രഹവുമുണ്ടായിരുന്നുവെന്ന്.
അതോടെ കോണ്‍ഗ്രസിലെ ആദര്‍ശവാദികളുടെ തരംഗദൈര്‍ഘ്യം കുറഞ്ഞു. വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ചില സ്വകാര്യവ്യക്തികള്‍ക്കും കമ്പനികള്‍ക്കും എതിരെ മാത്രമാക്കി സി ബി ഐ കേസൊതുക്കി. ഇതു കണ്ട് തമിഴ്നാട്ടിലെ എ ഐ എ ഡി എം കെ നേതാക്കള്‍ പോലും മൂക്കത്തുവിരല്‍ വെച്ചു സമ്മതിച്ചു. ഇത് ബെല്ലാരി രാജയല്ല. യു പി എയുടെ എല്ലൂരി രാജയാണെന്ന്.