തെരഞ്ഞെടുപ്പ് വന്നങ്ങ് തലേക്കേറിയില്ലേ...മാണിയുടെ പടവലങ്ങാ പാര്‍ട്ടി മുതല്‍ ചെന്താമര കണ്ണന്‍മാര്‍ വരെ ഉഷാറായി രംഗത്തുണ്ട്. പക്ഷേ ഇടതന്മാരെ ഇതൊന്നും ബാധിച്ചിട്ടില്ല. ഗ്രൂപ്പുകളിയും കിളിത്തട്ടും ആക്രമണ പ്രത്യരോപണങ്ങളുമായി സഖാക്കന്മാര്‍ ഓടി നടക്കുകയാണ്. ഇതോടെ വലതന്മാരുടെ കാലുവാരലിനും കുതികാല്‍വെട്ടിനും മാര്‍ക്കറ്റ് അമ്പേകുറഞ്ഞു‘എലക്ഷന്‍’ വന്നോ ലാവ്‌ലിന്‍ ഉയര്‍ന്നു വരും ! പിന്നെ പിണറായി സഖാവിന് നേരെ ഒന്ന് ഉറഞ്ഞുതുള്ളും, ഇലക്ഷന്‍ കഴിയുമ്പോള്‍ ലാവ്‌ലിന്‍ പോയ വഴികാണില്ല. പിന്നെ അടുത്ത ഇലക്‍ഷന്‍ വരെ കാത്തിരിക്കണം ഈ പറയുന്ന ലാവ്‌ലിനെ ഒരുനോക്ക് കാണാന്‍. ഇക്കുറി സംഗതി അല്പം സീരിയസാണ്. അച്യുതാനന്ദ സഖാവ് പിണറായിക്കെതിരെ ശക്തമായ പടയൊരുക്കം തന്നെ ഒരുക്കി. പണ്ട് ‘മലപ്പുറം അങ്കത്തില്‍’ എതിരാളിയുടെ ചുരികത്തലപ്പൊന്ന് കോറിയപ്പോള്‍ അങ്കക്കലി പൂണ്ട് പിണറായി സഖാവ് തന്റെ ഗ്രൂപ്പുകാരെ വെട്ടിനിരത്തിയത് അത്ര വേഗം മറക്കാനാവുമോ. നായനാരെ ഒന്നൊതുക്കാന്‍ പണ്ട് ‘ബീഡിയും പരിപ്പുവടയും നല്‍കി’ വളര്‍ത്തിക്കൊണ്ടുവന്നപ്പോള്‍ ഭാവി ഇത്ര ശോകമയമാവുമെന്ന് കരുതിയേ കാണില്ല! |