പ്രധാന താള്‍ > വിനോദം > ഫലിതം > ആക്ഷേപഹാസ്യം > ക്യാമറയോ? എന്തര്...
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ക്യാമറയോ? എന്തര്...
അഗ്നിശര്‍മ്മന്‍
P.S. AbhayanWD
പൊലീസില്‍ ഋതുക്കള്‍ മാറിമറിയുന്നു. തലേക്കെട്ട് തൊപ്പിയും ‘കൂമ്പന്‍’ നിക്കറും മാറി പാന്‍റും സ്റ്റൈലന്‍ തൊപ്പിയും വന്നു. ചുറ്റിക്കെട്ട് സോക്സിന്‍റെ സ്ഥാനത്ത് ശരിയായ സോക്സും പിന്നെ അതിട്ടകാല്‍ അന്തസ്സായി കയറ്റിവയ്ക്കാന്‍ മിന്നുന്ന ഷൂസും വന്നു ( പക്ഷേ, അന്നും ഇന്നും തൃക്കാലുകള്‍ പലപ്പോഴും വിശ്രമിക്കുന്നത് പാവങ്ങളുടെ നെഞ്ചത്ത് തന്നെ!)

അതൊക്കെ മാറ്റത്തിന്‍റെ കഷണങ്ങള്‍ മാത്രം! ഇതാ പൊലീസ് ഹൈടെക് ആയി, യഥാര്‍ത്ഥ മാറ്റം സ്വീകരിച്ചിരിക്കുന്നു. അനന്തപുരിയില്‍ ആറിടങ്ങളില്‍ ഒളിക്യാമറകളും സ്ഥാപിച്ചു. അതിലൊന്ന് ‘സമര സിരാകേന്ദ്രമായ’ സെക്രട്ടറിയേറ്റ് നടയിലാണ്.

ഈ ക്യാമറയ്ക്ക് പ്രധാന നടന്‍റെ പരിവേഷം ചാര്‍ത്തിക്കൊടുത്തേ മതിയാവൂ. കാരണം, പണ്ട് കുട്ടന്‍ ചേട്ടന്‍ ഒഴിച്ചു തന്നിരുന്ന ‘അറാക്ക്’ വലിച്ചു മോന്തുമ്പോള്‍ അവനങ്ങനെ സിരകളില്‍ കടന്ന് അഗ്നിപടര്‍ത്തുന്നതു പോലെ, സമരാഗ്നി ഞരമ്പുകളില്‍ ജ്വലിച്ചു കയറുമ്പൊള്‍ പൊലീസിനെ കേറിയങ്ങ് പെടയ്ക്കാമെന്ന് കരുതരുത്! പെടച്ചിട്ട് നല്ല പെട തിരിച്ചു വാങ്ങി ഏറു കൊണ്ട ശുനകനെ പോലെ മോങ്ങി സെക്രട്ടറിയേറ്റ് നടയില്‍ കിടന്ന് സ്ഥലം മെനക്കെടുത്തരുത്, അടികൊണ്ടതുകൊണ്ട് ഗതാഗതം മുടക്കി സമരവും വേണ്ടാ കൂവേ, എന്ന പ്രമാണത്തില്‍ അധിഷ്ഠിതമാണത്രേ ഈ പ്രധാന താരം!

പക്ഷേ...വിണ്ടും നശിച്ച സംശയം...ഇതൊക്കെ നല്ലതു തന്നേ? പാവം ‘സിസ്റ്ററുടെ’ മരണം അന്വേഷിക്കാന്‍ വന്ന സിബിഐക്കാര് ‘നമസ്കാരം’ പറഞ്ഞ നാടാ, അതാ ദുര്‍ബ്ബലനൊരു സംശയം. പിന്നെ...ചട്ടിത്തൊപ്പി തലയില്‍ കയറുകയും മുദ്രാവാക്യം വിളി അങ്ങട് മുറുകയും ചെയ്യുമ്പോള്‍ ചില ഏമാന്‍‌മാര്‍ എങ്ങനെ സഹിച്ചു നില്‍ക്കും, കൈയ്യിലെ മുളവടി എന്തിനാ പാമ്പിനെ തല്ലാനാണോ? ചെണ്ടമേളം മുറുകുമ്പോള്‍ ജീവത തോളില്‍ വെച്ച പൂജാരി എന്തര് ചെയ്യും...ഉറഞ്ഞങ്ങട് തുള്ളും, പിന്നല്ലാതെ!

ഇതൊക്കെ ഹൈടെക്കല്ലേ...സ്വഭാവമൊക്കെ മാറ്റിയേ പറ്റൂ, മാറും, എന്നാണ് പലരും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. എന്നാലും ഹെല്‍മറ്റിന് പകരം പോലും ഇടിയഭ്യാസം നടത്തുന്നവര്‍ക്ക് ഹൈടെക് ക്യാമറ എന്തോന്ന് പ്രശ്നം. ഒളിച്ചിരിക്കുന്ന ക്യാമറയുടെ മേല്‍ ‘അബദ്ധത്തില്‍’ ഒരു കൈലേസ് വീണാല്‍ 90 ഡിഗ്രിയില്‍ അവന്‍ കിടന്ന് ‘പാനും’ ‘ട്വില്‍റ്റും’ ചെയ്താ വല്ലോം തെളിയുമോ? വലിയ ജമ്പോജറ്റിനെ കുഞ്ഞിക്കുരുവി ഇടിച്ചു വീഴ്ത്തുന്നു പിന്നാ മലയാള നാട്ടിലൊരു ക്യാമറ!

എല്ലാവരും ജാഗ്രതൈ! ക്യാമറയുടെ പടം പിടുത്തത്തില്‍ കൃത്രിമം കാണിച്ചാലും ശിക്ഷനല്‍കും. ഹെല്‍മറ്റ് വയ്ക്കാത്ത പാവത്തിനെ ഇടിച്ചു പിഴിഞ്ഞവരെ തമ്പാനൂരീന്ന് കണ്ട്രോള്‍ റൂമിലേക്ക് സ്ഥലംമാറ്റി....അമ്പോ എന്തോരു ശിക്ഷ....എന്തോരം ദൂരത്തിലാ ഈ മാറ്റം!
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
കള്ളം തെളിഞ്ഞാല്‍ ‘ട്രെയിനിംഗ്’
അരുതു കാട്ടാളന്‍‌മാരേ അരുത്....
ഇതിപ്പൊ പ്രശ്നമാവുമോ?
ഈനോസിനെ ഒന്നൂടെ തല്ലാമോ?
ആയമ്മ പിടിച്ച ‘തലപ്പാവ്’
മന്ത്രി വരുന്നേ ഓടിക്കോ...!