ത്രില്ലര്‍ തകരുന്നു, പൃഥ്വിരാജ് പ്രതിസന്ധിയില്‍

WEBDUNIA|
PRO
ബോക്സോഫീസ് ബോംബ് എന്നു കേട്ടിട്ടില്ലേ? ആ അവസ്ഥയിലാണ് ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം ‘ത്രില്ലര്‍’‍. സമീപകാലത്ത് പൃഥ്വിയുടെ ഒരു സിനിമയ്ക്കും ഇത്രയും വലിയ തകര്‍ച്ചയെ നേരിടേണ്ടി വന്നിട്ടില്ല. ഒരു മികച്ച ത്രില്ലര്‍ സിനിമയെന്ന പേരുകേള്‍പ്പിച്ചിട്ടും തിയേറ്ററുകളില്‍ ആള്‍ക്കൂട്ടമുണ്ടാകാത്തത് പൃഥ്വി ക്യാമ്പിനെ അമ്പരപ്പിച്ചിരിക്കുകയാണ്.

പൃഥ്വിയുടെ കഴിഞ്ഞ ചിത്രമായ ‘അന്‍‌വര്‍’ ഒന്നരക്കോടി രൂപ നഷ്ടമുണ്ടാക്കിയെന്ന് നിര്‍മ്മാതാവ് ഇക്കഴിഞ്ഞ ദിവസമാണ് തുറന്നടിച്ചത്. അതില്‍ കുറച്ച് ശരികേടുണ്ടെന്ന് മനസിലാക്കാം. ഗംഭീര ഇനിഷ്യല്‍ കളക്ഷനാണ് അന്‍‌വറിന് ലഭിച്ചത്. തിയേറ്ററില്‍ നിന്ന് മൂന്നുകോടി രൂപയും മറ്റ് റൈറ്റ്സ് വില്‍പ്പന വഴി രണ്ടുകോടി രൂപയും അന്‍‌വറിനു ലഭിക്കും. അഞ്ചരക്കോടി രൂപ ചെലവുള്ള അന്‍‌വര്‍ ലോംഗ് റണ്ണില്‍ നിര്‍മ്മാതാവിന്‍റെ കൈ പൊള്ളിക്കില്ലെന്ന് ഉറപ്പാണ്. എന്നാല്‍ ത്രില്ലറിന്‍റെ കാര്യം അങ്ങനെയല്ല.

അന്‍‌വറിന് തകര്‍പ്പന്‍ ഇനിഷ്യല്‍ പുള്‍ ലഭിച്ചെങ്കില്‍ ത്രില്ലര്‍ ആദ്യ ദിനങ്ങളില്‍ തന്നെ തിയേറ്ററുകളില്‍ വീണു. കുടുംബപ്രേക്ഷകര്‍ ചിത്രത്തെ പൂര്‍ണമായും ഒഴിവാക്കിയതാണ് തിരിച്ചടിയുടെ ആഘാതം കനത്തതാക്കിയത്. പ്രധാനമായും യൂത്തിനെ ലക്‍ഷ്യമാക്കിയൊരുക്കിയ ത്രില്ലര്‍ അവരും കൈവിട്ടതോടെയാണ് ബോക്സോഫീസ് ദുരന്തമായി മാറുന്നത്. ദ്രോണ എന്ന മമ്മൂട്ടിച്ചിത്രത്തോട് ഈ വര്‍ഷം ആദ്യം പ്രേക്ഷകര്‍ എങ്ങനെ പ്രതികരിച്ചുവോ ആ രീതി ത്രില്ലറിന്‍റെ കാര്യത്തില്‍ ആവര്‍ത്തിക്കുകയാണ്.

അന്‍‌വര്‍, ത്രില്ലര്‍ എനീ സിനിമകളുടെ മോശം പ്രകടനം പൃഥ്വിയുടെ സ്റ്റാര്‍ പദവിയെ ഉലച്ചിരിക്കുകയാണ്. വന്‍ ഹിറ്റുകള്‍ സൃഷ്ടിച്ചെങ്കില്‍ മാത്രമേ പൃഥ്വിക്ക് തന്‍റെ താരമൂല്യം നില നിര്‍ത്താനാകൂ. അര്‍ജുനന്‍ സാക്ഷി, മാണിക്യക്കല്ല്, സിറ്റി ഓഫ് ഗോഡ്, ഉറുമി എന്നിവയാണ് പൃഥ്വിയെ നായകനാക്കി അണിയറയില്‍ ഒരുങ്ങുന്ന സിനിമകള്‍. ഇവയില്‍ ഏതെങ്കിലും ഒന്ന് വന്‍ വിജയമായി മാറിയില്ലെങ്കില്‍ പൃഥ്വിയുടെ ബിഗ്സ്റ്റാര്‍ പദവി ചോദ്യം ചെയ്യപ്പെട്ടേക്കാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :