ജനകന്‍ ഹിറ്റ്, ഗോസ്റ്റ്‌ഹൌസ് ഒന്നാമത്

WEBDUNIA|
PRO
മോഹന്‍ലാലും സുരേഷ്ഗോപിയും ഒന്നിച്ച ജനകന്‍ മികച്ച വിജയത്തിലേക്ക് കുതിക്കുന്നു. കുടുംബപ്രേക്ഷകര്‍ ഏറ്റെടുത്ത ഈ ചിത്രത്തിന് നാള്‍ക്കുനാള്‍ തിരക്കേറുകയാണ്. സമീപകാലത്ത് ഇത്രയും ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങളുള്ള ഒരു സിനിമ ഉണ്ടായിട്ടില്ല. സുരേഷ്ഗോപിയുടെയും മോഹന്‍ലാലിന്‍റെയും മത്സരിച്ചുള്ള അഭിനയമാണ് ജനകന്‍റെ ഹൈലൈറ്റ്. നവാഗതനായ എന്‍ ആര്‍ സഞ്ജീവ് ഒരുക്കിയ ജനകന് എസ് എന്‍ സ്വാമിയുടെ മികച്ച തിരക്കഥയുടെ പിന്‍‌ബലമുണ്ട്. ജനകനാണ് ഹിറ്റ്ചാര്‍ട്ടില്‍ ഈ വാരവും രണ്ടാം സ്ഥാനത്ത്.

ഇന്‍ ഗോസ്റ്റ്‌ഹൌസ് ഇന്‍ ഹിറ്റ്ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ലാലിന്‍റെ പിഴവുകളില്ലത്ത തിരക്കഥയും മികച്ച സംവിധാനവുമാണ് ചിത്രത്തെ ജനപ്രിയമാക്കുന്നത്. ‘കാളൈ കാളൈ ജല്ലിക്കട്ടു കാളൈ’ എന്ന ഗാനരംഗം തരംഗമായിക്കഴിഞ്ഞു. സിദ്ദിഖിന്‍റെ ഗോവിന്ദന്‍‌കുട്ടിയാണ് ഈ ചിത്രത്തില്‍ സ്കോര്‍ ചെയ്തിരിക്കുന്നത്. വേണുവിന്‍റെ ഛായാഗ്രഹണം മികച്ചതാണ്.

ദിലീപിന്‍റെ പാപ്പീ അപ്പച്ചയുടെ കളക്ഷനില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ചിത്രം മുടക്കുമുതല്‍ തിരിച്ചുപിടിക്കുമെന്നാണ് പ്രതീക്ഷ. പുതിയ റിലീസുകളില്ലാത്തതും സമ്മര്‍ വെക്കേഷനും ഈ സിനിമയ്ക്ക് ഗുണമായി. നിലവാരമില്ലാത്ത തിരക്കഥയും സംവിധാനവുമാണെങ്കിലും ദിലീപിന്‍റെ പാപ്പി എന്ന കഥാപാത്രം പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുന്നുണ്ട്. ഇന്നസെന്‍റിനോ കാവ്യ മാധവനോ പെര്‍ഫോം ചെയ്യാന്‍ അധികമൊന്നുമില്ലാത്ത ചിത്രത്തിലെ ഗാനങ്ങള്‍ ഭേദപ്പെട്ടവയാണ്.

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത പ്രമാണിയാണ് നാലാം സ്ഥാനത്ത്. കഥയില്‍ പുതുമയില്ലാത്തതാണ് ഈ സിനിമയ്ക്ക് തിരിച്ചടിയായത്. ബലമില്ലാത്ത തിരക്കഥയില്‍ നിന്ന് ഭേദപ്പെട്ടൊരു ചിത്രമൊരുക്കാന്‍ ഉണ്ണികൃഷ്ണനായിട്ടുണ്ട്. മമ്മൂട്ടിയിലെ പ്രതിഭയ്ക്ക് വെല്ലുവിളിയുയര്‍ത്തുന്ന കഥാപാത്രമല്ല പ്രമാണിയിലെ പഞ്ചായത്തു പ്രസിഡന്‍റ്. എങ്കിലും വാരാന്ത്യങ്ങളില്‍ തിയേറ്ററുകള്‍ ഫുള്ളാകുന്നുണ്ട്.

‘ടി ഡി ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് 6ബി’ ഒരു അത്ഭുത ചിത്രമാണ്. മൌത്ത് പബ്ലിസിറ്റി കൊണ്ട് കളക്ഷനില്‍ വര്‍ദ്ധനവുണ്ടായ സിനിമയാണിത്. മോഹന്‍ രാഘവന്‍ എന്ന നവാഗത സംവിധായകന്‍ ഒരുക്കിയ ഈ സിനിമ ഹിറ്റ്ചാര്‍ട്ടില്‍ അഞ്ചാം സ്ഥാനത്തെത്തി. താന്തോന്നി എന്ന പൃഥ്വിരാജ് ചിത്രത്തെ പിന്തള്ളിയാണ് ടി ഡി ദാസന്‍റെ പ്രകടനം. മലയാള സിനിമയില്‍ നല്ല ചിത്രങ്ങള്‍ ഉണ്ടാകുന്നില്ല എന്ന പരാതികള്‍ക്ക് മറുപടിയാണ് ഈ ചിത്രം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :