ഗൌതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത ‘വിണ്ണൈ താണ്ടി വരുവായാ’ വന്‍ ഹിറ്റായതോടെ കോളിവുഡില്‍ വീണ്ടും പ്രണയകഥകളുടെ പൂക്കാലം. ഗൌതം മേനോനെ ‘Big daddy of love stories' എന്നാണ് ചില മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. ഇപ്പോഴിതാ കൂടുതല്‍ സംവിധായകര്‍ ചെന്നൈ നഗരത്തിന്‍റെ പ്രണയകഥകളുമായി രംഗത്തെത്തുകയാണ്.
ഗൌതമിന്‍റെ അസോസിയേറ്റായിരുന്ന മഗിഴ് തിരുമേനി സംവിധാനം ചെയ്ത ‘മുന്‍ദിനം പാര്‍ത്തേനേ’ എന്ന സിനിമയാണ് അവയില്‍ ശ്രദ്ധേയം. പേരില്‍ തുടങ്ങുന്ന ‘ഗൌതം ടച്ച്’ ചിത്രത്തില്‍ ഉടനീളം നിലനിര്‍ത്താന്‍ മഗിഴ് തിരുമേനിക്ക് കഴിഞ്ഞിരിക്കുകയാണ്. യുവാക്കളെ ആകര്‍ഷിക്കുന്ന ഈ സിനിമ സൂപ്പര്‍ഹിറ്റിലേക്ക് കുതിക്കുന്നു.
ഹൃദയസ്പര്‍ശിയായ കഥയും മികച്ച ഗാനങ്ങളുമാണ് ഈ സിനിമയുടെ ഹൈലൈറ്റ്. ഒരു യുവാവിന്‍റെ പ്രണയാനുഭവങ്ങളും അവന്‍റെ സന്തോഷവും വേദനയുമൊക്കെയാണ് ചിത്രത്തിന്‍റെ പ്രമേയം. രണ്ട് പ്രണയ പരാജയങ്ങള്‍ക്കൊടുവില്‍ അവന്‍ തന്‍റെ യഥാര്‍ത്ഥ ജീവിതസഖിയെ കണ്ടെത്തുന്നു.
പുതുമുഖം സഞ്ജയും മുംബൈ മോഡല്‍ ഏക്തയുമാണ് ചിത്രത്തിലെ നായകനും നായികയും. തമന്‍ ഈണമിട്ട ഗാനങ്ങള്‍ ഹിറ്റ്ചാര്‍ട്ടുകളില്‍ ഇടം പിടിച്ചു കഴിഞ്ഞു. പി സി ശ്രീറാമിന്‍റെ സ്കൂളില്‍ നിന്നുള്ള വിന്‍സന്‍റാണ് ക്യാമറാമാന്‍. സെവന്‍ത് ചാനലിന്‍റെ ബാനറില്‍ മാണിക്യം നാരായണന്‍ നിര്‍മ്മിച്ചിരിക്കുന്ന ‘മുന്‍ദിനം പാര്‍ത്തേനേ’ കാമ്പസുകളില്‍ ഹിറ്റായതോടെ കൂടുതല്‍ ചിത്രങ്ങള്‍ ഇതേ ജനുസില്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.