പഴശ്ശിരാജ ബോക്സോഫീസ് ഭരണം തുടരുകയാണ്. 27 കോടി രൂപ ചെലവിട്ട ഈ സിനിമ കേരളത്തില്‍ നിന്നുതന്നെ മുതല്‍മുടക്ക് തിരിച്ചു പിടിച്ചേക്കുമെന്നതിന്‍റെ സൂചനകളാണ് ലഭിക്കുന്നത്. എല്ലാ ദിവസവും എല്ലാ കേന്ദ്രങ്ങളിലും മാറ്റിനിയും ഫസ്റ്റ് ഷോയും ഹൌസ് ഫുള്ളാണ്. മലയാളത്തിന്‍റെ ബോക്സോഫീസ് ചരിത്രത്തിലെ ഏറ്റവും വലിയ പണംവാരിപ്പടമായി പഴശ്ശി മാറിയിരിക്കുന്നു. കളക്ഷന്‍റെ കാര്യത്തില്‍ ട്വന്‍റി 20യെപ്പോലും ഈ സിനിമ കടത്തിവെട്ടിയിരിക്കുകയാണ്.
രാജ്യത്തിന്‍റെ സമാധാനത്തിനും ജനങ്ങളുടെ സുരക്ഷയ്ക്കും വേണ്ടി ബ്രിട്ടീഷുകാരോട് പടവെട്ടിയ പഴശ്ശിയെ മമ്മൂട്ടി അനശ്വരമാക്കിയപ്പോള്‍ എടച്ചേന കുങ്കനായി ശരത് കുമാറും തലയ്ക്കല്‍ ചന്തുവായി മനോജ് കെ ജയനും നീലിയായി പത്മപ്രിയയുമെല്ലാം പ്രേക്ഷക മനസ്സില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ഹിറ്റ്ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന പഴശ്ശിരാജക്ക് ഈ വാരവും ഒരു ചിത്രവും വെല്ലുവിളി ഉയര്‍ത്തുന്നില്ല.
ജോഷി സംവിധാനം ചെയ്ത റോബിന്‍ഹുഡ് ആണ് ഹിറ്റ്ചാര്‍ട്ടില്‍ രണ്ടാം സ്ഥാനത്ത്. യുവത്വത്തിന്‍റെ ആവേശമായി പൃഥ്വിരാജും നരേനും പിന്നെ ജോഷിയുടെ സംവിധാന മികവുമാണ് സൂപ്പര്‍ താരചിത്രങ്ങളെപ്പോലും പിന്തള്ളി റോബിന്‍ഹുഡിനെ രണ്ടാം സ്ഥാനത്ത് നിലനിര്‍ത്തുന്നത്. നരേന്‍റെ പ്രകടനമാണ് സിനിമയുടെ ഹൈലൈറ്റ്. ഭാവനയുടെ ഗ്ലാമര്‍ കഥാപാത്രത്തെയും പ്രേക്ഷകര്‍ ഏറ്റെടുത്തു.
പത്ത് സംവിധായകര്‍ ഒരുമിച്ച കേരള കഫെയാണ് ഹിറ്റ് ചാര്‍ട്ടില്‍ മൂന്നാമത്. മമ്മൂട്ടി, സുരേഷ്ഗോപി, പൃഥ്വിരാജ്, ദിലീപ് തുടങ്ങിയ താരങ്ങളെല്ലാം അഭിനയിച്ചിരിക്കുന്ന കേരളാ കഫെ ശാന്തമായി കണ്ടിരിക്കാവുന്ന സിനിമ എന്ന നിലയില്‍ ശ്രദ്ധേയമാവുന്നുണ്ട്. കഥകള്‍ തെരഞ്ഞെടുത്തതിലും അതിന്‍റെ അവതരണ രീതികളിലും സംവിധായകര്‍ക്കുണ്ടായ പിഴവുകള്‍ ചിത്രത്തിന്‍റെ മൊത്തത്തിലുള്ള ഒഴുക്കിനെ പലയിടത്തും തടസ്സപ്പെടുത്തുന്നുണ്ടെങ്കിലും ലാല്‍ ജോസ്, അന്‍വര്‍ റഷീദ്, ഷാജി കൈലാസ് എന്നിവര്‍ പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ്.
PRO
ദിലീപിന്‍റെ സ്വന്തം ലേഖകന്‍ നാലാം സ്ഥാനത്താണ്. ആദ്യമുണ്ടായ എതിരഭിപ്രായങ്ങളെ മറികടന്ന് സ്വ. ലേ മികച്ച മുന്നേറ്റം നടത്തുന്നുണ്ട്. കുടുംബപ്രേക്ഷകര്‍ കൂട്ടത്തോടെയെത്തുന്നത് സിനിമയുടെ പ്രയാണത്തിന് കരുത്താകുന്നു. ആദ്യ പകുതിയിലെ താമാശ രംഗങ്ങള്‍ പ്രേക്ഷകര്‍ ആസ്വദിക്കുന്നുണ്ട്. വാരാന്ത്യങ്ങളില്‍ മിക്ക സെന്‍ററുകളിലും സ്വന്തം ലേഖകന്‍ ഹൌസ് ഫുള്ളാണ്.
മോഹന്‍ലാലിന്‍റെ ‘എയ്ഞ്ചല്‍ ജോണ്‍’ ഹിറ്റ് ചാര്‍ട്ടില്‍ അഞ്ചാം സ്ഥാനത്താണ്. പൂര്‍ണമായും ഒരു ലാല്‍ ചിത്രം പ്രതീക്ഷിച്ചെത്തിയവരെ നിരാശരാക്കിയതാണ് എയ്ഞ്ചലിന് വിനയായത്. ചിത്രത്തിന്‍റെ ഇടവേളക്ക് തൊട്ടു മുന്‍പ് മാത്രമാണ് മോഹന്‍ലാല്‍ വരുന്നതെന്നത് ലാല്‍ ഫാന്‍സിനെയും നിരാശരാക്കി. പല കേന്ദ്രങ്ങളിലും ഈ സിനിമ മാറിക്കഴിഞ്ഞു. ഫോട്ടോഗ്രാഫറിന് ശേഷം മോഹന്‍ലാലിന് നേരിട്ട ഏറ്റവും വലിയ തിരിച്ചടിയാണ് എയ്ഞ്ചല്‍ ജോണ്‍.
ഹിറ്റ്ചാര്‍ട്ടില്‍ നിന്ന് ലൌഡ് സ്പീക്കര്‍ പുറത്തായി. ടി കെ രാജീവ്കുമാര്‍ സംവിധാനം ചെയ്ത ജയറാം ചിത്രം ‘സീതാ കല്യാണ’മാണ് പുതിയ റിലീസ്.