ജയരാജ് സംവിധാനം ചെയ്ത മമ്മൂട്ടിച്ചിത്രം ‘ലൌഡ് സ്പീക്കര്‍’ കേരളക്കരയാകെ തരംഗമായി മാറുകയാണ്. അടുത്തകാലത്തൊന്നും ഒരു മമ്മൂട്ടിച്ചിത്രത്തിന് ഇത്ര ഗംഭീരമായ സ്വീകരണം ലഭിച്ചിട്ടില്ല. നിരൂപക പ്രശംസയും പ്രേക്ഷകപ്രീതിയും ഒരുപോലെ നേടുന്ന ഈ ചിത്രം ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാമതാണ്.
ഹൃദയസ്പര്‍ശിയായ ഒരു പ്രമേയത്തിന്‍റെ അസ്വാഭാവികതകളില്ലാത്ത അവതരണമാണ് ലൌഡ് സ്പീക്കറിനെ വന്‍ ഹിറ്റാക്കി മാറ്റുന്നത്. മമ്മൂട്ടി അവതരിപ്പിക്കുന്ന ‘മൈക്ക്’ എന്ന കഥാപാത്രത്തിന്‍റെ മാനറിസങ്ങള്‍ പോലും തിയേറ്ററുകളില്‍ കയ്യടി നേടുന്നു. ‘അല്ലിയാമ്പല്‍ കടവില്‍’ എന്ന ഗാനരംഗം തുടങ്ങുന്നതു മുതല്‍ അവസാനിക്കുന്നതു വരെ പ്രേക്ഷകര്‍ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയാണ്. പഴയതലമുറയ്ക്കും പുതിയ തലമുറയ്ക്കും ഒന്നുപോലെ ആസ്വാദ്യകരമായ രീതിയില്‍ ചിത്രമൊരുക്കാന്‍ ജയരാജിന് കഴിഞ്ഞിട്ടുണ്ട്.
ജോഷി - പൃഥ്വിരാജ് ടീമിന്‍റെ റോബിന്‍ഹുഡിന് ആദ്യപ്രതികരണങ്ങള്‍ നിരാശാജനകമായിരുന്നെങ്കിലും ബോക്സോഫീസില്‍ വമ്പന്‍ കുതിച്ചുചാട്ടമാണ് നടത്തിയിരിക്കുന്നത്. ഇപ്പോള്‍ തന്നെ ഒരു ഹിറ്റ് ചിത്രമായി റോബിന്‍ഹുഡ് മാറിക്കഴിഞ്ഞു. തിരക്കഥയിലെ പാളിച്ചകള്‍ ചിത്രത്തിന് ദോഷകരമായെങ്കിലും ചെറിയ ചാഞ്ചാട്ടങ്ങള്‍ക്ക് ശേഷം ഗംഭീര മുന്നേറ്റമാണ് റോബിന്‍ഹുഡിന്‍റേത്. എല്ലാ കേന്ദ്രങ്ങളിലും എല്ലാ ഷോയും ഹൌസ്ഫുള്ളാകുന്ന റോബിന്‍ഹുഡ് പൃഥ്വിരാജിന്‍റെ സൂപ്പര്‍സ്റ്റാര്‍ പദവി ഉറപ്പിച്ചിരിക്കുകയാണ്. ഹിറ്റ്ചാര്‍ട്ടില്‍ രണ്ടാം സ്ഥാനത്താണ് ഈ സിനിമ.
എം എ നിഷാദ് സംവിധാനം ചെയ്ത മള്‍ട്ടിസ്റ്റാര്‍ ചിത്രം ‘വൈരം’ മികച്ച വിജയമായി മാറുന്നു. എല്ലാ കേന്ദ്രങ്ങളിലും ഈ ചിത്രത്തിന് നല്ല പ്രതികരണമാണ്. സുരേഷ്ഗോപി, ജയസൂര്യ, മുകേഷ്, സായ്കുമാര്‍, തിലകന്‍ തുടങ്ങിയ വമ്പന്‍ താരങ്ങളുടെ സാന്നിധ്യവും തമിഴ് നടന്‍ പശുപതിയുടെ അസാധാരണമായ അഭിനയ മികവുമാണ് വൈരത്തിന്‍റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നത്. നല്ല പാട്ടുകളും ഈ സിനിമയുടെ വിജയത്തിന് കാരണമായി. വൈരമാണ് ഹിറ്റ് ചാര്‍ട്ടില്‍ മൂന്നാമത്.
PRO
സുരാജ് വെഞ്ഞാറമ്മൂട് നായകനായ ‘ഡ്യൂപ്ലിക്കേറ്റ്’ ഹിറ്റ് ചാര്‍ട്ടില്‍ നാലാമതാണ്. ഒരു കോമഡിതാരം മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം എന്ന നിലയിലല്ല, ഒരു സൂപ്പര്‍താരത്തിന്‍റെ സിനിമ എന്ന രീതിയിലുള്ള സമീപനമാണ് ഡ്യൂപ്ലിക്കേറ്റിനോട് പ്രേക്ഷകര്‍ കാട്ടുന്നത്. അതെ, കോമഡിതാരങ്ങളിലെ സൂപ്പര്‍സ്റ്റാറായി സുരാജ് മാറിക്കഴിഞ്ഞു എന്നതിന് തെളിവാണ് ഈ വിജയം. എല്ലാ കേന്ദ്രങ്ങളില്‍ നിന്നും നല്ല കളക്ഷന്‍ ലഭിക്കുന്ന ഡ്യൂപ്ലിക്കേറ്റ് സൂപ്പര്‍ ഹിറ്റിലേക്ക് നീങ്ങുകയാണ്.
ജയറാം - അക്കു അക്ബര്‍ - ഗിരീഷ്കുമാര്‍ ടീമിന്‍റെ ‘കാണാ കണ്‍മണി’ ബോക്സോഫീസില്‍ വന്‍ തിരിച്ചടിയാണ് നേരിടുന്നത്. ചിത്രം റിലീസ് ചെയ്ത് ഒരുമാസം തികയ്ക്കുന്നതിന് മുമ്പേ നിര്‍മ്മാതാക്കള്‍ ഒറിജിനല്‍ സി ഡി വിപണിയിലെത്തിച്ചത് കാണാ കണ്‍മണിയുടെ ലോംഗ് റണ്ണിന് വിഘാതം സൃഷ്ടിച്ചു. ഹിറ്റ് ചാര്‍ട്ടില്‍ അഞ്ചാം സ്ഥാനത്താണ് കാണാ കണ്‍മണി.
പഴശ്ശിരാജാ, കേരളാ കഫേ, എയ്ഞ്ചല്‍ ജോണ്‍ എന്നീ സിനിമകളുടെ വരവിനായി തിയേറ്ററുകളും പ്രേക്ഷക മനസുകളും ഒരുങ്ങുകയാണ്.