ആഷിക് അബുവിന്‍റെ മമ്മൂട്ടി ചിത്രം ഡാഡി കൂള്‍ തിറ്ററുകളിലെത്തിയതാണ് ഈയാഴ്ചയിലെ ഏറ്റവും പുതിയ ബോക്‌സോഫീസ് വാര്‍ത്ത. പട്ടണത്തില്‍ ഭൂതം ഇറങ്ങി നാലാഴ്ചക്കുള്ളിലാണ് മറ്റൊരു മമ്മൂട്ടി ചിത്രം കൂടി എത്തിയത്. രസികന്‍ എന്‍റര്‍ടെയിനറാണ് ഡാഡികൂള്‍ എന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മലയാള സിനിമയിലെ ഏറ്റവും വലിയ ക്രൌഡ് പുള്ളര്‍ ആയി മമ്മൂട്ടി മാറുന്ന കാഴ്ചയാണ് തീയേറ്ററുകളില്‍.
യുവമനസ്സുകളുടെ വീറും വേഗവും നിറഞ്ഞ പൃഥ്വിരാജിന്‍റെ പുതിയ മുഖം സൂപ്പര്‍ ഹിറ്റിലേക്ക് നീങ്ങുന്നതാണ് മറ്റൊരു പ്രധാന വാര്‍ത്ത. യുവാക്കളെ ഇത്രയേറെ ത്രില്ലടിപ്പിച്ച ഒരു ചിത്രം സമീപകാലത്തൊന്നും തിയറ്ററുകളിലെത്തിയിട്ടില്ല. സിന്ധുരാജ് പറയുന്ന കഥയില്‍ പ്രത്യേകിച്ച് പുതുമയൊന്നുമില്ലെങ്കിലും ട്രീറ്റ്‌മെന്‍റ്റിലെ വ്യത്യസ്തത കൊണ്ട് ദീപന്‍ ചിത്രത്തിന് പുതുമ നല്‍കുന്നു.
തമിഴ് സിനിമയെ വെല്ലുന്ന തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളാണ് പുതിയമുഖത്തിന്‍റെ ഹൈലൈറ്റ്. കഴിഞ്ഞ ആഴ്ച ഹിറ്റ് ചാര്‍ട്ടില്‍ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന പുതിയ മുഖം ഇത്തവണ ഒന്നാം സ്ഥാനത്ത് കുതിച്ചെത്തി. ആദ്യ ഒരാഴ്ചയില്‍ തന്നെ 1.10 കോടി രൂപ ഗ്രോസ് നേടാനും പുതിയ മുഖത്തിനായി. സൂപ്പര്‍താര ചിത്രങ്ങളോട് പിടിക്കാന്‍ തന്‍റെ സിനികള്‍ക്കുമാവുമെന്നും പൃഥ്വി ഈ ചിത്രത്തിലൂടെ തെളിയിച്ചു.
മമ്മൂട്ടിയുടെ പട്ടണത്തില്‍ ഭൂതമാണ് ഹിറ്റ് ചാര്‍ട്ടില്‍ രണ്ടാമത്. കുട്ടികളെയും കുടുംബങ്ങളെയും ഒരുപോലെ ആകര്‍ഷിക്കാനായതാണ് ഭൂതത്തിന് ഗുണമായത്. അവധി ദിവസങ്ങളില്‍ ഭൂതം കളിക്കുന്ന തിയേറ്ററുകള്‍ ഹൌസ് ഫുള്ളാണ്. മോഹന്‍ലാല്‍ - ബ്ലെസി ടീമിന്‍റെ ഭ്രമരമാണ് മൂന്നാം സ്ഥാനത്ത്. മോഹന്‍ലാലിന്‍റെ അഭിനയ വിസ്മയം കൊണ്ട് സമ്പന്നമായ ഭ്രമരത്തിന് ഇപ്പോഴും കുടുംബ പ്രേക്ഷകരുടെ തിരക്കുണ്ട്.
രാജസേനന്‍ നായകനും സംവിധായകനുമായ ഭാര്യ ഒന്ന് മക്കള്‍ മൂന്ന് അപ്രതീക്ഷിത ഹിറ്റിലേക്ക് നീങ്ങുകയാണ്. മനോഹരമായ ഒരു കുടുംബകഥ രസകരമായി പറയുന്നുവെന്നതും പരസ്യ തന്ത്രങ്ങളും (സൂപ്പര്‍ താരങ്ങളുടെ പടം വെച്ച്) ചിത്രത്തിന് ഹിറ്റം ചാര്‍ട്ടില്‍ ഇടം നല്‍കുന്നു. സിതാരയുടെ മടങ്ങിവരവും ഗംഭീരമായി. ചുരുക്കത്തില്‍ ഇതൊരു ‘സ്ലീപ്പര്‍’ ഹിറ്റാവുകയാണ്.
ജയസൂര്യ എന്ന യുവതാരത്തിന്‍റെ കരിയറിലെ ഏറ്റവും മികച്ച വിജയമായ ‘ഇവര്‍ വിവാഹിതരായാല്‍’ ഹിറ്റ് ചാര്‍ട്ടില്‍ അഞ്ചാം സ്ഥാനത്താണ്. സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത ഈ സിനിമയിലെ ഗാനങ്ങളും ഗംഭീരമാണ്. പ്രേക്ഷകരുടെ പള്‍സറിഞ്ഞാണ് സജി സുരേന്ദ്രന്‍ ആദ്യ ചിത്രമൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ പുതുമയുള്ള മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.
ജയറാമിന്‍റെ വിന്‍റര്‍, രഹസ്യപ്പോലീസ് എന്നീ ചിത്രങ്ങള്‍ ഒരു ചലനവും സൃഷ്ടിക്കാതെ തിയേറ്ററുകള്‍ വിട്ടു. എസ് എന്‍ സ്വാമിയുടെ പാളിപ്പോയ തിരക്കഥയാണ് രഹസ്യപ്പോലീസിന് വിനയായത്. പുതുമയില്ലാത്ത ചിത്രമെന്ന ധാരണ പരന്നതും രഹസ്യപ്പോലീസിന് തിരിച്ചടിയായിട്ടുണ്ട്. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ‘ഒരു പെണ്ണും രണ്ടാണും’ കാണാന്‍ വാരാന്ത്യങ്ങളില്‍ ഹൈക്ലാസ് പ്രക്ഷകരുടെ തിരക്കുണ്ട്.