മഴയ്ക്ക് ശമനമായി. തിയേറ്ററുകള്‍ സജീവമായി. മലയാള സിനിമയുടെ ബോക്സോഫീസില്‍ വീണ്ടും പണക്കിലുക്കം. പുതിയ റിലീസുകളില്‍ പൃഥ്വിരാജ് നായകനായ പുതിയ മുഖവും രാജസേനന്‍ നായകനായ ഭാര്യ ഒന്ന് മക്കള്‍ മൂന്നും മികച്ച വിജയത്തിലേക്ക് നീങ്ങുന്നു. പുതിയ മുഖത്തോടെ പൃഥ്വിരാജ് അടുത്ത സൂപ്പര്‍താര പദവി ഉറപ്പിച്ചപ്പോള്‍ ‘ഭാര്യ ഒന്ന് മക്കള്‍ മൂന്ന്’ അപ്രതീക്ഷിത വിജയമാണ് നേടുന്നത്.
വമ്പന്‍ ഇനിഷ്യല്‍ കളക്ഷനാണ് പുതിയ മുഖം നേടുന്നത്. പൃഥ്വിയുടെ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളും മികച്ച ഗാനങ്ങളുമാണ് പുതിയ മുഖത്തിന്‍റെ ഹൈലൈറ്റ്. ദീപന്‍ സംവിധാനം ചെയ്ത ഈ ചിത്രം യുവജനങ്ങളെയും കുടുംബങ്ങളെയും ആകര്‍ഷിച്ച് മുന്നേറുകയാണ്. ഹിറ്റ് ചാര്‍ട്ടില്‍ മൂന്നാം സ്ഥാനത്താണ് ഈ ചിത്രം.
പഴയ രാജസേനന്‍ തിരിച്ചു വന്ന ചിത്രമാണ് ‘ഭാര്യ ഒന്ന് മക്കള്‍ മൂന്ന്’. സംവിധായകനായും നായകനായും രാജസേനന്‍ മിന്നിത്തിളങ്ങുകയാണ്. അധികം പരസ്യകോലാഹലങ്ങളില്ലാതെ എത്തിയ ഈ ചിത്രം വന്‍ ഹിറ്റായി മാറിയേക്കുമെന്നുള്ള സൂചനകളാണ് ലഭിക്കുന്നത്. ഒരു ജയറാം ചിത്രത്തിന് ലഭിക്കുന്ന വരവേല്‍പ്പാണ് രാജസേനന്‍ നായകനായ ഈ സിനിമയ്ക്ക് ലഭിക്കുന്നത്. സിതാരയുടെ മടങ്ങിവരവും ഗംഭീരമായി. ഹിറ്റ് ചാര്‍ട്ടില്‍ നാലാം സ്ഥാനത്താണ് ഭാര്യ ഒന്ന് മക്കള്‍ മൂന്ന്.
പട്ടണത്തില്‍ ഭൂതം തന്നെയാണ് ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാമത്. കുട്ടികളെയും കുടുംബങ്ങളെയും ആകര്‍ഷിക്കുന്ന ഈ ചിത്രം പ്രമുഖ കേന്ദ്രങ്ങളില്‍ 75 ദിവസം പിന്നിടുമെന്ന് ഉറപ്പായി. വാരാന്ത്യങ്ങള്‍ ഭൂതം കളിക്കുന്ന തിയേറ്ററുകള്‍ സജീവമാണ്. മോഹന്‍ലാല്‍ - ബ്ലെസി ടീമിന്‍റെ ഭ്രമരമാണ് രണ്ടാം സ്ഥാനത്ത്. കുടുംബപ്രേക്ഷകരാണ് ഈ ചിത്രത്തെ വിജയത്തിലേക്ക് നയിക്കുന്നത്. മഴ കനത്തപ്പോള്‍ കനത്ത തിരിച്ചടി നേരിട്ട ഭ്രമരത്തിന് വീണ്ടും പ്രേക്ഷകരെത്തിത്തുടങ്ങിയിട്ടുണ്ട്. ഈ വാരാന്ത്യത്തില്‍ ഭ്രമരം കളിക്കുന്ന തിയേറ്ററുകള്‍ ഹൌസ് ഫുള്‍ ആകുമെന്നാണ് സൂചന. ടിക്കറ്റുകള്‍ മുന്‍കൂറായി വിറ്റുതീരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ജയസൂര്യ എന്ന യുവതാരത്തിന്‍റെ കരിയറിലെ ഏറ്റവും മികച്ച വിജയമായ ‘ഇവര്‍ വിവാഹിതരായാല്‍’ ഹിറ്റ് ചാര്‍ട്ടില്‍ അഞ്ചാം സ്ഥാനത്തെത്തി. സമീപകാലത്ത് ടു ഹരിഹര്‍ നഗറിന് ശേഷം പ്രേക്ഷകരെ ഏറ്റവും രസിപ്പിച്ച സിനിമയാണ് ഇത്. സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത ഈ സിനിമയിലെ ഗാനങ്ങളും ഗംഭീരമാണ്. പ്രേക്ഷകരുടെ പള്‍സറിഞ്ഞാണ് സജി സുരേന്ദ്രന്‍ ആദ്യ ചിത്രമൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ പുതുമയുള്ള മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.
ജയറാമിന്‍റെ വിന്‍റര്‍, രഹസ്യപ്പോലീസ് എന്നീ ചിത്രങ്ങള്‍ തിയേറ്ററുകളില്‍ ചലനം സൃഷ്ടിക്കുന്നില്ല. എസ് എന്‍ സ്വാമിയുടെ പാളിപ്പോയ തിരക്കഥയാണ് രഹസ്യപ്പോലീസിന് വിനയായത്. പുതുമയില്ലാത്ത ചിത്രമെന്ന ധാരണ പരന്നതും രഹസ്യപ്പോലീസിന് തിരിച്ചടിയായിട്ടുണ്ട്. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ‘ഒരു പെണ്ണും രണ്ടാണും’ ആണ് പുതിയ റിലീസ്. നാല്‍പ്പത് കേന്ദ്രങ്ങളിലാണ് ചിത്രം റിലീസ് ചെയ്തിട്ടുള്ളത്.