രണ്ടാം വാരത്തിലേക്ക് കടക്കുമ്പോള്‍ മമ്മൂട്ടിയുടെ കോമഡിച്ചിത്രം ‘ഈ പട്ടണത്തില്‍ ഭൂതം’ ഒരു ഹിറ്റ് ചിത്രമായി മാറിക്കഴിഞ്ഞു. മികച്ച കളക്ഷനാണ് ഈ ചിത്രം നേടുന്നത്. എല്ലാ ദിവസവും ഫസ്റ്റ് ഷോ ഹൌസ് ഫുള്ളാണ്. ശനി, ഞായര്‍ ദിവസങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ നേരത്തേ വിറ്റു തീര്‍ന്നുകഴിഞ്ഞു. കുട്ടികളെ ആകര്‍ഷിക്കാനായതോടെ ഭൂതം ലോംഗ് റണ്‍ ഉറപ്പാക്കി.
ഈയാഴ്ച കേരളത്തിനു പുറത്ത് 25 കേന്ദ്രങ്ങളില്‍ കൂടി പട്ടണത്തില്‍ ഭൂതം റിലീസ് ചെയ്യുന്നുണ്ട്. ഭൂതത്തിന്‍റെ വമ്പന്‍ ഇനിഷ്യല്‍ കളക്ഷന്‍ മറ്റു ചിത്രങ്ങളെ ബഹുദൂരം പിന്നിലാക്കി. ഹിറ്റ് ചാര്‍ട്ടില്‍ രണ്ടാം സ്ഥാനത്താണ് പട്ടണത്തില്‍ ഭൂതം.
PRO
PRO
ബോക്സോഫീസില്‍ ഒന്നാം സ്ഥാനത്ത് മോഹന്‍ലാല്‍ ചിത്രമായ ഭ്രമരം ജൈത്രയാത്ര തുടരുകയാണ്. കളക്ഷനില്‍ ഓരോ ദിവസവും വര്‍ദ്ധനവുണ്ടാകുന്നു. ആദ്യ ദിനങ്ങളില്‍ ഹൈക്ലാസ് പ്രേക്ഷകരുടെ തിരക്കായിരുന്നെങ്കില്‍ ഇപ്പോള്‍ കുടുംബങ്ങള്‍ ഇരച്ചുകയറുകയാണ്. ശക്തമായ മഴ തുടരുമ്പോഴും ഭ്രമരത്തിന്‍റെ മിക്ക ഷോയും ഫുള്‍ ഹൌസിലാണ് പ്രദര്‍ശിപ്പിക്കുന്നത്.
മോഹന്‍ലാലിന്‍റെ അസാധാരണമായ അഭിനയമികവാണ് ചിത്രത്തിന്‍റെ പ്രധാന ആകര്‍ഷണ ഘടകം. ഒറ്റവരിയില്‍ പറഞ്ഞു തീര്‍ക്കാവുന്ന ഒരു കഥയെ ഇത്രയും ശക്തമായ ഒരു സിനിമയാക്കി മാറ്റിയതില്‍ ബ്ലെസി എന്ന തിരക്കഥാകൃത്തിനും സംവിധായകനും അഭിമാനിക്കാം.
ജയസൂര്യ എന്ന യുവതാരത്തിന്‍റെ കരിയറിലെ ഏറ്റവും മികച്ച വിജയമായ ‘ഇവര്‍ വിവാഹിതരായാല്‍’ ഹിറ്റ് ചാര്‍ട്ടില്‍ മൂന്നാം സ്ഥാനത്താണ്. എല്ലാ ദിവസവും മിക്ക ഷോയും ഹൌസ് ഫുള്ളാകുന്ന ഈ ചിത്രം സമീപകാലത്ത് ടു ഹരിഹര്‍ നഗറിന് ശേഷം പ്രേക്ഷകരെ ഏറ്റവും രസിപ്പിച്ച സിനിമയാണ്. സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത ഈ സിനിമയിലെ ഗാനങ്ങളും ഗംഭീരമാണ്.
പ്രേക്ഷകരുടെ പള്‍സറിഞ്ഞാണ് സജി സുരേന്ദ്രന്‍ ആദ്യ ചിത്രമൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ പുതുമയുള്ള മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. സത്യന്‍ അന്തിക്കാടിന്‍റെ ജയറാം ചിത്രം ഭാഗ്യദേവതയാണ് നാലാം സ്ഥാനത്ത്. ഭാഗ്യദേവതയ്ക്ക് ഇപ്പോഴും കുടുംബപ്രേക്ഷകരുടെ തിരക്കുണ്ട്. പ്രമുഖ കേന്ദ്രങ്ങളില്‍ ചിത്രം 75 ദിവസം പിന്നിട്ടു.
നവാഗതനായ രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത പാസഞ്ചറാണ് ഹിറ്റ് ചാര്‍ട്ടില്‍ അഞ്ചാമത്. ഗ്ലാമറോ, വയലന്‍സോ, കോമഡിയ്ക്ക് വേണ്ടിയുള്ള കോമഡിയോ ഒന്നുമില്ലാതെ തന്നെ ഈ ചിത്രം വന്‍ വിജയമാണ് നേടുന്നത്. വ്യത്യസ്തമായ ഒരു ത്രില്ലര്‍ വളരെ ലളിതമായി അവതരിപ്പിച്ചുവെന്നതാണ് പാസഞ്ചറിന്‍റെ വിജയം.
ജയറാമിന്‍റെ വിന്‍റര്‍, പൃഥ്വിരാജിന്‍റെ പുതിയ മുഖം എന്നിവയാണ് പുതിയ റിലീസുകള്‍.