ഈ വാരം അവസാനിക്കുമ്പോള്‍ മലയാള സിനിമാ ബോക്സോഫീസില്‍ ഒന്നാം നമ്പറിലേക്ക് മോഹന്‍ലാല്‍ ചിത്രമായ ഭ്രമരം കുതിച്ചെത്തിയിരിക്കുകയാണ്. കളക്ഷനില്‍ ദിവസേനയുണ്ടാകുന്ന വര്‍ദ്ധനവ് ഈ ചിത്രത്തിന് ലോംഗ് റണ്‍ ഉറപ്പാക്കുന്നു. ആദ്യമുണ്ടായിരുന്ന സമ്മിശ്ര പ്രതികരണം മാറുകയും ‘നല്ലതും വ്യത്യസ്തവുമായ സിനിമ’ എന്ന അഭിപ്രായം ശക്തമാകുകയും ചെയ്തതോടെ ഈ ബ്ലെസിച്ചിത്രം മികച്ച വിജയമായി മാറുകയാണ്.
കുടുംബപ്രേക്ഷകര്‍ കൂട്ടത്തോടെയെത്തുന്നു എന്നതാണ് ഭ്രമരത്തിന് ഗുണമായിത്തീര്‍ന്നിരിക്കുന്നത്. മോഹന്‍ലാലിന്‍റെ അസാധാരണമായ അഭിനയമികവാണ് ചിത്രത്തിന്‍റെ പ്രധാന ആകര്‍ഷണ ഘടകം. ഒറ്റവരിയില്‍ പറഞ്ഞു തീര്‍ക്കാവുന്ന ഒരു കഥയെ ഇത്രയും ശക്തമായ ഒരു സിനിമയാക്കി മാറ്റിയതില്‍ ബ്ലെസി എന്ന തിരക്കഥാകൃത്തിനും സംവിധായകനും അഭിമാനിക്കാം.
PRO
PRO
മമ്മൂട്ടി നായകനായ ‘ഈ പട്ടണത്തില് ഭൂതം’ പ്രദര്‍ശന ശാലകളിലെത്തി. നൂറിലധികം തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രത്തിന് വമ്പന്‍ ഇനീഷ്യല്‍ കളക്ഷനാണ് ലഭിക്കുന്നത്. കുട്ടികളെ ലക്‍ഷ്യമാക്കി ഒരുക്കിയിരിക്കുന്ന ഈ സിനിമ അതുകൊണ്ടു തന്നെ കുടുംബങ്ങളെയും ആകര്‍ഷിക്കുന്നു. വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ചിത്രത്തേക്കുറിച്ച് നിലനില്‍ക്കുന്നുണ്ടെങ്കിലും ഒരു സൂപ്പര്‍ഹിറ്റ് സിനിമയായി ഭൂതം മാറുമെന്നു തന്നെയാണ് കരുതുന്നത്.
തിയേറ്ററുകളിലെത്തി മൂന്നു നാള്‍ക്കുള്ളില്‍ ഹിറ്റ് ചാര്‍ട്ടില്‍ നാലാം സ്ഥാനത്തേക്ക് പട്ടണത്തില്‍ ഭൂതം എത്തി എന്നത് ഒരു വന്‍ വിജയത്തിന്‍റെ സൂചനകളാണ് ലഭ്യമാക്കുന്നത്. മമ്മൂട്ടി ഇരട്ടക്കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്നതും കാവ്യാ മാധവന്‍ നായികയാകുന്നു എന്നതുമാണ് ചിത്രത്തിന്‍റെ പ്രത്യേകത.
ജയസൂര്യ എന്ന യുവതാരത്തിന്‍റെ കരിയറിലെ ഏറ്റവും മികച്ച വിജയമായ ‘ഇവര്‍ വിവാഹിതരായാല്‍’ ഹിറ്റ് ചാര്‍ട്ടില്‍ രണ്ടാം സ്ഥാനത്താണ്. എല്ലാ ദിവസവും മിക്ക ഷോയും ഹൌസ് ഫുള്ളാകുന്ന ഈ ചിത്രം സമീപകാലത്ത് ടു ഹരിഹര്‍ നഗറിന് ശേഷം പ്രേക്ഷകരെ ഏറ്റവും രസിപ്പിച്ച സിനിമയാണ്. സജി സുരേന്ദ്രന്‍ സംവിധാനം ഈ സിനിമയിലെ ഗാനങ്ങളും ഗംഭീരമാണ്.
പ്രേക്ഷകരുടെ പള്‍സറിഞ്ഞാണ് സജി സുരേന്ദ്രന്‍ ആദ്യ ചിത്രമൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ പുതുമയുള്ള മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. സത്യന്‍ അന്തിക്കാടിന്‍റെ ജയറാം ചിത്രം ഭാഗ്യദേവതയാണ് മൂന്നാം സ്ഥാനത്ത്. ഭാഗ്യദേവതയ്ക്ക് ഇപ്പോഴും കുടുംബപ്രേക്ഷകരുടെ തിരക്കുണ്ട്. പ്രമുഖ കേന്ദ്രങ്ങളില്‍ ചിത്രം നൂറുദിനം പിന്നിടുമെന്ന് ഉറപ്പാക്കിയിട്ടുണ്ട്.
PRO
PRO
നവാഗതനായ രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത പാസഞ്ചറാണ് ഹിറ്റ് ചാര്‍ട്ടില്‍ അഞ്ചാമത്. ഗ്ലാമറോ, വയലന്‍സോ, കോമഡിയ്ക്ക് വേണ്ടിയുള്ള കോമഡിയോ ഒന്നുമില്ലാതെ തന്നെ ഈ ചിത്രം വന്‍ വിജയമാണ് നേടുന്നത്. വ്യത്യസ്തമായ ഒരു ത്രില്ലര്‍ വളരെ ലളിതമായി അവതരിപ്പിച്ചുവെന്നതാണ് പാസഞ്ചറിന്‍റെ വിജയം.
ലാല്‍ ആദ്യമായി ഒറ്റയ്ക്ക് സംവിധായകന്‍റെ കുപ്പായമണിഞ്ഞ ടു ഹരിഹര്‍ നഗര്‍ 100 ദിവസം പൂര്‍ത്തിയാക്കിയതാണ് ഈ ആഴ്ചയുണ്ടായ ശ്രദ്ധേയമായ ഒരു കാര്യം. ശനി, ഞായര്‍ ദിവസങ്ങളില്‍ ഇപ്പോഴും ഹൌസ് ഫുള്ളായാണ് ഈ സിനിമ പ്രദര്‍ശിപ്പിക്കുന്നത്.