മോഹന്ലാല് വീണ്ടും ചരിത്രം രചിക്കുകയാണ്. കഴിഞ്ഞ കുറേക്കാലമായി കൊമേഴ്സ്യല്‍ സിനിമയില്‍ ശ്രദ്ധചെലുത്തിയിരുന്ന മോഹന്‍ലാലിന് കരിയറിലെ വഴിത്തിരിവായി മാറുകയാണ് ‘ഭ്രമരം’. പത്മരാജന്‍ സിനിമകളെ ഓര്‍മ്മിപ്പിക്കുന്ന, ഭ്രമിപ്പിക്കുന്ന സിനിമയാണ് ഭ്രമരം. ബ്ലെസി എന്ന സംവിധായകനും ഈ സിനിമ പുതിയ ഊര്‍ജ്ജം സമ്മാനിച്ചിരിക്കുകയാണ്. പ്രേക്ഷകരുടെ മനസ് നിറയ്ക്കുന്ന ഈ ചിത്രം വന്‍ വിജയത്തിലേക്ക് കുതിക്കുന്നു.
നീറുന്ന ഒരു ഓര്‍മ്മപ്പെടുത്തലാണ് ഈ ചിത്രം. മോഹന്‍ലാലിന്‍റെ ഉജ്ജ്വലമായ അഭിനയവും മികച്ച തിരക്കഥയുമാണ് ഭ്രമരത്തിന്‍റെ മുഖ്യ ആകര്‍ഷണം. അജയന്‍ വിന്‍സന്‍റിന്‍റെ ഛായാഗ്രഹണം മോഹിപ്പിക്കുന്നതാണ്. ഹിറ്റ് ചാര്‍ട്ടില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചെത്തിയിരിക്കുകയാണ് ഈ ചിത്രം.
PRO
PRO
ജയസൂര്യ എന്ന യുവതാരത്തിന്‍റെ കരിയറിലെ ഏറ്റവും മികച്ച വിജയമായ ‘ഇവര്‍ വിവാഹിതരായാല്‍’ ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. എല്ലാ ദിവസവും മിക്ക ഷോയും ഹൌസ് ഫുള്ളാകുന്ന ഈ ചിത്രം സമീപകാലത്ത് ടു ഹരിഹര്‍ നഗറിന് ശേഷം പ്രേക്ഷകരെ ഏറ്റവും രസിപ്പിച്ച സിനിമയാണ്. സജി സുരേന്ദ്രന്‍ സംവിധാനം ഈ സിനിമയിലെ ഗാനങ്ങളും ഗംഭീരമാണ്.
പ്രേക്ഷകരുടെ പള്‍സറിഞ്ഞാണ് സജി സുരേന്ദ്രന്‍ ആദ്യ ചിത്രമൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ പുതുമയുള്ള മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.
സത്യന്‍ അന്തിക്കാടിന്‍റെ ജയറാം ചിത്രം ഭാഗ്യദേവതയാണ് മൂന്നാം സ്ഥാനത്ത്. ഭാഗ്യദേവതയ്ക്ക് ഇപ്പോഴും കുടുംബ പ്രേക്ഷകരുടെ തിരക്കുണ്ട്. പ്രമുഖ കേന്ദ്രങ്ങളില്‍ ചിത്രം നൂറുദിനം പിന്നിടുമെന്ന് ഉറപ്പാക്കിയിട്ടുണ്ട്.
നവാഗതനായ രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത പാസഞ്ചറാണ് ഹിറ്റ് ചാര്‍ട്ടില്‍ നാലാമത്. ഗ്ലാമറോ, വയലന്‍സോ, കോമഡിയ്ക്ക് വേണ്ടിയുള്ള കോമഡിയോ ഒന്നുമില്ലാതെ തന്നെ ഈ ചിത്രം പ്രമുഖ കേന്ദ്രങ്ങളില്‍ 50 ദിവസം പൂര്‍ത്തിയാക്കിയത് മലയാള സിനിമാ സംവിധായകരുടെ കണ്ണു തുറപ്പിക്കുമെന്നാണ് കരുതുന്നത്. വ്യത്യസ്തമായ ഒരു ത്രില്ലര്‍ വളരെ ലളിതമായി അവതരിപ്പിച്ചുവെന്നതാണ് പാസഞ്ചറിന്‍റെ വിജയം.
ലാല്‍ ആദ്യമായി സംവിധായകന്‍റെ കുപ്പായമണിഞ്ഞ ടു ഹരിഹര്‍ നഗര്‍ ഹിറ്റ് ചാര്‍ട്ടില്‍ അഞ്ചാമതാണ്. ശനി, ഞായര്‍ ദിവസങ്ങളില്‍ ഇപ്പോഴും ഹൌസ് ഫുള്ളായാണ് ഈ സിനിമ പ്രദര്‍ശിപ്പിക്കുന്നത്. ഈ വാരമെത്തുന്ന ‘ഈ പട്ടണത്തില്‍ ഭൂതം’ വന്‍ ഇനിഷ്യല്‍ കളക്ഷന്‍ നേടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. മമ്മൂട്ടി ഇരട്ടക്കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ സിനിമ കുട്ടികളെ ലക്‍ഷ്യം വച്ചുള്ള ഒരു ഫാന്‍റസി ചിത്രമാണ്. ജോണി ആന്‍റണിയാണ് സംവിധാനം.