ജയസൂര്യ എന്ന യുവതാരത്തിന്‍റെ കരിയറിലെ ഏറ്റവും മികച്ച വിജയമാവുകയാണ് സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത ‘ഇവര്‍ വിവാഹിതരായാല്‍‘ എന്ന ചിത്രം. രണ്ടാം വാരത്തിലേക്ക് കടന്ന ഈ ചിത്രം ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തി. 33 കേന്ദ്രങ്ങളില്‍ റിലീസ് ചെയ്ത വിവാഹിതരായാല്‍ ആദ്യവാരം 90 ലക്ഷം രൂപയാണ് ഗ്രോസ് കളക്ഷന്‍ നേടിയത്.
സൂപ്പര്‍ താരങ്ങളുടെ സാന്നിധ്യമില്ലാത്ത ഒരു ചിത്രത്തിന് ലഭിക്കാവുന്ന എറ്റവും മികച്ച കളക്ഷനാണിത്. കുടുംബപ്രേക്ഷകര്‍ക്ക് പ്രിയങ്കരമായ ഒട്ടേറെ പരമ്പരകള്‍ സംവിധാനം ചെയ്തിട്ടുള്ള സംവിധായകന്‍ സജി സുരേന്ദ്രന്‍ പ്രേക്ഷകരുടെ പള്‍സറിഞ്ഞാണ് ആദ്യ ചിത്രമൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ പുതുമയുള്ള മാര്‍ക്കറ്റിംഗ് തന്ത്രങ്ങളും മികച്ച പാട്ടുകളും വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.
സത്യന്‍ അന്തിക്കാടിന്‍റെ ജയറാം ചിത്രം ഭാഗ്യദേവതയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇവര്‍ വിവാഹിതാരായാല്‍ ഒന്നാം സ്ഥാനം പിടിച്ചെടുത്തത്. എങ്കിലും ഭാഗ്യദേവതയ്ക്ക് ഇപ്പോഴും കുടുംബ പ്രേക്ഷകരുടെ തിരക്കുണ്ട്. പ്രമുഖ കേന്ദ്രങ്ങളില്‍ ചിത്രം നൂറുദിനം പിന്നിടുമെന്ന് ഉറപ്പാക്കിയിട്ടുണ്ട്.
നവാഗതനായ രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത പാസഞ്ചറാണ് ഹിറ്റ് ചാര്‍ട്ടില്‍ മൂന്നാമത്. ഗ്ലാമറോ, വയലന്‍സോ, കോമഡിയ്ക്ക് വേണ്ടിയുള്ള കോമഡിയോ ഒന്നുമില്ലാതെ തന്നെ ഈ ചിത്രം പ്രമുഖ കേന്ദ്രങ്ങളില്‍ 50 ദിവസം പൂര്‍ത്തിയാക്കിയത് മലയാള സിനിമാ സംവിധായകരുടെ കണ്ണു തുറപ്പിക്കുമെന്നാണ് കരുതുന്നത്. വ്യത്യസ്തമായ ഒരു ത്രില്ലര്‍ വളരെ ലളിതമായി അവതരിപ്പിച്ചുവെന്നതാണ് പാസഞ്ചറിന്‍റെ വിജയം.
ലാല്‍ ആദ്യമായി സംവിധായകന്‍റെ കുപ്പായമണിഞ്ഞ ടു ഹരിഹര്‍ നഗര്‍ തന്നെയാണ് ഹിറ്റ് ചാര്‍ട്ടില്‍ നാലാമത്. പ്രമുഖ കേന്ദ്രങ്ങളില്‍ നൂറ് ദിവസം പൂര്‍ത്തിയാക്കിയ ചിത്രം ശനി, ഞായര്‍ ദിവസങ്ങളില്‍ ഇപ്പോഴും ഹൌസ് ഫുള്ളായാണ് പ്രദര്‍ശിപ്പിക്കുന്നത്.
സുരേഷ്ഗോപിയും മുകേഷും മുഖ്യവേഷങ്ങളിലെത്തിയ കാഞ്ചീപുരത്തെ കല്യാണം ഹിറ്റ് ചാര്‍ട്ടില്‍ അഞ്ചാമതാണ്. ആവര്‍ത്തന വിരസത അനുഭവപ്പെടുന്നുവെങ്കിലും ഭേദപ്പെട്ട ഒരു തിരക്കഥയുടെ ബലത്തില്‍ ന്യൂനതകളെ മറികടക്കുകയാണ് ഈ സിനിമ. നവാഗതരായ ഫാസിലും ജയകൃഷ്ണയും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
വിവാഹിതരായാല്‍ എന്ന ചിത്രത്തിന്‍റെ വിജയത്തിളക്കത്തില്‍ നില്‍ക്കുന്ന ജയസൂര്യയുടെ മറ്റൊരു ചിത്രം കൂടി കഴിഞ്ഞ ആഴ്ച പ്രദര്‍ശനത്തിനെത്തി. വിശ്വനാഥന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഡോക്ടര്‍ പേഷ്യന്‍റ് ആണ് ജയസൂര്യയുടെ മറ്റൊരു വ്യത്യസ്ത മുഖവുമായി പ്രദര്‍ശനത്തിനെത്തിയത്. സൈക്യാട്രിസ്റ്റ് റൂബന്‍ തോമസ് എന്ന കഥാപാത്രത്തെയാണ് ജയസൂര്യ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
കലാഭവന്‍ മണിയുടെ രണ്ട് ചിത്രങ്ങള്‍ ഒരേവാരം പ്രദര്‍ശനത്തിനെത്തിയതാണ് ബോക്സോഫീസിലെ മറ്റൊരു വിശേഷം. സലീം ബാബ സംവിധാനം ചെയ്ത പ്രമുഖനും, സി എസ് സുധേഷ് സംവിധാനം ചെയ്ത മലയാളിയുമാണ് മണിയുടേതായി പ്രദര്‍ശനത്തിനെത്തിയത്. മികച്ച പ്രേക്ഷകാഭിപ്രായം നേടിയെടുത്തുകൊണ്ട് ബ്ലെസ്സി - മോഹന്‍ലാല്‍ ടീമിന്റെ ഭ്രമരവും എത്തിയിട്ടുണ്ട്.