അമ്പത് ദിവസം പിന്നിടുമ്പോഴും സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവത ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാമതാണ്. ലളിതമായ കഥയെ മനോഹരമായി ആവിഷ്കരിച്ചതു തന്നെയാണ് ഈ ജയറാം ചിത്രത്തിന്‍റെ പ്രത്യേകത. ഓരോ സീനിലും സത്യന്‍ ടച്ച് നിറഞ്ഞു നില്‍ക്കുന്ന ഭാഗ്യദേവത കനിഹയ്ക്കും ബ്രേക്കായി. മനോഹരമായ ഗാനങ്ങളും ദൃശ്യസൌന്ദര്യവുമായി ഭാഗ്യദേവത നിര്‍മ്മാതാവിനും ഭാഗ്യം കൊണ്ടു വന്നിരിക്കുകയാണ്. എല്ലാ ദിവസവും ഫസ്റ്റ് ഷോ ഹൌസ് ഫുള്ളാണ്. ചിത്രം നൂറുദിനം പിന്നിടുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
നവാഗതനായ രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത പാസഞ്ചറാണ് ഹിറ്റ് ചാര്‍ട്ടില്‍ രണ്ടാമത്. മലയാള സിനിമയ്ക്ക് മള്‍ട്ടിപ്ലക്സ് സംസ്കാരം സംഭാവന ചെയ്യുന്ന ചിത്രമാണിത്. വ്യത്യസ്തമായ ഒരു ത്രില്ലര്‍ എന്ന് ഏവരും അംഗീകരിച്ച ഈ ചിത്രം എതിരഭിപ്രായമില്ലാതെ മുന്നേറുകയാണ്. ശ്രീനിവാസനും ജഗതിയും ദിലീപും മംമ്തയുമെല്ലാം കഥാപാത്രങ്ങളോട് നീതിപുലര്‍ത്തുന്ന പ്രകടനമാണ് കാഴ്ചവച്ചത്. ഒരിടവേളയ്ക്ക് ശേഷം ദിലീപ് നായകനാകുന്ന ഒരു ചിത്രം ഹിറ്റാകുന്നു എന്ന പ്രത്യേകതയുമുണ്ട്.
PRO
PRO
കഴിഞ്ഞ ഒരു വാരം മുമ്പു വരെ ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്തായിരുന്ന ടു ഹരിഹര്‍ നഗര്‍ ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ്. എല്ലാ ഫസ്റ്റ് ഷോകളും, ശനി, ഞായര്‍ ദിവസങ്ങളും തിയേറ്ററുകള്‍ക്കു മുന്നില്‍ ഇപ്പോഴും ഹൌസ്ഫുള്‍ ബോര്‍ഡ് തൂങ്ങുന്ന ഹരിഹര്‍ നഗറിന്‍റെ വിജയത്തിന്‍റെ മുഴുവന്‍ ക്രെഡിറ്റും സംവിധായകന്‍ ലാലിനാണ്. ആവര്‍ത്തിച്ചു കാണുന്ന പ്രേക്ഷകരാണ് ഈ സിനിമയുടെ കരുത്ത്. ജഗദീഷിന്‍റെ തകര്‍പ്പന്‍ പ്രകടനമാണ് ഹൈലൈറ്റ്.
സുരേഷ്ഗോപിയും മുകേഷും മുഖ്യവേഷങ്ങളിലെത്തിയ കാഞ്ചീപുരത്തെ കല്യാണം ഹിറ്റ് ചാര്‍ട്ടില്‍ നാലാമതാണ്. മുമ്പ് പല ചിത്രങ്ങളില്‍ കണ്ടിട്ടുള്ള തമാശകളാണെങ്കിലും ഭേദപ്പെട്ട ഒരു തിരക്കഥയുടെ ബലത്തില്‍ ന്യൂനതകളെ മറികടക്കുകയാണ് ഈ സിനിമ. നവാഗതരായ ഫാസിലും ജയകൃഷ്ണയും ചേര്‍ന്ന് സംവിധാനം ചെയ്ത ഈ ചിത്രം തെങ്കാശിപ്പട്ടണം, കല്യാണരാമന്‍ തുടങ്ങിയ ചിത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്നു.
മഹേഷ് സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം കലണ്ടറാണ് ഹിറ്റ് ചാര്‍ട്ടില്‍ അഞ്ചാമത്. ജയസൂര്യ നായകനായ കറന്‍സിയെ പിന്തള്ളിയാണ് കലണ്ടര്‍ അഞ്ചാം സ്ഥാനത്തെത്തിയത്. മനോഹരമായ ഗാനങ്ങളാണ് ഈ സിനിമയുടെ പ്രത്യേകത. സറീനാ വഹാബും പ്രതാപ് പോത്തനും മികച്ച അഭിനയം കാഴ്ചവയ്ക്കുന്നു. ചാമരത്തിനു ശേഷം ഇരുവരെയും ഒന്നിച്ചുകാണാന്‍ കഴിഞ്ഞെങ്കിലും കഥയിലെ കൃത്രിമത്വം വിനയാകുമെന്നാണ് സൂചന. കലണ്ടറിന് ഹിറ്റ് ചാര്‍ട്ടില്‍ അധികം തുടരാന്‍ കഴിയുമോ എന്നത് സംശയമാണ്.
ജയസൂര്യ നായകനായ ഇവര്‍ വിവാഹിതരായാല്‍ എന്ന ചിത്രമാണ് പുതിയ റിലീസ്. റിലീസായി ആദ്യ നാളുകളില്‍ തന്നെ ഈ ചിത്രം മികച്ച സിനിമയെന്ന പേരു നേടിയെടുക്കുന്നു. അടുത്തവാരം ഈ സിനിമ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.