പ്രേക്ഷകരുടേയും സിനിമാക്കാരുടേയും എല്ലാ പരാതികളും തീര്‍ക്കുന്ന വിജയമാണ് അമ്മയുടെ ‘ട്വന്‍റി20’ തിയേറ്ററുകളില്‍ നേടുന്നത്. നിസ്സഹരണം പ്രഖ്യാപിച്ചവര്‍ക്ക് പോലും സിനിമ കണ്ട് കയ്യടിക്കേണ്ടി വന്നു. മലയാളിയുടെ പണം കൊയ്യാനെത്തുന്ന അന്യഭാഷാ ചിത്രങ്ങള്‍ക്കും ജെയിംസ് ബോണ്ടിനും മീതെ ‘ട്വന്‍റി20’ വിജയം വരിക്കുന്ന ആഴ്‌ചയിലെ സിനിമാ ബോക്‌സ് ഓഫീസ് വിവരങ്ങള്‍
ട്വന്‍റി20
117 തിയേറ്ററുകളില്‍ നിന്നായി ആദ്യ ദിവസം തന്നെ രണ്ടു കോടി ആറുപതുലക്ഷത്തോളമാണ് സിനിമ കളക്ട് ചെയ്‌ത് റെക്കോര്‍ഡിട്ടത്. ടിക്കറ്റ് നിരക്ക് കൂട്ടിയതാണ് ഈ നേട്ടത്തിന് കാരണമെങ്കിലും തുടര്‍ന്നുള്ള ദിവസങ്ങളിലും ചിത്രം ഹൗസ്‌ഫുള്ളായി ഓടുകയാണ്.
എല്ലാ തരം പ്രേക്ഷകരില്‍ നിന്നും നല്ല അഭിപ്രായം നേടുന്ന ട്വന്‍റി20 എല്ലാ മലയാള സിനിമാ വിജയങ്ങളേയും അട്ടിമറിക്കുമെന്നാണ് പ്രതീക്ഷ. കേരളത്തിനുള്ളില്‍ നിന്നുമാത്രം ഇരുപത് കോടി വരെ നേടുമെന്നാണ് പ്രതീക്ഷ.
കുരുക്ഷേത്ര
ട്വന്റി20യുടെ മുന്നേറ്റം ഏറ്റവും കൂടുതല്‍ ബാധിച്ചത് മോഹന്‍ലാലിന്‍റെ കുരുക്ഷേത്രയുടെ വിജയത്തെയാണ്. വന്‍ ഹിറ്റായി മാറേണ്ട ബിഗ് ബജറ്റ് ചിത്രം സാധാരണ വിജയം മാത്രമാണ് അഞ്ചാം വാരത്തില്‍ കടക്കുമ്പോള്‍ സ്വന്തമാക്കുന്നത്.
ക്വോണ്ടം ഓഫ് സോളാസ്
കേരളത്തില്‍ മുപ്പത്തിയഞ്ച് കേന്ദ്രങ്ങളില്‍ ഒറ്റയടിക്ക് റിലീസ് ചെയ്യുന്ന ആദ്യ ഹോളിവുഡ് ചിത്രം മെട്രോകളില്‍ പ്രേക്ഷക ശ്രദ്ധ നേടുന്നു. ആദ്യദിനത്തില്‍ ബോണ്ട് ചിത്രത്തിന് നല്ല കളക്ഷന്‍ നേടാനായി. എന്നാല്‍ ചെറുകിട കേന്ദ്രങ്ങളില്‍ സിനിമ വലിയ ചലനം ഉണ്ടാക്കുന്നില്ല
മായാബസാര്‍
ആറാം വാരത്തില്‍ കടക്കുന്ന മമ്മൂട്ടിചിത്രം രക്ഷപ്പെട്ടത് വൈഡ് റിലീസ് കൊണ്ട് മാത്രമാണ്. ആദ്യ ദിനങ്ങളിലെ എ ക്ലാസ് തിയേറ്ററുകളുടെ ബഹിഷ്‌കരണം സിനിമയെ ബാധിച്ചു. എ ക്ലാസ് ചിത്രങ്ങള്‍ വീണ്ടും ചിത്രം ഏറ്റെടുത്തതോടെ നഷ്ടം കുറഞ്ഞു. പരുന്തിന് ശേഷം ടി എ റാസക്-മമ്മൂട്ടി ടീമിന് തുടര്‍ച്ചയായ രണ്ടാം പരാജയം.
വെറുതേ ഒരു ഭാര്യ
വിജയകരമായി നൂറു ദിവസങ്ങള്‍ പിന്നിട്ട ജയറാമിന്‍റെ തിരിച്ചു വരവ് ചിത്രം ഇപ്പോഴും കുടുംബസദസ്സുകളെ ആകര്‍ഷിക്കുന്നു. ഇടത്തരം സെന്ററുകളിലേക്ക് മാറിയ ചിത്രം വിജയം ആവര്‍ത്തിക്കുകയാണ്. വെറുതേ ഒരു ഭാര്യയാണ് ഈ വര്‍ഷത്തെ പണംവാരിചിത്രങ്ങളില്‍ രണ്ടാം സ്ഥാനത്ത്. മമ്മുട്ടിയുടെ അണ്ണന്‍തമ്പിയാണ് ഒന്നാം സ്ഥാനത്ത്.
ബോളിവുഡ് ചിത്രങ്ങളായ ഫാഷന്‍, ഗോല്‍മാല്‍ റിട്ടേണ്‍സ് എന്നിവ മെട്രോ നഗരങ്ങളില്‍ സ്ഥിരം പ്രേക്ഷകരെ ആകര്‍ഷിക്കുന്നുണ്ട്. തിരക്കഥ അമ്പതാം ദിവസം പൂര്‍ത്തിയാക്കി.