ഗ്രാന്‍റ്‌മാസ്റ്റര്‍ കഴിഞ്ഞപ്പോള്‍ ഒരു ഗ്രാന്‍റ് ഫ്ലോപ്പ്!

ഷെഫ്രീന്‍ ഹസന്‍‌കുട്ടി

WEBDUNIA|
PRO
ഗ്രാന്‍റ്മാസ്റ്റര്‍ ഒരു ഗംഭീര സിനിമയായിരുന്നു. മോഹന്‍ലാലിന്‍റെ തകര്‍പ്പന്‍ പ്രകടനത്തോടൊപ്പം ബി ഉണ്ണികൃഷ്ണന്‍റെ സംവിധാന മികവും പ്രശംസ നേടി. പ്രമാണി പോലുള്ള പക്വത കുറഞ്ഞ സൃഷ്ടികളില്‍ നിന്ന് അച്ചടക്കമുള്ള ഫ്രെയിമുകള്‍ നിരത്തിയ ഗ്രാന്‍റ്‌മാസ്റ്ററിലേക്കുള്ള ഉണ്ണികൃഷ്ണന്‍റെ വളര്‍ച്ച പ്രകീര്‍ത്തിക്കപ്പെട്ടു.

എന്നാല്‍ ആ അഭിനന്ദനങ്ങളൊക്കെ തിരിച്ചെടുക്കേണ്ട രീതിയില്‍ ഒരു സിനിമ സൃഷ്ടിച്ച് ക്രിസ്മസ് കാലത്ത് പ്രേക്ഷകരെ വെറുപ്പിച്ചിരിക്കുകയാണ് ബി ഉണ്ണികൃഷ്ണന്‍. അദ്ദേഹത്തിന്‍റെ പുതിയ ചിത്രം ‘ഐ ലവ് മി’ ശരാശരിയിലും താഴ്ന്ന നിലവാരം പുലര്‍ത്തുന്ന ഒരു സിനിമയാണ്. ‘ഉണ്ണികൃഷ്ണനില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ല’ എന്ന കമന്‍റാണ് പരക്കെ ഉയരുന്നത്.

അനൂപ് മേനോന്‍, ആസിഫ് അലി, ഉണ്ണി മുകുന്ദന്‍, ഇഷ തല്‍‌വാര്‍ എന്നിങ്ങനെ വന്‍ താരനിരയാണ് ഐ ലവ് മിയിലുള്ളത്. എന്നാല്‍ അവരെ വേണ്ടവിധം ഉപയോഗിക്കാന്‍ ഉണ്ണികൃഷ്ണന് കഴിഞ്ഞില്ല. സേതുവാണ് ‘ഐ ലവ് മി’യുടെ തിരക്കഥ രചിച്ചിരിക്കുന്നത്. ആദ്യമായാണ് ബി ഉണ്ണികൃഷ്ണന്‍ മറ്റൊരാളുടെ തിരക്കഥയില്‍ സിനിമ സംവിധാനം ചെയ്യുന്നത്. ‘മല്ലുസിംഗ്’ എന്ന സിനിമയില്‍ സംഭവിച്ച പാകപ്പിഴകളൊക്കെ അതിലും ഗ്രേഡ് കൂടിയ രീതിയില്‍ ഇവിടെയും ആവര്‍ത്തിച്ചിരിക്കുന്നു സേതു.

ട്വിസ്റ്റുകളുടെ മേളമാണ് ഈ സിനിമയില്‍. അതുകൊണ്ടുതന്നെ പ്രേക്ഷകര്‍ക്ക് കണ്‍ഫ്യൂഷനിലാകാനേ സമയമുള്ളൂ. കഥ വൃത്തിയായി പറയാനോ ക്ലാരിറ്റി നല്‍കാനോ സ്രഷ്ടാക്കള്‍ക്ക് കഴിയാതെ വരുമ്പോള്‍ പ്രേക്ഷകര്‍ ബുദ്ധിമുട്ടുന്നു.

സ്ലോമോഷന്‍ സീനുകളും ഒരിക്കലും തീരാത്ത ഡയലോഗുകളും ‘ഐ ലവ് മി’യെ അസഹനീയമാക്കുന്നു. ഇതൊരു ത്രില്ലര്‍ മൂഡിലാണ് ഒരുക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ത്രില്ലടിക്കണമെങ്കില്‍ പ്രേക്ഷകര്‍ ഇനി വേറെ സിനിമ കാണണം. സേതുവിന്‍റെ തിരക്കഥ ഒട്ടും ഇന്‍ററസ്റ്റിംഗല്ല എന്ന് ആദ്യമേ പറഞ്ഞല്ലോ. സതീഷ് കുറുപ്പ് പകര്‍ത്തിയ ദൃശ്യങ്ങള്‍ ഇടയ്ക്കിടെ ഔട്ട് ഓഫ് ഫോക്കസ് ആയിരുന്നു. ദീപക്ദേവിന്‍റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും തലവേദനയുണ്ടാക്കും വിധം മനോഹരം!

താരങ്ങളില്‍ ശോഭിക്കാനായത് അനൂപ് മേനോന് മാത്രം. ഉണ്ണി മുകുന്ദനും ആസിഫിനും ഒരു ഇം‌പാക്ടും ഉണ്ടാക്കാനായില്ല. ഇഷ തല്‍‌വാര്‍ മോശം പ്രകടനത്തിലൂടെ തട്ടത്തിന്‍ മറയത്തിന്‍റെ പേര് കളഞ്ഞു. ഏറ്റവും സഹിക്കാന്‍ കഴിയാത്തത് ബിജു പപ്പന്‍റെ കോമഡിയാണ്. ഇങ്ങനെ വില്ലന്‍‌മാരെല്ലാം കൂടി കോമഡി കാണിക്കാന്‍ തുടങ്ങിയാല്‍ അത് വല്ലാത്ത ഒരവസ്ഥ തന്നെ!

എന്തായാലും ഗ്രാന്‍റ്മാസ്റ്ററിന് ശേഷം ഇങ്ങനെയൊരു ചിത്രം ബി ഉണ്ണികൃഷ്ണനില്‍ നിന്ന് പ്രതീക്ഷിച്ചില്ല എന്ന് ഒരിക്കല്‍ കൂടി പറയട്ടെ. ഉണ്ണികൃഷ്ണന്‍റെ അടുത്ത പടം മോഹന്‍ലാല്‍ നായകനാകുന്ന ‘മിസ്റ്റര്‍ ഫ്രോഡ്’ ആണെന്നാണ് വിവരം. അതെങ്കിലും ഭംഗിയാകട്ടെ എന്ന് ആശംസിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :