കുംകി - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

PRO
കുംകി എന്ന വാക്കിന്‍റെ അര്‍ഥം പലര്‍ക്കും അറിയില്ല, ചെന്നൈയിലെ ദേവി തിയേറ്ററില്‍ ഇരുന്നപ്പോള്‍ ഒരു ഒരു സ്ത്രീ അടുത്തിരിക്കുന്ന തന്‍റെ മകനോട് കുംകിയുടെ അര്‍ഥം തമിഴില്‍ ചോദിക്കുന്നത് ഞാന്‍ കേട്ടു. മകന്‍ അമ്മയ്ക്ക് വിശദീകരണം നല്‍കുന്നതിന് മുന്‍പ് സ്ക്രീനില്‍ കുംകിയെ കുറിച്ചുള്ള വിശദീകരണം വന്നു. കാട്ടില്‍ നിന്ന് പിടികൂടുന്ന ആനകള്‍ക്ക് പരിശീലനം നല്‍കുന്ന നാട്ടാനയെയാണ് കുംകി എന്ന് പറയുക. മലയാളത്തില്‍ നമ്മള്‍ താപ്പാന എന്ന് പറയും. ആനകളെ കണ്ട് വളര്‍ന്ന മലയാളികള്‍ക്ക് താപ്പാന എന്ന പേര് അപരിചിതമല്ല. എന്നാല്‍ അതിന്‍റെ തമിഴ് പദമായ കും‌കി തമിഴില്‍ അത്ര പരിചിതമല്ല. കാരണം തമിഴ്നാടിന്‍റെ ആഘോഷങ്ങളില്‍ കേരളത്തിന്‍റെ അത്ര പ്രാധാന്യം ആനകള്‍ക്കില്ല. അതുകൊണ്ട് തന്നെ കുംകി എന്ന സിനിമ ആദ്യം മുതല്‍ അവസാനം വരെ ഒരു മലയാള സിനിമ പോലെയാണ് അനുഭവപ്പെട്ടത്, തമിഴ് മൊഴി ഒഴിച്ചാല്‍.

കേരളം, കര്‍ണാടകം, തമിഴ്നാട് ഈ മൂന്ന് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ആദികാട് എന്ന വനഗ്രാമത്തിലാണ് കഥ നടക്കുന്നത്. ചിത്രത്തിന്‍റെ തുടക്കത്തില്‍ സംവിധായകന്‍ കൂട്ടിക്കൊണ്ട് പോകുന്നത് പരമ്പരാഗതമായി വ്യത്യസ്ത സംസ്കാരം സൂക്ഷിക്കുന്ന ഈ ഗ്രാമത്തിലേക്കാണ്. അവരുടെ ഊരിന് പുറത്ത് എന്തെങ്കിലും മാറ്റങ്ങള്‍ വന്നാലും അതില്‍ നിന്നൊക്കെ മാറി നില്‍ക്കുന്നവര്‍. ഊരിന് ഒരു മൂപ്പനുണ്ട്, മൂപ്പന്‍റെ മകളാണ് അല്ലി. ചെറുപ്പത്തിലെ അമ്മ മരിച്ചു പോയ അല്ലി ഊരിലുള്ളവരുടെ എല്ലാമെല്ലാമാണ്.

പിന്നീട് നമ്മള്‍ മാണിക്യം എന്ന ആനയെ പരിചയപ്പെടുന്നു. മാണിക്യന് ഒരു സുഹൃത്തുണ്ട്, അവന്‍റെ പാപ്പാന്‍ ബൊമ്മന്‍(വിക്രം പ്രഭു)‍. കുട്ടിക്കാലം മുതല്‍ മാണിക്യം ബൊമ്മനൊപ്പമായിരുന്നു. അത് കൊണ്ടുതന്നെ ഇരുവര്‍ക്കും പിരിഞ്ഞിരിക്കാന്‍ ആവില്ല. ബൊമ്മന്‍ എങ്ങനെ ആദികാടില്‍ എത്തിച്ചേരുന്നു എന്നാണ് സംവിധായകന്‍ പിന്നീട് പറഞ്ഞ് തുടങ്ങുന്നത്. അവിടെ, സിനിമയില്‍ വ്യത്യസ്തനായ ഒരു വില്ലന്‍ അവതരിക്കുന്നു. അവന്‍റെ പേര് കേള്‍ക്കുമ്പോള്‍ തന്നെ ആദികാട്ടെ ജനങ്ങള്‍ നടുങ്ങിവിറയ്ക്കും. അത്രയ്ക്ക് ഭീകരനാണ്. കറുത്ത പിശാച് എന്നാണ് അവനെ നാട്ടുകാര്‍ വിളിക്കുന്നത്. അവന്‍ നാലഞ്ച് പേരുടെ ജീവനെടുത്തിട്ടുണ്ട്. എന്നാല്‍ ഈ വില്ലന്‍ ഒരു മനുഷ്യനല്ല. ഗ്രാമത്തിലെ നെല്ല് മൂക്കുമ്പോള്‍ നാട്ടിലെത്താറുള്ള ഒരു കാട്ടുകൊമ്പന്‍! ‘കൊലകൊല്ലി’ എന്നൊക്കെ പറയാറില്ലേ? അതുതന്നെ സാധനം. ആ കാട്ടുകൊമ്പനില്‍ നിന്ന് തങ്ങളെ രക്ഷിക്കാന്‍ ഒരു രക്ഷകനെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ഗ്രാമീണര്‍.

ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ കും‌കിയാനകള്‍ നാടിന്‍റെ രക്ഷയ്ക്കെത്താറുണ്ട്. പകയോടെ നാട്ടിലെത്തി മനുഷ്യനെ അപായപ്പെടുത്തുന്ന കാട്ടുകൊമ്പന്‍മാരെ ഭയപ്പെടുത്തി തുരത്തി ഓടിക്കുകയാണ് കുംകിയാനകളുടെ ജോലി. പ്രത്യേകം പരീശീലനം നല്‍കിയാണ് സാധരണ ആനകളെ പാപ്പാന്‍‌മാര്‍ കും‌കിയാനകള്‍ ആക്കുന്നത്. ആദികാടിന്‍റെ രക്ഷയ്ക്കായി ഒരു കുംകിയാനെയെ കൊണ്ടുവരാന്‍ ഗ്രാമീണര്‍ നാട്ടുക്കൂട്ടം കൂടി തീരുമാനിക്കുന്നു.

WEBDUNIA|
അടുത്ത പേജില്‍ - പ്രണയത്തിന്‍റെ വന്യത!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :