പ്രധാന താള്വിനോദം » സിനിമ » നിരൂപണം » വെള്ളരിപ്രാവെത്തി, നിരാശാജനകം! (Vellaripravinte Changathi - Malayalam Movie Review)
വെള്ളരിപ്രാവെത്തി, നിരാശാജനകം!
ഷോണ അയ്യര്‍
തിങ്കള്‍, 26 ഡിസംബര്‍ 2011( 14:14 IST )
PRO
മരുഭൂമിക്കഥയും വെനീസിലെ വ്യാപാരിയും പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ല എന്ന പരാതികള്‍ക്കിടയില്‍ ആശയ്ക്ക് വകയുണ്ടായിരുന്നത് ദിലീപ് ചിത്രമായ ‘വെള്ളരിപ്രാവിന്‍റെ ചങ്ങാതി’യായിരുന്നു. എന്നാല്‍ നല്ലൊരു ശ്രമം ആണെങ്കിലും സിനിമ പ്രേക്ഷകരെ ആകര്‍ഷിക്കുന്നില്ല.
സിനിമയ്ക്കുള്ളിലെ സിനിമയാണ് ചിത്രത്തിന്‍റെ കഥ. ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറിന്‍റെ ലക്ഷണമൊക്കെ ആദ്യം കാണിക്കുന്നുണ്ടെങ്കിലും പിന്നീട് ആ ത്രില്‍ സൂക്ഷിക്കാന്‍ കഥപറച്ചിലിന് കഴിഞ്ഞില്ല. ഒരു നല്ല സിനിമ സൃഷ്ടിക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമം സംവിധായകന്‍ അക്കു അക്ബറിന്‍റെയും തിരക്കഥാകൃത്ത് ജി എസ് അനിലിന്‍റെയും ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്.
ജെമിനി ഫിലിം ലാബില്‍ ജോലികിട്ടിയെത്തുന്ന മാണിക്കുഞ്ഞ്(ഇന്ദ്രജിത്ത്) ‘വെള്ളരിപ്രാവിന്‍റെ ചങ്ങാതി’ എന്ന 70കളില്‍ ഷൂട്ട് ചെയ്ത സിനിമയെക്കുറിച്ച് നടത്തുന്ന അന്വേഷണമാണ് സിനിമയുടെ കഥ. റിലീസാകാതെ പോയ ആ സിനിമ ഒരു പ്രണയകഥയായിരുന്നു. ഷാജഹാന്‍റെയും മേരിയുടെയും പ്രണയകഥ.
ഷാജഹാനെ അവതരിപ്പിച്ച രവി(ദിലീപ്)യും മേരിയെ അവതരിപ്പിച്ച സുലേഖ(കാവ്യാ മാധവന്‍)യും യഥാര്‍ത്ഥത്തില്‍ പ്രണയബദ്ധരായിരുന്നു. അവര്‍ക്ക് പിന്നീട് എന്തു സംഭവിച്ചു? ഇതൊക്കെയാണ് ചിത്രം പറയുന്നത്.
വ്യത്യസ്തമായ കഥ പറഞ്ഞെങ്കിലും അത് പ്രേക്ഷകരെ ആകര്‍ഷിക്കുന്ന തരത്തില്‍ ഒരുക്കാന്‍ അക്കു അക്ബറിന് കഴിഞ്ഞില്ല. ദിലീപും കാവ്യയും മനോജ് കെ ജയനും വിജയരാഘവനും ഇന്ദ്രജിത്തും സായികുമാറുമെല്ലാം തങ്ങള്‍ക്ക് ലഭിച്ച കഥാപാത്രങ്ങള്‍ ഭംഗിയാക്കി. മോഹന്‍ സിത്താരയുടെ ഗാനങ്ങളും മനോഹരമാണ്.
വിപിന്‍ മോഹനും സമീര്‍ ഹഖും ചേര്‍ന്നാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. പഴയ കാലഘട്ടവും മറ്റും ചിത്രീകരിച്ചിരിക്കുന്നതില്‍ ഇവര്‍ മിടുക്കുകാട്ടിയിട്ടുണ്ട്.
സംവിധായകന്‍ കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ ഒരു മികച്ച ചിത്രമാകേണ്ടിയിരുന്ന സിനിമയാണ് വെള്ളരിപ്രാവിന്‍റെ ചങ്ങാതി. പക്ഷേ ക്രിസ്മസ് അടിച്ചുപൊളിച്ച് ആഘോഷിക്കാന്‍ ഈ സിനിമയ്ക്കും കഴിയുമോ എന്ന് സംശയമാണ്.