രാജസേനന് ജയറാം ഡേറ്റ് കൊടുക്കാത്തത് എന്തെന്നാല്‍....

കെവിന്‍ അല്‍‌ഫോണ്‍സ്

WEBDUNIA|
PRO
ആത്മാര്‍ത്ഥ സുഹൃത്തായ രാജസേനന് നടന്‍ ജയറാം എന്തുകൊണ്ട് ഡേറ്റ് നല്‍കുന്നില്ല? ചോദ്യം സിനിമാലോകത്ത് ഏറെക്കാലമായി ഉയര്‍ന്നുകേള്‍ക്കുന്നതാണ്. എന്നാല്‍ ആ ചോദ്യത്തിന്‍റെ ഉത്തരം വളരെ വ്യക്തമായി മനസിലാകാന്‍, രാജസേനന്‍റെ പുതിയ സിനിമ ‘ഇന്നാണ് ആ കല്യാണം’ കണ്ടാല്‍ മതിയാകും! ഇത്രയും താഴ്ന്ന നിലവാരത്തില്‍ സിനിമയെടുക്കുന്ന ഒരു സംവിധായകന്, അയാള്‍ എത്ര നല്ല സുഹൃത്താണെങ്കിലും, ഡേറ്റ് നല്‍കുന്നത് മണ്ടത്തരമാണെന്നേ ആരും പറയൂ.

ഒരു സിനിമ എങ്ങനെ ആയിരിക്കരുത് എന്നതിന്‍റെ ഉദാഹരണമാണ് ‘ഇന്നാണ് ആ കല്യാണം’. കാമ്പസ് പ്രണയമാണ് ചിത്രം പറയാന്‍ ശ്രമിക്കുന്നത്. ഇക്കാലത്തെ കാമ്പസ് എങ്ങനെയാണെന്നുപോലും മനസിലാക്കാന്‍ ശ്രമിക്കാത്ത, തീര്‍ത്തും പരാജയപ്പെട്ട ഒരു ശ്രമമായി ഈ സിനിമ മാറി. അതുകൊണ്ടുതന്നെ ഈ സിനിമ കളിക്കുന്ന തിയേറ്ററുകളില്‍ നിന്ന് പ്രേക്ഷകര്‍ അകന്നുനില്‍ക്കുന്നു.

രജിത് മേനോന്‍ നായകനായ ചിത്രത്തില്‍ ശരണ്യ മോഹനും മാളവികയുമാണ് നായികമാര്‍. ത്രികോണ പ്രണയകഥ ആയിരത്തൊന്നുതവണ പറഞ്ഞുപഴകിയ രീതിയില്‍ ആവര്‍ത്തിക്കുകയാണ്. പാവപ്പെട്ടവനായ യുവാവും പണക്കാരിയായ യുവതിയും - ഇത്രയും കേട്ടാല്‍ തന്നെ പ്രേക്ഷകന്‍ ആ ഭാഗത്തേക്ക് തിരിഞ്ഞുനോക്കാത്ത അവസ്ഥയുണ്ട്. അങ്ങനെയുള്ള സാഹചര്യത്തിലാണ് തീര്‍ത്തും ദുര്‍ബലമായ കഥയും ത്രികോണ പഴങ്കഥയുമായി രാജസേനന്‍ എത്തുന്നത്.

ശരണ്യ മോഹന്‍ ഒഴികെ എല്ലാ താരങ്ങളും തങ്ങള്‍ക്ക് ലഭിച്ച കഥാപാത്രങ്ങളെ മോശമാക്കിയ സിനിമയാണ് ഇന്നാണ് ആ കല്യാണം. അത് താരങ്ങളുടെ കുറ്റമല്ല. ഒരു എന്‍ ആര്‍ ഐ റോളില്‍ അശോകനെ അവതരിപ്പിക്കുന്ന രംഗങ്ങളൊക്കെ കണ്ടാല്‍ ചിരിക്കണോ കരയണോ എന്ന അവസ്ഥയിലായി പോകും.

‘90 ശതമാനം പേരും മദ്യപിക്കുന്ന ഒരു സമൂഹത്തില്‍ മദ്യത്തിനെതിരെ സിനിമയെടുത്തതാണ് ഒരു സ്മോള്‍ ഫാമിലി എന്ന ചിത്രം പരാജയപ്പെടാനുണ്ടായ കാരണം’ എന്ന് രാജസേനന്‍ അടുത്തിടെ പറഞ്ഞിരുന്നു. എന്തായാലും രാജസേനന്‍ ഒടുവില്‍ സംവിധാനം ചെയ്ത പത്തിലധികം ചിത്രങ്ങളുടെ പരാജയകാരണങ്ങള്‍ അന്വേഷിച്ചിറങ്ങുന്നത് നല്ലൊരു ഗവേഷണത്തിനുള്ള അവസരമായിരിക്കും!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :